പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല: മുഖ്യമന്ത്രി രാജ്യത്ത് ഭിന്നിപ്പിക്കുന്ന രീതിയിൽ സർവേ നടക്കുന്നു
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിൽ പൗരത്വ നിയമം വേണ്ട എന്നതാണ് സർക്കാരിന്റെ നിലപാടെന്നും രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക സമാപന വേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഭരണഘടനാപരമായി മതനിരപേക്ഷത അംഗീകരിച്ച രാഷ്ട്രമാണ്. പക്ഷെ മതനിരപേക്ഷത ഏതെല്ലാം രീതിയിൽ തകർക്കാനാകുമെന്നതിനാണ് ശ്രമങ്ങൾ നടക്കുന്നത്. വലിയ ആശങ്കയിൽ കഴിയേണ്ട അവസ്ഥ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിൽ ഉണ്ടാകുന്നു.
അതിന്റെ ഭാഗമായി പല നടപടികളും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു വരുന്നു. അതിൽ രാജ്യത്തിന് ചേരാത്ത ഒരു നടപടിയായിരുന്നു മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുക എന്നത്. ഞങ്ങൾ അതുമായി മുന്നോട്ടുപോകും എന്ന് കേന്ദ്രം നിലപാട് എടുത്തപ്പോൾ പൗരത്വനിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു കേരളത്തിന്റെ നിലപാട്.ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പല സർവേകളും രാജ്യത്ത് നടക്കുന്നുണ്ട്. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള സർവേകൾ നടക്കുന്നു. നമ്മളും ഇവിടെ സർവേകൾ നടത്തുന്നുണ്ട്. ആ സർവേകൾ ഏതെങ്കിലും തരത്തിൽ ജനങ്ങളെ ചേരിതിരിക്കുന്നതല്ല. പരമദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെ എന്ന് കണ്ടെത്താനുള്ള സർവേ സംസ്ഥാനത്ത് പൂർത്തിയായിട്ടുണ്ട്. തുടർനടപടിയിലൂടെ ആ കുടുംബങ്ങളെ കൈപിടിച്ചുയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."