ദിശ മാറുന്ന ഗുജറാത്ത് രാഷ്ട്രീയം
കരിയാടൻ
ഗുജറാത്ത് വഴി ഡൽഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാലിടറി തുടങ്ങിയോ എന്നൊരു സംശയം. ലോക്‌സഭയിൽ അദ്ദേഹം ഉത്തർപ്രദേശിലെ വരാണസിയുടെ പ്രതിനിധിയാണെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രിയാവാൻ മോദി മത്സരിച്ചത് രാജ്‌കോട്ടിൽ നിന്നായിരുന്നു. 2019ൽ ഉത്തർപ്രദേശ് വിട്ട് സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽനിന്നുതന്നെ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നു പറഞ്ഞുകേട്ടിരുന്നെങ്കിലും ആ റിസ്‌കിന് അദ്ദേഹം തയാറായില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 182 അംഗ വിധാൻ സഭയിൽ (അസംബ്ലി) 112 പേരുടെ സാന്നിധ്യം ഉറപ്പിച്ച ബി.ജെ.പി, കോൺഗ്രസിനും ജനതാ പാർട്ടിക്കും പിറകെ അധികാരം നിലനിർത്തിയ കക്ഷിയായി തുടർന്നു. എന്നാൽ മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവയത്രയും അവർക്കു നിലനിർത്താനാകുമോ എന്ന് ഡൽഹി ഭരിക്കുന്നവർക്കും സംശയമുണ്ട്. പ്രധാനമന്ത്രിയുടെയും രണ്ടാമനായ ആഭ്യന്തര മന്ത്രിയുടെയും തട്ടകത്തിൽ അട്ടിമറികൾ നടക്കുമോ എന്ന ആശങ്കയാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. ഇക്കാരണത്താൽ തന്നെ ഗുജറാത്തിൽ വ്യാപകമായ പ്രചാരണ വേലകൾക്ക് ഇരു നേതാക്കളും ഒരുങ്ങിപ്പുറപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന് ഗുജറാത്തിൽ ഇനിയുമൊരു ഐക്യനിര കെട്ടിപ്പടുക്കാൻ സാധിച്ചിട്ടല്ലെന്നത് സംഘ്പരിവാറിനെ ആശ്വസിപ്പിക്കുന്ന ഘടകമാണ്. എന്നാൽ, ഠാക്കൂർമാരും പട്ടേൽമാരും ദേശായിമാരും അംബാനിമാരും അദാനിമാരുമൊക്കെ ചേർന്ന് ഉരുട്ടുന്ന രഥയാത്രയ്ക്ക് സാവകാശമെങ്കിലും ഒരു ഭീഷണി ഉയർന്നിരിക്കുന്നുവെന്നാണ് സമീപകാല വാർത്തകൾ പറഞ്ഞുതരുന്നത്. ഗുജറാത്തിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികൾ ആണെങ്കിലും നാൽപത് ശതമാനവും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്. പത്തു ശതമാനം മാത്രമുള്ള മുസ്‌ലിംകൾക്കോ, അര ശതമാനം പോലുമില്ലാത്ത ക്രൈസ്തവർക്കോ അവിടെ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, പല മണ്ഡലങ്ങളിലും ദലിതരുടെ വോട്ടുകൾ നിർണായകമാണ്. അവരുടെ നിരയിൽനിന്ന് ഉയർന്ന ചെറുപ്പക്കാരനായ ഒരു അഭിഭാഷകൻ സംഘ്പരിവാറിനു തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.
പത്രപ്രവർത്തനം ഉപേക്ഷിച്ച് സാമൂഹ്യപ്രവർത്തനം സേവനമേഖലയായി സ്വീകരിച്ച ജിഗ്നേഷ് മേവാനി എന്ന 41കാരൻ ഇതിനകം രണ്ടുതവണ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ വദ്ഗാം മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി കൊടുങ്കാറ്റിനെ അതിജീവിച്ച മേവാനിയെ ആദ്യം അറസ്റ്റ് ചെയ്തത്, പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു. അറസ്റ്റാകട്ടെ അസമിലെ കൊക്‌റജാറിൽനിന്ന് ഗുജറാത്തിലെ പാലംപൂരിലെത്തിയ പൊലിസും. കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തിനു ജാമ്യം നൽകി. ഉടൻ വന്നു രണ്ടാമത്തെ അറസ്റ്റ് വാറണ്ട്. അറസ്റ്റ് ചെയ്യാൻ വന്ന വനിതാ പൊലിസ് ഉദ്യോഗസ്ഥയോട് അപമര്യായദയായി പെരുമാറി എന്നായിരുന്നു കേസ്. ഈ കേസും നിലനിൽക്കില്ലെന്ന് ജാമ്യം അനുവദിച്ച കോടതി ചുണ്ടിക്കാട്ടി.
2016 ജൂലൈയിൽ ഗുജറാത്തിലെ ഉനയിൽ ഒരു ദലിത് കുടുംബത്തിലെ ഏഴുപേരെ ഗോ സംരക്ഷകർ എന്നവകാശപ്പെട്ട സംഘ്പരിവാറുകാർ ചേർന്ന് കൂട്ടക്കൊല നടത്തിയിരുന്നു. അന്നുമുതൽ ഉനാ ദലിത് അത്യാചാർസമിതി എന്ന പേരിൽ മേവാനി പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ട്. ബാബാ സാഹബ് അംബേദ്കറിന്റെ വഴിയിലെ പോരാട്ടമെന്ന് വിശേഷിപ്പിച്ച് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് അഹമദാബാദിൽനിന്ന് ഉനയിലേക്ക് 370 കിലോമീറ്റർ പ്രതിഷേധയാത്രയും മേവാനി നടത്തുകയുണ്ടായി. അന്നുമുതൽതന്നെ സംഘ്പരിവാറിന്റെ കണ്ണിലെ കരടായിമാറി ഈ ചെറുപ്പക്കാരൻ.
ദലിതനായ ഈ യുവതുർക്കിയുടെ നീക്കങ്ങൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരച്ചടിയായി രൂപപ്പെടുമോ എന്ന ഭയത്തിലാണ് ഗുജാറത്തിൽ ഇടക്കാലത്ത് 18 മാസം ഭരണം നഷ്ടപ്പെട്ട ഭാരതീയ ജനതാപാർട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."