'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്'; ആര്‍.എല്‍.വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടിയും ബിന്ദുവും
തിരുവനന്തപുരം: ജാതി അധിക്ഷേപത്തില്‍ ഡോ ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി. 'കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്' എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ശേഷം നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സര്‍ഗ്ഗധനനായ കലാപ്രതിഭ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്റെയും വംശവര്‍ണ്ണവെറിയുടെയും ജീര്‍ണ്ണാവശിഷ്ടങ്ങള്‍ ഉള്ളില്‍ പേറുന്ന ഒരു വനിത ഉയര്‍ത്തിയിട്ടുള്ള നിന്ദാവചനങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.
മന്ത്രി ബിന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്റെയും വംശ/ വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹം.
രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് അയാൾ ചെയ്തത്. ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹം.
ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിത ഇടങ്ങളിൽ ഒതുക്കപ്പെട്ടരുത്.
കലയെ സ്നേഹിക്കുന്ന, ഉപാസിക്കുന്ന ഏതൊരാൾക്കും അതിന്മേൽ അവകാശമുണ്ട്.
മോഹിനിയാട്ടത്തിൽ ആർ എൽ വി യിൽ നിന്ന് ആരംഭിച്ച ഉന്നതപഠനം കലാമണ്ഡലത്തിൽ നിന്ന് എം ഫിൽ, പി എഛ് ഡി ബിരുദങ്ങൾ നേടി, പെർഫോമിംഗ് ആർട്സിൽ നെറ്റ് നേടി മുന്നോട്ടു കൊണ്ടുപോയ എന്റെ പ്രിയ അനുജൻ ആർ എൽ വി രാമകൃഷ്ണന് സ്നേഹാഭിവാദ്യങ്ങൾ. ...
മോഹിനിയാട്ടത്തിന്റെ വഴികളിൽ നിങ്ങൾ എഴുതിച്ചേർത്തത് പുതുചരിത്രമാണ്. ... മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുക.... അഭിനന്ദനങ്ങൾ. ....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."