സ്വകാര്യതയുടെ മണിച്ചിത്രത്താഴ്
വചനത്തിന്റെ വാഹനമാണ് സമൂഹമാധ്യമം. ശാസ്ത്രം നമുക്ക് സമ്മാനിച്ച വിസ്മയകരമായ സ്വാതന്ത്ര്യമാണത്. നവമാധ്യമത്തില്‍ വ്യാപരിക്കുന്ന വചനത്തിന്റെ ജനകന്‍ ആരെന്ന് പുറത്തറിയില്ല. എന്നാല്‍ ഈ അന്വേഷണത്തിലാണ് ഭരണകൂടം ഏര്‍പ്പെട്ടിരിക്കുന്നത്. സ്വകാര്യത എന്ന മൗലികാവകാശവും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനുമേല്‍ ഏര്‍പ്പെടുത്താവുന്ന നിയന്ത്രണങ്ങളുമാണ് ചര്‍ച്ചയ്ക്കും വ്യവഹാരത്തിനും വിഷയമായിരിക്കുന്നത്. അപരിമിതമായ സ്വാതന്ത്ര്യവും പരിമിതമായ നിയന്ത്രണവുമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഐ.ടി ചട്ടം ഉള്‍പ്പെടെ ഏതു ചട്ടം പ്രയോഗിക്കുമ്പോഴും നിയന്ത്രണം ന്യായമാണോ എന്ന പരിശോധന ജുഡിഷ്യറിക്ക് നടത്തേണ്ടിവരും. ആപത്കരമായ വ്യാജസന്ദേശങ്ങളും അപകീര്‍ത്തികരമായ വ്യാജവാര്‍ത്തകളും നിര്‍ബാധം പ്രചരിക്കുന്ന കാലത്ത് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല. പക്ഷേ ഏകാധിപത്യപ്രവണതയും ഫാസിസ്റ്റ് സ്വഭാവവുമുള്ള ഭരണകൂടത്തിന്റെ ഇടപെടലിലും വ്യാപാരതാത്പര്യമുള്ള സമൂഹമാധ്യമങ്ങളുടെ പ്രതിരോധത്തിലും ഗൗരവതരമായ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടങ്ങള്‍ ഫെബ്രുവരിയിലാണ് വിജ്ഞാപനം ചെയ്യപ്പെട്ടത്. മെയ് 25നു അവ പ്രാബല്യത്തിലായി. ഉള്ളടക്കത്തില്‍ ഉത്തരവാദിത്വമില്ലെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ സന്ദേശത്തിന്റെ പരിവാഹകര്‍ മാത്രമായ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേസില്‍നിന്ന് വിമുക്തി നല്‍കുന്ന സേഫ് ഹാര്‍ബര്‍ പരിരക്ഷ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ക്കുണ്ട്. ഫേസ്ബുക്ക് പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിനുമേല്‍ തങ്ങള്‍ക്കു നിയന്ത്രണമില്ലെന്ന കാരണം പറഞ്ഞാണ് സമൂഹമാധ്യമ സ്ഥാപനങ്ങള്‍ ഈ പരിരക്ഷ അനുഭവിക്കുന്നത്. ദൂതുമായി പോകുന്ന ദൂതന്റെ റോള്‍ മാത്രമാണ് സമൂഹമാധ്യമങ്ങള്‍ക്കുള്ളത്. കത്ത് തുറന്ന് വായിക്കുന്നതിനോ ഉള്ളടക്കം പരസ്യപ്പെടുത്തുന്നതിനോ ഉള്ള അധികാരം പോസ്റ്റ്മാനില്ല. കത്തിലെ ഉള്ളടക്കത്തിന് പോസ്റ്റ്മാന്‍ ഉത്തരവാദിയുമല്ല.
സേഫ് ഹാര്‍ബര്‍ പരിരക്ഷ ലഭ്യമാകണമെങ്കില്‍ രാജ്യത്തെ ചട്ടങ്ങള്‍ പാലിക്കണം. അപ്രകാരം നിര്‍ബന്ധപൂര്‍വം പാലിക്കേണ്ടതാണ് ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയെന്നു സര്‍ക്കാര്‍ ശഠിക്കുന്നു. പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ പേരില്‍ ലേഖകന്‍ മാത്രമല്ല പത്രാധിപരും പ്രസാധകനും പ്രോസിക്യൂഷനു വിധേയരാകും. ഇതില്‍നിന്നു വ്യത്യസ്തമായ പരിരക്ഷയാണ് സമൂഹമാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പക്ഷേ മാര്‍ഗരേഖ പാലിക്കുന്നില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകുകയും ആരോ എഴുതിയ പോസ്റ്റിന്റെ പേരില്‍ ഫേസ്ബുക്കിലെയും ട്വിറ്ററിലെയും വാട്‌സ്ആപ്പിലെയും ഉദ്യോഗസ്ഥര്‍ കേസില്‍ അകപ്പെടുകയും ചെയ്യും. പ്രതികളാക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കമ്പനികളുടെ തലപ്പത്ത് നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്.
തങ്ങളുടെ പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ റദ്ദാക്കുമെന്ന് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തിയ വാട്‌സ്ആപ്പാണ് ഇപ്പോള്‍ സ്വകാര്യതയെ കവചമാക്കിയിരിക്കുന്നത്. ഈ ഇരട്ടത്താപ്പില്‍നിന്ന് ഭരണകൂടവും മുക്തമല്ല. രാജീവ് ഗാന്ധിയുടെ തപാല്‍ ബില്ലില്‍ കത്ത് പൊട്ടിക്കുന്നതിന് വ്യവസ്ഥയുണ്ടായിരുന്നു. കത്ത് പൊട്ടിക്കലും ഫോണ്‍ ചോര്‍ത്തലും ഗുരുതരമായ സ്വകാര്യതാലംഘനമായി കരുതി വിമര്‍ശനം ഉന്നയിച്ചവരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കയറിയിറങ്ങി മൂടുപടങ്ങള്‍ മാറ്റിനോക്കുന്നത്. സ്വകാര്യതയുടെ ഭേദിക്കാനാവാത്ത സുരക്ഷാമുദ്രയാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. പ്രേഷിതനും സ്വീകര്‍ത്താവിനും മാത്രം അറിയാന്‍ കഴിയുന്ന സുരക്ഷാപ്പൂട്ടാണ് എന്‍ക്രിപ്ഷന്‍ എന്ന മണിച്ചിത്രത്താഴ്. അത് യഥേഷ്ടം തുറക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഐ.ടി ചട്ടം എന്‍ക്രിപ്ഷനെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് വാട്‌സ്ആപ്പിന്റെ വാദം. കത്ത് പൊട്ടിക്കുന്നതുപോലെയോ ഫോണ്‍ ചോര്‍ത്തുന്നതുപോലെയോ ഉള്ള ഏര്‍പ്പാടാണിത്. ഒളിഞ്ഞുനോട്ടത്തിന്റെയും ഒളിച്ചിരുന്ന് കേള്‍ക്കലിന്റെയും സ്വഭാവം ഇതിനുണ്ട്. അനുവദനീയമായ കാര്യങ്ങളില്‍ സന്ദേശത്തിന്റെ ആദ്യജനകനെ കണ്ടെത്താന്‍ പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ആവശ്യപ്പെടുമ്പോള്‍ പൂട്ട് തുറക്കണമെന്നര്‍ഥം. അറവാതില്‍ തുറക്കാതിരിക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്വകാര്യത. അത് ബലമായി തുറക്കുന്നത് സ്വകാര്യതാലംഘനം.
ജനകനെ തെരയുന്ന ജാരജാതന്റെ അന്വേഷണംപോലെ ദുഷ്‌കരമാണ് വൈറലായി പ്രചരിക്കുന്ന സന്ദേശത്തിന്റെ ആദ്യസ്രഷ്ടാവിനെ കണ്ടെത്തുന്നതിനുള്ള ശ്രമം. ഒരു ഫോര്‍വേഡ് മെസേജ് എങ്കില്‍ അതിനു തുടക്കമിട്ട വ്യക്തിയെ യാണ് ആദ്യസ്രഷ്ടാവെന്ന് ചട്ടം വിശേഷിപ്പിക്കുന്നത്. അപ്പനെ കിട്ടിയില്ലെങ്കില്‍ തലതൊട്ടപ്പനെ പിടിക്കുന്ന ഏര്‍പ്പാടാണിത്. ഫോര്‍വേഡിലല്ല സൃഷ്ടി നടക്കുന്നത്. എവിടെയോ സൃഷ്ടിക്കപ്പെട്ടതാണ് സ്വീകര്‍ത്താക്കള്‍ ഫോര്‍വേഡ് ചെയ്യുന്നത്. ട്രേസബിലിറ്റി ചട്ടത്തില്‍ കുടുങ്ങുന്നത് യഥാര്‍ഥസ്രഷ്ടാവിനു പകരം നിരപരാധികളാകാം. ഉള്ളടക്കത്തിന്റെ സ്വഭാവമറിയാതെയും വീണ്ടുവിചാരമില്ലാതെയും കൗതുകത്തിനുവേണ്ടിയും ഫോര്‍വേഡ് ചെയ്യുന്നവര്‍ അത്ര നിരപരാധികളാണെന്ന് പറയാനും കഴിയില്ല.
എന്‍ക്രിപ്ഷന്‍പോലെതന്നെ പ്രധാനപ്പെട്ടതാകും ചില സന്ദര്‍ഭങ്ങളില്‍ ട്രേസബിലിറ്റി. കുട്ടിച്ചാത്തന്റെ ഏറുപോലെയാണ് ട്രേസബിള്‍ അല്ലാത്ത സന്ദേശങ്ങള്‍. ആക്ഷേപകരമായ ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന വ്യവസ്ഥ പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹമാണെങ്കിലും ആക്ഷേപകരമെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം ആര്‍ക്കെന്ന ചോദ്യം അവശേഷിക്കുന്നു. നിലപാടുകളുടെ സ്വതന്ത്രമായ പ്രസാധനവും അഭിപ്രായങ്ങളുടെ നിര്‍ബാധമുള്ള പ്രസരണവും ജനാധിപത്യത്തിന്റെ ജീവരേഖയാകയാല്‍ അവയെ തടയുന്നതിനുള്ള ശ്രമം അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകും. സംസാരത്തിനും അഭിപ്രായപ്രകടനത്തിനും സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടനയുടെ ചൈതന്യത്തിനു നിരക്കുന്നതാണോ ഐ.ടി ചട്ടമെന്ന ചോദ്യം വാട്‌സ്ആപ്പ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
രഹസ്യത്തില്‍ നടക്കുന്നത് പൊതുതാത്പര്യാര്‍ഥം പരസ്യപ്പെടുത്തുന്നവരുണ്ട്. വിസില്‍ ബ്ലോവര്‍ എന്നാണ് അവരെ വിളിക്കുന്നത്. അവരുടെ ഐഡന്റിറ്റി പുറത്താകുന്നത് അവര്‍ക്ക് അപകടമായിത്തീരും. അവരെ സംരക്ഷിക്കുന്നതിനു പാര്‍ലമെന്റ് പാസാക്കിയ നിയമമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് രഹസ്യത്തില്‍ വിവരങ്ങള്‍ നല്‍കുന്നവരുണ്ട്. അവരാണ് മാധ്യമപ്രവര്‍ത്തകരുടെ സോഴ്‌സ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നവരെ മറ നീക്കി കണ്ടുപിടിക്കുന്നതിനുള്ള തന്ത്രംകൂടിയാണ് പുതിയ ചട്ടങ്ങള്‍. മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഏതു നിയന്ത്രണവും ജനാധിപത്യത്തെ അപകടകരമായി ബാധിക്കും.
സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ട്രേസബിലിറ്റി സംവിധാനം സംബന്ധിച്ചുള്ളതാണ് വാട്‌സ്ആപ്പും സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധത്തിലെ പ്രധാനവിഷയം. അയക്കുന്നയാള്‍ക്കും ലഭിക്കുന്നയാള്‍ക്കുമിടയിലുള്ള എന്‍ക്രിപ്ഷനില്‍ തങ്ങള്‍ക്ക് കടന്നുകയറുന്നതിനുള്ള ഇടം ഇല്ലെന്നിരിക്കേ ആദ്യസ്രഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ഗുരുതരമായ സ്വകാര്യതാലംഘനമാകുമെന്ന് വാട്‌സ്ആപ്പ് കരുതുന്നു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുന്ന രക്ഷാകവചം ഭേദിക്കാതെ ട്രേസബിലിറ്റി നടപ്പാക്കാനാവില്ല. സ്വകാര്യമായി ഒന്നും പറയാന്‍ കഴിയില്ലെങ്കില്‍ സ്വകാര്യതയില്ല. അങ്ങാടിയിലായാലും അല്‍പം സ്വകാര്യത ആവശ്യമുണ്ട്. അതുകൊണ്ടാണ് ലേലത്തിനെത്തുന്ന തരകന്മാര്‍ കോഡുഭാഷയില്‍ ആശയവിനിമയം നടത്തുന്നത്.
അങ്ങാടിയില്‍ കേള്‍ക്കുന്നത് ആരോടെങ്കിലും പറയുകയെന്നത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്. വാട്‌സ്ആപ്പിലെ ഫോര്‍വേഡിങ് ഇതിന്റെ ഫലമായി സംഭവിക്കുന്നതാണ്. നിരുത്തരവാദപരമെന്നതുപോലെ നിര്‍ദോഷവുമാണ് ഈ ഫോര്‍വേഡ് കളി. ഫോര്‍വേഡ് ചെയ്യുന്നതിനു പകരം സന്ദേശമോ ചിത്രമോ ഡൗണ്‍ലോഡ് ചെയ്ത് പുതുതായി അപ്‌ലോഡ് ചെയ്യുന്നവരുണ്ട്. ആ നിര്‍ദോഷികള്‍ കുടുങ്ങിയതുതന്നെ.
യഥാര്‍ഥ സ്രഷ്ടാവിനു പകരം നിരപരാധികളായ പുനഃസ്രഷ്ടാക്കള്‍ കുടുങ്ങും. കുഴപ്പമാണെന്നറിഞ്ഞുകൊണ്ട് കുസൃതി കാണിക്കുന്നവരെ പൂര്‍ണമായി നിരപരാധികളെന്നു കരുതാനുമാവില്ല.
ദേശസുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ദേശദ്രോഹം എന്ന കുറ്റം വികസിപ്പിക്കുന്നത്. ഈ കുറ്റത്തിന് പരിധിയും പുനര്‍നിര്‍വചനവും ആവശ്യമായിരിക്കുന്നുവെന്ന് സുപ്രിംകോടതിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. വര്‍ത്തമാനം പ്രവൃത്തിയേക്കാള്‍ കുറ്റകരമാകുന്ന അവസ്ഥയില്‍ സമൂഹമാധ്യമങ്ങളിലേക്കുള്ള സര്‍ക്കാരിന്റെ നീളുന്ന കരങ്ങളെ സംശയത്തോടെ കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."