പദ്ധതി നടത്തിപ്പ് നിരീക്ഷണത്തിന് പുതിയ തസ്തിക ലക്ഷങ്ങൾ ശമ്പളം നൽകി കരാർ നിയമനം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വർഷത്തിൽ പ്രധാന പദ്ധതികളുടെ നടത്തിപ്പിനായി ലക്ഷങ്ങൾ ശമ്പളം നൽകി കരാർ വ്യവസ്ഥയിൽ പ്രോജക്ട് കോർഡിനേറ്റർമാരെ നിയമിക്കാൻ ഉത്തരവ്.
സിൽവർലൈൻ ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ സമയബന്ധിതമായും സുതാര്യമായും നടപ്പാക്കുന്നതിനായാണ് പുതിയ നിയമനമെന്ന് സർക്കാർ വിശദീകരണം.
ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ശമ്പളത്തിൽ ആറ് പ്രോജക്ട് കോർഡിനേറ്റർമാരെയും ഒരു ലക്ഷം രൂപ ശമ്പളത്തിൽ 10 ജൂനിയർ റിസോഴ്‌സ് പഴ്‌സൺസിനെയുമാണ് നിയമിക്കുക. അടിയന്തരമായി പൂർത്തീകരിക്കേണ്ട പദ്ധതികളുടെ നിരീക്ഷണ, ഏകോപന ചുമതലയാണ് ഇവർക്ക് നൽകുക.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പദ്ധതി ഏകോപനമാണ് ഇവരുടെ ചുമതല.അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പും കാലതാമസം ഒഴിവാക്കുകയാണ് നിയമനത്തിന്റെ ലക്ഷ്യമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളുമായും തദ്ദേശഭരണ സ്ഥാപനങ്ങളുമായും യോജിച്ചും സഹകരിച്ചും പദ്ധതി നടത്തിപ്പ് സമയബന്ധിതമായി മുന്നോട്ടുകൊണ്ടു പോകണം.
ഏറ്റവും കുറഞ്ഞ സമയത്ത് പദ്ധതി പൂർത്തിയാക്കണം.
മുൻഗണനാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നും കാലതാമസം തടയണമെന്നും ഉത്തരവിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."