വ്യക്തത നൽകി സുപ്രിംകോടതി ; ഹരിത ട്രൈബ്യൂണലല്ല, വലുത് ഹൈക്കോടതി
ന്യൂഡൽഹി
ഒരേ കേസിൽ ദേശീയ ഹരിത ട്രൈബ്യൂണലും ഹൈക്കോടതിയും വ്യത്യസ്ത ഉത്തരവ് പുറപ്പെടുവിച്ചാൽ ഹൈക്കോടതി വിധിയാണ് നിലനിൽക്കുകയെന്ന് വ്യക്തത നൽകി സുപ്രിംകോടതി.
ഭരണഘടനാ കോടതിയായ ഹൈക്കോടതിക്ക് താഴെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ. ഹൈക്കോടതി കേസ് ഏറ്റെടുത്താൽ, ദേശീയ ഹരിത ട്രൈബ്യൂണൽ കേസുമായി മുന്നോട്ടു പോകുന്നത് ഉചിതമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. വിശാഖപട്ടണത്തെ റൂഷികോണ്ട ഹില്ലിലെ നിർമാണ പ്രവർത്തനം സ്‌റ്റേ ചെയ്ത ദേശീയ ഹരിത ട്രൈബ്യൂണൽ വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ഹിമാ കോഹ് ലി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിൻ്റെ സുപ്രധാന വിധി.
ഒരേ കേസിൽ ഹൈക്കോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും വ്യത്യസ്ത വിധി പുറപ്പെടുവിച്ചാൽ ഏതു വിധി പാലിക്കണമെന്ന കാര്യത്തിൽ അധികാരികൾക്ക് ആശയക്കുഴപ്പമുണ്ടാകാം. ഈ സാഹചര്യത്തിലാണ് ഭരണഘടനാ കോടതിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിനേക്കാൾ മുകളിലെന്ന് വ്യക്തത വരുത്തുന്നതെന്നും ബെഞ്ച് പറഞ്ഞു.
റൂഷികോണ്ട ഹില്ലിലെ ടൂറിസം പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവർത്തനങ്ങൾ ദേശീയ ഹരിത ട്രൈബ്യൂണൽ തടഞ്ഞിരുന്നു. പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാട്ടി പാർലമെന്റംഗം രഘു രാമകൃഷ്ണ രാജു ട്രൈബ്യൂണലിന് അയച്ച കത്ത് പരിഗണിച്ചായിരുന്നു ഇത്.
തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സമിതിയെയും ട്രൈബ്യൂണൽ നിയോഗിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങളില്ലെന്നും ആവശ്യമായ അനുമതി വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നതെന്നുമാണ് സമിതി ട്രൈബ്യൂണലിൽ റിപ്പോർട്ട് നൽകിയത്. ഇതേ സമയത്തുതന്നെ ആന്ധ്ര ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടു. ട്രൈബ്യൂണൽ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ നടപടി ചോദ്യം ചെയ്ത് ആന്ധ്ര സർക്കാർ സുപ്രിംകോടതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."