തീർഥാടകർ എത്തി; നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഉണർന്നു ആദ്യ സംഘം നാളെ യാത്രയാകും
നെടുമ്പാശ്ശേരി
ആദ്യ സംഘം തീർഥാടകർ എത്തിയതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സജീവമായി.
തീർഥാടകർ ആദ്യം എത്തുന്നത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ''ടി 3'' ടെർമിനലിലെ ആഗമന ഭാഗത്ത് പ്രത്യേകം ഒരുക്കിയിട്ടുള്ള കൗണ്ടറിലാണ്. ഇന്നലെ രാവിലെ 6.30 മുതൽ തന്നെ ഇവിടെ തീർഥാടകർ എത്തിതുടങ്ങി. ആദ്യ യാത്രാസംഘത്തെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ടി 3 ടെർമിനലിൽ തന്നെയാണ് ആർ.ടി.പി.സി.ആർ പരിശോധനയ്ക്കും സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ എട്ട് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ഫലം ലഭ്യമായ ശേഷം ഉച്ചയോട് കൂടിയാണ് തീർഥാടകരെ ഹജ്ജ് ക്യാംപിൽ എത്തിച്ചത്. ശനിയാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിൽ യാത്രയാകേണ്ട 377 തീർഥാടകരാണ് ഇന്നലെ എത്തിച്ചേർന്നത്. നാളെ രാവിലെ 8.30 നാണ് ഇവരുമായി സഊദി എയർവേയ്സിന്റെ ആദ്യ വിമാനം മദീനയിലേക്ക് പറക്കുന്നത്. വിമാനം പുറപ്പെടുന്നതിനു മൂന്ന് മണിക്കൂർ മുമ്പായി തീർഥാടകരെ വിമാനത്താവളത്തിലെ പ്രത്യേക ഹജ്ജ് ടെർമിനലിലേക്ക് എത്തിക്കും. ഞായറാഴ്ച പുലർച്ചെ 12.50 ന് പുറപ്പെടേണ്ട 377 ഹാജിമാർ ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിയോടെ എത്തിച്ചേരണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇവർക്കുള്ള യാത്രാ രേഖകൾ ശനിയാഴ്ച കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."