അമാനത്തുകൾ വീട്ടുക
അൻവർ സ്വാദിഖ് ഫൈസി താനൂർ
പണ്ടു മുതലേ അറബികളുടെ അഭിമാന കേന്ദ്രമാണ് കഅ്ബാലയം. എന്നും അവർക്ക് അതിനോട് വലിയ ആദരവാണ്. ആഴ്ചയിൽ രണ്ടു ദിവസം കഅ്ബ തുറക്കും. എല്ലാ തിങ്കളും വ്യാഴവും. അത് തുറക്കുന്നതും താക്കോൽ സൂക്ഷിക്കുന്നതും ബനൂത്വൽഹക്കാരാണ്. അവർക്കാണ് അതിന്റെ അധികാരം. ഇപ്പോൾ താക്കോൽ സ്ഥാനക്കാരൻ ഉസ്മാൻ ബിൻ ത്വൽഹയാണ്. മുഹമ്മദ് നബി(സ)യെ അവർ പലപ്പോഴും തടസ്സപ്പെടുത്തി. ഒരിക്കൽ കഅ്ബയിൽ കയറിയ പ്രവാചകനെ തടയാൻ ശ്രമിച്ചത് ഉസ്മാൻ ബിൻ ത്വൽഹയാണ്. കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ എന്ന ഹുങ്കിലാണ് അദ്ദേഹം പ്രവാചകനെ തടഞ്ഞത്.
അപ്പോൾ പ്രവാചകൻ പറഞ്ഞു; 'ഉസ്മാൻ, നിങ്ങളുടെ കൈയിലിരിക്കുന്ന ആ താക്കോൽ ഒരു നാൾ എന്റെ കൈയിൽ വരും. അന്ന് ഞാൻ തീരുമാനിക്കും, ആർക്ക് താക്കോൽ നൽകണമെന്ന്...' മുഹമ്മദ്(സ) യുടെ വാക്കുകൾ അദ്ദേഹം പുച്ഛത്തോടെ തള്ളി. ' അന്ന് ഖുറൈശികളുടെ പതനമായിരിക്കും' എന്ന് അയാൾ മറുപടി പറഞ്ഞു.
'പതനമല്ല, പ്രതാപമായിരിക്കും' എന്ന് പ്രവാചകനും പ്രതികരിച്ചു. വർഷങ്ങൾ പലതും കഴിഞ്ഞു. രക്തരഹിത വിപ്ലവത്തിലൂടെ മക്ക പ്രവാചകൻ ജയിച്ചടക്കി. വിജയശ്രീലാളിതനായ പ്രവാചകൻ ആദ്യമായി വിശുദ്ധ കഅ്ബായുടെ മുന്നിലെത്തി. ത്വവാഫ് ചെയ്തു. ഇനി അകത്ത് പ്രവേശിക്കണം. തുറക്കാൻ ചാവി വേണം. ഉസ്മാൻ ബിൻ ത്വൽഹയുടെ കൈയിലാണ് ചാവി. പ്രവാചകൻ അതു വാങ്ങി കൊണ്ടുവരാൻ അലി(റ)യോടു ആവശ്യപ്പെട്ടു. നൽകുകയല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പ്രവാചകൻ സാഭിമാനം കഅ്ബ തുറന്നു. അകത്ത് കടന്നു. അപ്പോൾ പ്രവാചക പിതൃവ്യനായ അബ്ബാസ് ആ താക്കോൽ സ്വന്തമാക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു. നബി(സ) മറുത്തൊന്നും പറഞ്ഞില്ല. കഅ്ബക്കകത്ത് കയറി നിസ്‌കരിച്ചു.
ആ സമയത്താണ് ഖുർആനിക വചനങ്ങളുടെ വെളിപ്പാടുമായി ജിബ്രീൽ(അ) വരുന്നത്. 'വിശ്വസിച്ചേൽപ്പിക്കപ്പെട്ട അമാനത്തുകൾ അവയുടെ അവകാശിക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്നും, ജനങ്ങൾക്കിടയിൽ നിങ്ങൾ തീർപ്പുകൽപ്പിക്കുകയാണെങ്കിൽ നീതിയോടെ തീർപ്പ് കൽപ്പിക്കണമെന്നും അല്ലാഹു നിങ്ങളോട് കൽപ്പിക്കുന്നു'(ഖുർആൻ: 4/58)
ഖുർആനിന്റെ ഈ വചനവും ഓതിക്കൊണ്ടാണ് പ്രവാചകൻ കഅ്ബയുടെ പുറത്തേക്ക് വന്നത്. താക്കോലിനായി കാത്തു നിന്ന അബ്ബാസിനെ നിരാശപ്പെടുത്തികൊണ്ട് ഉസ്മാൻ ബിൻ ത്വൽഹയെ വിളിക്കാൻ ആവശ്യപ്പെട്ടു. ഉസ്മാൻ വന്നു. താക്കോൽ ഉസ്മാന്റെ കൈയിൽ കൊടുത്തുകൊണ്ടു പറഞ്ഞു; 'ഉസ്മാൻ ഇനി മുതൽ എന്നെന്നും ഈ താക്കോൽ നിങ്ങളുടെ കൈയിൽ തന്നെയായിരിക്കും. ഒരു അക്രമിക്ക് മാത്രമേ നിങ്ങളിൽ നിന്ന് ഇനി ഇത് തട്ടിയെടുക്കാനാവൂ..' പ്രവാചകനെ തടയാൻ ശ്രമിച്ചതും പ്രവാചകൻ പറഞ്ഞതുമെല്ലാം ഉസ്മാന്റെ ഓർമയിൽ ഓടിയെത്തി. അങ്ങനെ ഉസ്മാൻ വീണ്ടും കഅ്ബയുടെ താക്കോൽസ്ഥാനിയായി. പതിനാല് നൂറ്റാണ്ടുകൾ പിന്നിട്ടു. കഅ്ബയുടെ താക്കോൽ ഇന്നും ഉസ്മാന്റെ കുടുംബത്തിന്റെ കൈയിൽ തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."