എല്‍.ജെ.ഡി നേതൃയോഗം നാളെ; ജെ.ഡി.എസ് ലയനത്തിനെതിരേ ഒരുവിഭാഗം
കോഴിക്കോട്: ജനതാദള്‍ എസില്‍ (ജെ.ഡി.എസ്) ലയിക്കുന്നത് സംബന്ധിച്ച് ലോക് താന്ത്രിക് ജനതാദളില്‍ (എല്‍.ജെ.ഡി) അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ ലയനകാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃയോഗം നാളെ കോഴിക്കോട്ട് ചേരും.
ഈ മാസം 24ന് ലയനകാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിളിച്ചുചേര്‍ത്തിരുന്ന സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായ ഭിന്നതയെതുടര്‍ന്ന് നാളത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ലാലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡിയില്‍ ലയിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ലയനത്തിന് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൗഡ പച്ചക്കൊടി കാട്ടിയെങ്കിലും എല്‍.ജെ.ഡി സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നത കാരണം തീരുമാനം നീളുകയാണ്. നാളത്തെ യോഗത്തില്‍ ലയനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് നേതാക്കള്‍ പറയുന്നത്.
പാര്‍ട്ടിയുടെ ഏക എം.എല്‍.എ കെ.പി മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് ആര്‍.ജെ.ഡിയില്‍ ലയിക്കണമെന്ന വാദം ഉയര്‍ത്തുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സലീം മടവൂര്‍, എം.കെ ഭാസ്‌കരന്‍ എന്നിവരും ഇതേനിലപാടുകാരാണ്. ലാലുവിന്റെ മകനും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായി ഈ വിഭാഗത്തില്‍പെട്ടവര്‍ ചര്‍ച്ച നടത്തിയിരുന്നു.
സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍, ചാരുപാറ രവി, മനയത്ത് ചന്ദ്രന്‍ എന്നിവരടക്കമുള്ളവരാണ് ജെ.ഡി.എസില്‍ ലയിക്കണമെന്ന് താല്‍പര്യപ്പെടുന്നവര്‍.
ദേശീയ അധ്യക്ഷന്‍ ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എല്‍.ജെ.ഡി ദേശീയാടിസ്ഥാനത്തില്‍ ആര്‍.ജെ.ഡിയില്‍ ലയിച്ചപ്പോള്‍ സംസ്ഥാന ഘടകം ഇതിനെ പിന്തുണച്ചിരുന്നില്ല. എന്നാല്‍ എല്‍.ജെ.ഡി എന്ന പേരില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മറ്റൊരു സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇരു ജനതാദളുകളും ഒന്നാകണമെന്ന് സി.പി.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലയനകാര്യത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ എല്‍.ജെ.ഡിക്ക് കഴിഞ്ഞില്ല. അതിനിടെ, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ആഭ്യന്തര പ്രശ്‌നം നേരിടുന്ന സംസ്ഥാനത്തെ ജെ.ഡി.എസില്‍ ചേരുന്നതിനോട് എല്‍.ജെ.ഡിയിലെ അണികള്‍ക്കും എതിര്‍പ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."