സർക്കാർ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയ വിലക്ക്; പ്രതിഷേധത്തിന് പിന്നാലെ തീരുമാനം മാറ്റി
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ ആരോഗ്യ വകുപ്പ് പിൻവലിച്ചു. സർക്കുലറിനെതിരെ കടുത്ത പ്രതിഷേധമാണ് ഐഎംഎയും കെജിഎംഒയും ഉയർത്തിയത്. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കികൊണ്ടാണ് ആരോഗ്യ വകുപ്പ് സർക്കുലർ ഇറക്കിയത്.
പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നായിരുന്നു സർക്കുലറിലെ നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ മാസം 13നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്.
പെരുമാറ്റച്ചട്ടമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തിൽ അനുമതി നൽകുമ്പോൾ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
പിന്നാലെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്തെത്തി. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ മുന്നറിയിപ്പ്. അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ഡോക്ടർമാരുടെ സംഘടന വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."