സോഷ്യൽ മീഡിയയേയും'ഗോദി മീഡിയ' ആക്കുമ്പോൾ
ബി.എസ്.ഷിജു
ചൈന ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും അതിർത്തികളിൽ നടത്തുന്ന നുഴഞ്ഞുകയറ്റമടക്കം ഇന്ത്യ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നിരവധിയാണ്. എന്നാൽ ഇത്തരം വിഷയങ്ങളിലൊക്കെ നിശബ്ദനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നേരിടുന്ന പ്രതിസന്ധികൾ, സർക്കാരിനുണ്ടാകുന്ന വീഴ്ച്ചകൾ, സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾ എന്നിവയെയെല്ലാം മൗനംകൊണ്ടാണ് പ്രധാനമന്ത്രി പ്രതിരോധിക്കുന്നത്.
പ്രതിസന്ധികൾ എങ്ങനെ പരിഹരിക്കണം, അവസാനിപ്പിക്കണം എന്നതിനെക്കുറിച്ച് സർക്കാരിന് ഒരു ആകുലതയുമില്ല. പകരം അവയെ എങ്ങനെ ചർച്ചയാക്കാതിരിക്കാം എന്നതിലാണ് ശ്രദ്ധ. അധികാരത്തിലെത്തിയതുമുതൽ മുഖ്യധാര മാധ്യമങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചുവരുന്നത്. വരുതിയിൽ വരാതിരുന്ന എൻ.ഡി.ടി.വി പോലുള്ള ചുരുക്കം ചില മാധ്യമങ്ങളെയാകട്ടെ ചങ്ങാത്ത മുതലാളി അദാനിയെക്കൊണ്ട് വാങ്ങി 'ഗോദി' മീഡിയയാക്കി. അത്തരം ശ്രമങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും സോഷ്യൽ മീഡിയയേയും വരുതിയിലാക്കാനാണ് പുതിയ ശ്രമം. ഇത്തരം പ്ലാറ്റ്‌ഫോമുകളെ ഫലപ്രദമായി ഉപയോഗിച്ച് യു.പി.എ സർക്കാരിനെതിരേയും രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേയും വ്യാജപ്രചാരണങ്ങൾ നടത്തി അധികാരത്തിലെത്തിയ പ്രധാനമന്ത്രിയാണ് ഇപ്പോൾ അതേ മാധ്യമങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്നത് എന്നതാണ് വൈരുധ്യം.
ഏപ്രിൽ ആറിനാണ് ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയം പ്രസിദ്ധീകരിച്ചത്. 2023 ജനുവരിയിൽ സർക്കാർ ഇതിന്റെ കരട് പുറപ്പെടുവിച്ചിരുന്നു. അന്നുതന്നെ ഭേദഗതി നിർദേശങ്ങൾക്കെതിരേ വ്യാപക വിമർശനങ്ങൾ ഉയരുകയും ചെയ്തു. എഡിറ്റേഴ്‌സ് ഗിൽഡ്, നാഷനൽ ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി തുടങ്ങിയ സംഘടനകൾ ആശങ്കകൾ രേഖാമൂലം അറിയിച്ചു. വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പ് മാധ്യമ സംഘടനകളുമായും മാധ്യമ സ്ഥാപനങ്ങളുമായും കൂടിയാലോചന നടത്തുമെന്നാണ് അന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയം നൽകിയ ഉറപ്പ്.
എന്നാൽ ബന്ധപ്പെട്ട മേഖലയിലെ പ്രതിനിധികളുമായി ഭേദഗതികൾ വിജ്ഞാപനമായി പുറത്തിറക്കുന്നതിനുമുമ്പ് അർഥവത്തായ ഒരു കൂടിയാലോചനയും നടന്നിട്ടില്ല.
ജനുവരിയിൽ പുറത്തിറക്കിയ കരട് ഭേദഗതികളിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയുള്ളതാണ് ഏപ്രിൽ ആറിന് പുറത്തിറക്കിയ വിജ്ഞാപനം. തികച്ചും ഏകപക്ഷീയമായാണ് ഇത് പുറപ്പെടുവിച്ചിരിക്കുന്നത്. 'കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധന കേന്ദ്രത്തിന് 'വ്യാജമോ തെറ്റോ എന്ന് കണ്ടെത്തുന്ന' ഉള്ളടക്കം നീക്കം ചെയ്യാൻ കഴിയുമെന്നതായിരുന്നു കരട് ഭേദഗതിയിലെ വ്യവസ്ഥ. ഇതിൽ തന്ത്രപരമായ ചില കൂട്ടിച്ചേർക്കലുകൾ വരുത്തി. 'കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും ബിസിനസുമായി ബന്ധപ്പെട്ടത്' എന്നതാണ് പുതിയ കൂട്ടിച്ചേർക്കൽ. ഇതിലൂടെ സർക്കാരിനെതിരായ വിമർശനത്തിന് കൂച്ചു വിലങ്ങിടാനാണ് ലക്ഷ്യമിടുന്നത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് കീഴിലുള്ള വസ്തുതാ പരിശോധന കേന്ദ്രത്തിന് പകരം കേന്ദ്രസർക്കാർ തീരുമാനിക്കുന്ന ഏജൻസി എന്നതാണ് കരടിൽ നിന്നുള്ള മറ്റൊരു മാറ്റം. കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും ബിസിനസുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജമോ തെറ്റോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് കണ്ടെത്തിയാൽ വസ്തുത പരിശോധനാ ഏജൻസിക്ക് അവ നീക്കം ചെയ്യാൻ നേരിട്ട് ഇടപെടൽ നടത്താൻ അധികാരം നൽകുന്നതാണ് പുതിയ വിജ്ഞാപനം. എന്നാൽ പുതുതായി ചുമതലപ്പെടുത്തുന്ന വസ്തുതാ പരിശോധനാ ഏജൻസിയുടെ ഭരണസംവിധാനം എന്തായിരിക്കുമെന്നോ എന്ത് ജുഡീഷ്യൽ അധികാരമുണ്ടാകുമെന്നോ വിജ്ഞാപനത്തിൽ പറയുന്നില്ല. അപ്പീൽ നൽകാനുള്ള അവസരമുണ്ടാകുമോയെന്നും വ്യക്തമല്ല. എതിർ കക്ഷികളെ കേൾക്കാതെ അധികാരം പ്രയോഗിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. എല്ലാ തത്വങ്ങളുടെയും ലംഘനമാണത്. പരാതിക്കാരായ സർക്കാർ തന്നെ ഇവിടെ വിധി തീരുമാനിക്കുന്ന ജഡ്ജിയായി മാറും.
ചുരുക്കത്തിൽ, സോഷ്യൽ മീഡിയയിലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സർക്കാരിന് കഴിയുമെന്ന് വ്യക്തം. ഐ.ടി ആക്ടിലെ സെഷൻ 79 ഉപയോക്താവിന്റെ സൃഷ്ടികൾക്ക് ഇടനിലക്കാരായ സോഷ്യൽ മീഡിയ കമ്പനികൾക്കുമേൽ പിഴ ഇടാക്കുന്നിൽനിന്ന് പരിരക്ഷ(Safe Harbour) നൽകുന്നു. വസ്തുതാ പരിശോധനയ്ക്കായി സർക്കാർ നിയോഗിക്കുന്ന ഏജൻസികളുടെ നിർദേശം പാലിച്ചില്ലെങ്കിൽ ഈ സുരക്ഷാ പരിരക്ഷ ഇടനിലക്കാരായ പ്ലാറ്റ്‌ഫോമുകൾക്ക് നഷ്ടമാകാൻ വഴിയൊരുക്കും.
ഇന്ന് ദൃശ്യ, അച്ചടി മാധ്യമങ്ങൾക്കെല്ലാം വെബ്‌സൈറ്റുകളുണ്ട്; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സാന്നിധ്യമുണ്ട്. അവയെയെല്ലാം നേരിട്ട് ബാധിക്കുന്നതാണ് ഭേദഗതി. വാർത്തകളെ 'വ്യാജം', 'തെറ്റായവ' 'തെറ്റിദ്ധരിപ്പിക്കുന്നവ' എന്നിങ്ങനെ മുദ്രകുത്തി നീക്കം ചെയ്യാൻ 'സർക്കാർ ചുമതലപ്പെടുത്തുന്ന ഏജൻസി ഇടനിലക്കാരായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ' നിർബന്ധിച്ചേക്കാം. സ്വാഭാവികമായും സർക്കാരിനെതിരായ അഭിപ്രായങ്ങളെയും വിമർശനങ്ങളെയും തടയുന്നതിന് ഇത് കാരണമാകും. സർക്കാർ തന്നെ നിയമിക്കുന്ന ഏജൻസി ആയതിനാൽ അതിന്റെ നിഗമനങ്ങൾ നിഷ്പക്ഷമോ സ്വതന്ത്രമോ ആയിരിക്കില്ല.
ഇത് ആശങ്കയുളവാക്കുന്നതാണ്. മുഖ്യധാര മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ വസ്തുകൾ പരിശോധിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധന കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2019 ഡിസംബറിൽ ആരംഭിച്ച ഇതിന്റെ പ്രവർത്തനത്തെക്കുറിച്ച് വ്യാപക വിമർശനമാണ് നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന പുതിയ സംവിധാനത്തിന്റെ അവസ്ഥയും വ്യത്യസ്തമാകില്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) മാധ്യമങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അധികാരം നൽകുന്നുണ്ട്. ഇതിന് കൂച്ചുവിലങ്ങിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഭേദഗതികൾ. ഐ.ടി ആക്ടിനെ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനുള്ള നിയമമാക്കി മാറ്റാനാണ് മോദി സർക്കാരിന്റെ ശ്രമം. സർക്കാർ നയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിമർശനങ്ങൾ, വിശകലനങ്ങൾ എന്നിവയെ അടിച്ചമർത്താൻ ഇത് വഴിയൊരുക്കും. മറ്റൊരുതരത്തിൽ പറഞ്ഞാൽ സർക്കാരിന്റെ സത്യസന്ധതയില്ലായ്മയ്ക്ക് മറയിടാനുള്ള ഗൂഢനീക്കം. സത്യങ്ങളെ വ്യാജമാക്കി പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കം. ജനാധിപത്യത്തിലെ സംശുദ്ധത ഉറപ്പുവരുത്തുന്നതിനും സ്വതന്ത്ര മാധ്യമപ്രവർത്തനം സംരക്ഷിക്കുന്നതിനും ഇത്തരം നീക്കത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരും പിന്തിരിയുകയാണ് വേണ്ടത്.
(എ.ഐ.സി.സി ഗവേഷണ വിഭാഗം
കേരള ഘടകം ചെയർമാനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."