കത്തിക്കുത്തിനു പിന്നാലെ സംസ്ഥാന നേതാവിന് വധഭീഷണി കുഴല്‍പ്പണക്കേസില്‍ ഉലഞ്ഞ് ബി.ജെ.പി
പരാതി നല്‍കിയതോടെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷന്‍
വടക്കാഞ്ചേരി (തൃശൂര്‍): കൊടകരയിലെ കുഴല്‍പ്പണക്കവര്‍ച്ചാ കേസിലുലഞ്ഞ് തൃശൂരിലെ ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബി.ജെ.പി പ്രതിസ്ഥാനത്തു വരുന്നത്.
കഴിഞ്ഞദിവസം വാടാനപ്പള്ളിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന കത്തിക്കുത്തിനു പിന്നാലെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെതിരേ ജില്ലാ നേതാവ് വധഭീഷണി മുഴക്കി. റിഷി ബി.ജെ.പി തൃശൂര്‍ ജില്ലാ നേതൃത്വത്തെ അതിരൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് ഫോണില്‍ വധഭീഷണിയെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍ ഹരിക്കെതിരേ തൃശൂര്‍ വെസ്റ്റ് പൊലിസില്‍ റിഷി പരാതി നല്‍കി. പൊലിസ് അന്വേഷണമാരംഭിച്ചതിനു പിന്നാലെ റിഷിയെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചു. റിഷി പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ അപമാനിച്ചതായി കാണിച്ചാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തെ റിഷി അതിരൂക്ഷമായി വിമര്‍ശിച്ചത്. മോദി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു സഹപ്രവര്‍ത്തകനെ കുത്തി അദ്ദേഹത്തിന്റെ കുടല്‍മാല പുറത്തെടുത്തിരിക്കുകയാണെന്നും ഈ പുണ്യപ്രവൃത്തിക്ക് ജില്ലയിലെ പുണ്യാത്മാക്കളായ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യപ്രവൃത്തിയായ കുഴല്‍പ്പണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണെന്നും റിഷി സാമൂഹ്യമാധ്യമത്തില്‍ എഴുതിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.
തന്നെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത അറിഞ്ഞെന്നും ഇപ്പോള്‍ പുതിയ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും റിഷി സുപ്രഭാതത്തോട് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് മാടക്കത്തറ ഡിവിഷനില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി റിഷി മത്സരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."