പൂപ്പാറ കൂട്ടമാനഭംഗം കുടുംബം കേരളത്തിലെത്തിയത് പട്ടിണി മാറ്റാൻ ബംഗാളി പെൺകുട്ടിക്ക് പേരുപോലും എഴുതാനറിയില്ല
സ്വന്തം ലേഖകൻ
തൊടുപുഴ
പൂപ്പാറയിൽ കൂട്ടമാനഭംഗത്തിനിരയായ ബംഗാളി പെൺകുട്ടിയും കുടുംബവും കേരളത്തിലെത്തിയത് രണ്ടാഴ്ച മുമ്പ്. പട്ടിണി സഹിക്കാനാകാതെയാണ് ഇവർ ജോലി തേടി ഇടുക്കിയുടെ മലകയറിയത്. എന്നാൽ ഇവിടെനിന്നുണ്ടായ ദുരനുഭവം കുടുംബത്തെ ആകെ ഉലച്ചു. ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതായപ്പോഴാണ് കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് ഇവർ പറയുന്നു. പട്ടിണി കിടന്നാലും ഇനി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. പീഡനത്തിനിരയായ പതിനഞ്ചുകാരി സ്‌കൂളിൽ പോയിട്ടില്ല. സ്വന്തം പേരുപോലും എഴുതാൻ അറിയില്ല. പ്രാദേശിക ഭാഷമാത്രമാണ് സംസാരിക്കാൻ അറിയുന്നത്. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാനുള്ള സൗകര്യം തങ്ങളുടെ നാട്ടിലില്ലെന്ന് ഇവർ പറയുന്നു. അതേസമയം കേസിൽ അറസ്റ്റിലായ 18 വയസിൽ താഴെയുള്ള രണ്ട് പ്രതികൾക്ക് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ഇന്നലെ ജാമ്യം ലഭിച്ചു. പെൺകുട്ടിയെ കഴിഞ്ഞദിവസം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എസ്.എസ്.കെ വഴി പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള നീക്കത്തിലാണ് അധികൃതർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."