ഏഴ് ലക്ഷത്തിന്റെ ആംബുലന്‍സുകള്‍ 21 ലക്ഷം കൊടുത്ത് വാങ്ങി ഒടുവില്‍ ഉപയോഗമില്ലാതെ ഷെഡില്‍; ബിഹാറില്‍ പ്രതിഷേധം പുകയുന്നു
പട്‌ന: ഏഴ് ലക്ഷത്തിന്റെ ആംബുലന്‍സുകള്‍ 21 ലക്ഷം കൊടുത്ത് വാങ്ങി ഒടുവില്‍ ഉപയോഗമില്ലാതെ ഷെഡില്‍. ബിഹാറിലാണ് ആംബുലന്‍സ് അഴിമതി വിവാദം കത്തുന്നത്.
ബിഹാറിലെ സിവാന്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മൂന്നിരട്ടി വില നല്‍കി വാങ്ങിയ ആംബുലന്‍സുകളാണ് ഉപയോഗമില്ലാതെ പാര്‍ക്കിങ് ഷെഡില്‍ വിശ്രമിക്കുന്നത്. അഞ്ച് ലക്ഷത്തിന് മുകളില്‍ വില വരുന്ന സാധനങ്ങള്‍ വാങ്ങുമ്പോള്‍ അത് സര്‍ക്കാറിന്റെ ഇ-മാര്‍ക്കറ്റ്‌പ്ലേസിലൂടെ ആയിരിക്കണമെന്ന നിബന്ധനയും മറികടന്നാണ് ആംബുലന്‍സ് വാങ്ങിയത്.
21.84 ലക്ഷം മുടക്കിയാണ് ആംബുലന്‍സ് വാങ്ങിയത്. ഏഴ് ആംബുലന്‍സുകളില്‍ അഞ്ചെണ്ണം മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ളതാണ്. വെന്റിലേറ്റര്‍ ഘടിപ്പിക്കുകയും സീറ്റ് വിഭജനം നടത്തുകയും ചെയ്തതിനാലാണ് വില ഉയര്‍ന്നതെന്നാണ് ന്യായീകരണം. എന്നാല്‍ വാഹനത്തില്‍ വരുത്തിയ ഈ കഴുത്തറുപ്പന്‍ നിരക്കില്‍ രൂപമാറ്റങ്ങള്‍ ഓപണ്‍ ടെന്‍ഡറിലൂടെയാണ് നടത്തിയിരിക്കുന്നത്.
കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സിവാന്‍ ജില്ല മജിസ്‌ട്രേറ്റ് അമിത് പാണ്ഡേ പറഞ്ഞു. ആംബുലന്‍സ് ഇടപാടിന്റെയും കൊവിഡ് സമയത്ത് വാങ്ങിയ മുഴുവന്‍ ആംബുലന്‍സുകളുടെയും കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വിക്രം കുന്‍വാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി. വാഹനത്തില്‍ വരുത്തിയ രൂപമാറ്റങ്ങളുടെ ചെലവുകളടക്കം പരാമര്‍ശിക്കുന്നതാണ് കത്ത്.
ഇന്ത്യന്‍ മാര്‍ട്ട് എന്ന ഇ-കൊമേഴ്‌സ് കമ്പനി 60,000 രൂപക്ക് വില്‍ക്കുന്ന വെന്റിലേറ്ററുകള്‍ 3.41 ലക്ഷം രൂപ നിരക്കിലാണ് വാങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം എഴുതി. 31,000 രൂപ മാത്രം വിലയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 1.18 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8500 രൂപ മാത്രം വിലയുള്ള സക്ഷന്‍ മെഷീന് 33,000 രൂപ നല്‍കിയാണ് വാങ്ങിയതെന്നും സീറ്റ് വിഭജനത്തിനായി 1.24 ലക്ഷം മുടക്കിയതായും വിക്രം കുന്‍വാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."