108കാരി ആസിയ ഉമ്മ വോട്ടിട്ടു, മൂന്ന് തലമുറകള്‍ക്കൊപ്പമെത്തി
സുനി അല്‍ഹാദി: ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് 108 വയസുകാരി ആസിയ ഉമ്മ. അതിരാവിലെതന്നെ ചുവപ്പ് കരയുള്ള മുണ്ടും തൂവെള്ള കുപ്പായവും കസവു തട്ടവുമൊക്കെ ഇട്ട് ഒരുങ്ങി കാത്തിരുന്നാണ് ആസിയ ഉമ്മ മൂന്ന് തലമുറകള്‍ക്കൊപ്പം വോട്ട് ചെയ്യാനെത്തിയത്.
സ്ഥാനാര്‍ഥികളും പരിവാരങ്ങളുമൊക്കെ ഇടതടവില്ലാതെ കാക്കനാട്ടെ വീട്ടിലെത്തി വോട്ടഭ്യര്‍ഥിച്ചപ്പോള്‍ മുതല്‍ ബൂത്തിലെത്തി വോട്ട് ചെയ്യാനുള്ള ആഗ്രഹത്തിലായിരുന്നു. മക്കളോടും ചെറുമക്കളോടുമൊക്കെ വോട്ടെടുപ്പ് എപ്പോഴാണെന്ന് ഇടയ്ക്കിടെ ചോദിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാനേ കഴിഞ്ഞുള്ളൂ ഉമ്മയ്ക്ക്.
അതുകൊണ്ടുതന്നെ ഇത്തവണ ബൂത്തിലെത്തി യന്ത്രത്തില്‍ വോട്ട് ചെയ്യണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇന്നലെ.
കാക്കനാട് പടമുകള്‍ കുന്നംപുറം വീട്ടില്‍ നിന്ന് മക്കളും ചെറുമക്കളും അടങ്ങുന്ന മൂന്ന് തലമുറയ്‌ക്കൊപ്പമാണ് ആസിയ ഉമ്മ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ 121ാം നമ്പര്‍ ബൂത്തിലെത്തിയത്. മക്കള്‍ സലിം കുന്നുംപുറം, എന്‍.എ യൂസഫ്, മരുമകള്‍ ഹഫ്‌സ സലിം, യൂസഫിന്റെ മകള്‍ നാസിയ, നാസിയയുടെ മകന്‍ അമീന്‍ മസാല്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.
അഞ്ച് തലമുറകള്‍ കണ്ട ആസിയ ഉമ്മ വോട്ടിട്ടത് ആര്‍ക്കാവും. മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പം കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ മഷിപുരണ്ട വിരല്‍ ഉയര്‍ത്തി ആസിയ ഉമ്മയുടെ മറുപടി ഇങ്ങനെ, 'കൈപ്പത്തിയുമുണ്ട്, അരിവാള്‍ ചുറ്റികയുമുണ്ട്. ജയിക്കുന്ന പാര്‍ട്ടിക്കാണ് വോട്ടിട്ടത്'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."