'നരഹത്യാക്കുറ്റം നിലനില്‍ക്കും' കെ.എം ബഷീര്‍ കൊലപാതക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; സെഷന്‍സ് കോടതി വിധി റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കൊലപാതകത്തില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സെഷന്‍സ് കോടതിക്കെതിരായ സര്‍ക്കാരിന്റെ റിവിഷന്‍ ഹരജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നരഹത്യ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹരജിയിലെ വാദം. ഇത് കോടതി തള്ളുകയായിരുന്നു.
പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദയ്പിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി പരാമര്‍ശിക്കുന്നു.
അതേസമയം, രണ്ടാം പ്രതി വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി. വഫയുടെ ഹരജി അംഗീകരിച്ചാണ് നടപടി. ഇവര്‍ക്കെതിരെ പ്രേരണാ കുറ്റമായിരുന്നു നേരത്തെ പൊലിസ് ചുമത്തിയിരുന്നത്. ഇത് നിലനില്‍ക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം മാത്രം ചുമത്തിക്കൊണ്ട് വിചാരണ നടപടികളിലേക്ക് കടക്കാനായിരുന്നു തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ തീരുമാനം. എന്നാല്‍, ഇത് സംബന്ധിച്ച് നിയമപരമായ ചില സംശയങ്ങള്‍ അന്ന് തന്നെ നിലനിന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ആദ്യഘട്ടത്തില്‍ പരിഗണിച്ചപ്പോള്‍ തന്നെ നരഹത്യാക്കുറ്റം ഒഴിവാക്കിക്കൊണ്ടുള്ള സെഷന്‍സ് കോടതി വിചാരണാ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കീഴ്‌ക്കോടതി നിരീക്ഷണം. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന മനപ്പൂര്‍വമുള്ള നരഹത്യക്കുള്ള വകുപ്പായ 3042 ഒഴിവാക്കിയായിരുന്നു കോടതി വിധി.
ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് കാര്‍ ഓടിച്ചത് വഫയാണെന്ന് ശ്രീറാം മൊഴി നല്‍കിയത്. വാഹനം ഓടിച്ചത് അമിതവേഗതിയിലാണെന്നതിന് തെളിവുണ്ടെന്നും രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ ശ്രീറാം അനുവദിച്ചത് പത്ത് മണിക്കൂറിന് ശേഷമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇനി നരഹത്യാക്കുറ്റം ഉള്‍പ്പെടെ ചുമത്തിക്കൊണ്ടുള്ള വിചാരണ നടപടികളിലേക്ക് മാത്രമാകും സെഷന്‍സ് കോടതിക്ക് കടക്കാനാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."