ചക്കരപ്പുകയിലയില്‍നേരം വെളുപ്പിച്ചരാവുകള്‍
നജീബ് മൂടാടി
ബറാത്തോ ബര്‍കത്തോ തങ്ങളെ പള്ളിക്ക് സുന്നത്തോ
വലിയകത്തെ പള്ളീല്‍ ഓത്തുണ്ടേ...'
കൊയിലാണ്ടിയിലെ പഴമക്കാരുടെ ഉള്ളിലെ നോമ്പോര്‍കള്‍ ബറാഅത്ത് രാവില്‍ തുടങ്ങുന്നു. മുകളില്‍ എഴുതിയ വരികള്‍ ഈണത്തിലിങ്ങനെ ചൊല്ലി വീടുവീടാന്തരം കയറിയിറങ്ങുന്ന കുട്ടികള്‍. ബറാഅത്ത് രാവിന്റെ ദിവസം മുസ്‌ലിം കച്ചവടക്കാരുടെ പീടികകള്‍ മഗ്‌രിബിനു മുമ്പേ അടക്കും. മറ്റു തൊഴിലാളികളും അന്തിക്കു മുമ്പേ പണിനിര്‍ത്തി അന്നേദിവസം നേരത്തെ വീട്ടിലെത്തും. ആണുങ്ങളും കുട്ടികളും മഗ്‌രിബ് നിസ്‌കാരത്തിന് പള്ളിയില്‍ ഒരുമിച്ചുകൂടും. ആണുങ്ങള്‍ പള്ളിയിലും പെണ്ണുങ്ങള്‍ വീട്ടിലുമായി മൂന്നു യാസീന്‍ ഓതി പ്രാര്‍ഥിക്കും. ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ എല്ലാ വീടുകളിലും ചക്കരച്ചോറും പലഹാരങ്ങളും ഇറച്ചിയും പത്തിരിയും ജോറായി ഉണ്ടാവും. റമദാനിനെ സന്തോഷത്തോടെ വരവേല്‍ക്കുകയാണ്, കേരളത്തിലെ ആദ്യ മുസ്‌ലിം പള്ളികളിലൊന്നായ, മാലിക് ദീനാര്‍ സ്ഥാപിച്ച പാറപ്പള്ളി സ്ഥിതി ചെയ്യുന്ന നാട്. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ലോകമെങ്ങും കേളികേട്ട പന്തലായനി തുറമുഖവും അതോടു ചേര്‍ന്ന കച്ചവടകേന്ദ്രമായ കൊല്ലവും ഉള്‍പ്പെടുന്ന കൊയിലാണ്ടി എന്ന കോയില്‍കണ്ടി ദേശം.
തന്റെ കുട്ടിക്കാലത്തെ കൊയിലാണ്ടിയിലെ റമദാനൊരുക്കങ്ങളെ കുറിച്ചും ബറാഅത്ത് രാവിലെ ആഘോഷങ്ങളെ കുറിച്ചും വിവരിക്കാന്‍ നോമ്പ് കാലത്തെ കുറിച്ചും ബര്‍മ്മയില്‍ ജനിച്ചു കൊയിലാണ്ടിയില്‍ വളര്‍ന്നു മലയാളിയുടെ അഭിമാനമായ എഴുത്തുകാരന്‍ യു.എ ഖാദര്‍ 'ഉള്ളം കയ്യിലെ ബാല്യം' എന്ന ഓര്‍മപ്പുസ്തകത്തില്‍ ഒരു അധ്യായം തന്നെ നീക്കിവച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ റമദാന്‍ കാലത്തിന്റെ പൊലിവ് മുഴുവന്‍ ആ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
കേരളത്തില്‍ ഇസ്‌ലാം ആദ്യമേതന്നെ കടന്നുവന്ന പ്രദേശമായതുകൊണ്ടും പിന്നീട് മതപ്രാചാരണാര്‍ഥം യമനില്‍ നിന്നെത്തിയ, പ്രവാചകപരമ്പരയില്‍പെട്ട തങ്ങള്‍ കുടുംബങ്ങള്‍ ഏറെയുള്ള ഇടമായതിനാലും പണ്ടുമുതലേ റമദാന്‍മാസം ഏറ്റവും ഭക്തിസാന്ദ്രമായി ആചരിക്കുന്ന നാടാണ് കൊയിലാണ്ടി.
ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബിവര്യന്‍ തമീമുല്‍ അന്‍സാരിയുടേതെന്നു വിശ്വസിക്കപ്പെടുന്ന മഖ്ബറയും വലിയ കുഞ്ഞിസീതിക്കോയയുടെ മഖ്ബറയും സൂഫിവര്യനായ സയ്യിദ് ശരീഫ് ഉമര്‍ മുഹളാര്‍ അന്ത്യവിശ്രമം കൊള്ളുന്ന താഴങ്ങാടി മഖ്ബറയും പണ്ടുകാലത്ത് ചീനയില്‍നിന്നുവന്ന മുസ്‌ലിം കച്ചവടക്കാര്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ചീനപ്പള്ളിയും ഉള്‍പ്പെടെ ഒട്ടേറെ പള്ളികളും ജാറങ്ങളും ഖബര്‍സ്ഥാനുകളും ധാരാളമുള്ള കൊയിലാണ്ടി പ്രദേശത്തെ മുസ്‌ലിംകള്‍ മതപരമായ കാര്യങ്ങളില്‍ വളരെയധികം ഭക്തിയും സൂക്ഷ്മതയും കാണിക്കുന്നവരാണ്. റമദാന്‍ മാസത്തില്‍ ആ ഭക്തിയുടെ ചൈതന്യം ശരിക്കും തിളങ്ങിനില്‍ക്കുകയും ചെയ്യുന്നു. നോമ്പിനു മുമ്പായി പള്ളികളും വീടുകളും വൃത്തിയാക്കുകയും കാടും പുല്ലും വെട്ടിത്തെളിച്ച് പെയിന്റടിച്ചു മനോഹരമാക്കുകയും ചെയ്യുന്നു.
ബറാഅത്തിനു മുമ്പുതന്നെ വീടുകള്‍ വൃത്തിയാക്കുക മാത്രമല്ല, പണ്ടുകാലത്തൊക്കെ നോമ്പുകാലത്തേക്കുള്ള പ്രത്യേക വിഭവമായ കിച്ചടി ഉണ്ടാക്കാന്‍ ചെറുപയര്‍ ഉണക്കി വറുത്തു പരിപ്പാക്കി വച്ചും മുളകും മല്ലിയും പൊടിപ്പിച്ചുവച്ചും വീട്ടുകാരികള്‍ റമദാനിനു വേണ്ടി ഒരുങ്ങിയിരുന്നു. ഇന്ന് കിച്ചടി ഉണ്ടാക്കുന്നവര്‍ കുറവാണെങ്കിലും മറ്റ് ഒരുക്കങ്ങള്‍ക്കു മാറ്റമില്ല. മലബാര്‍ ഭക്ഷ്യവിഭവങ്ങള്‍ ഏറ്റവും കൈപ്പുണ്യത്തോടെ തയാറാക്കുന്ന കൊയിലാണ്ടിക്കാരുടെ നോമ്പുതുറക്ക് വിഭവങ്ങളും രുചിയുമേറും.
സമ്പന്നരായ മുസ്‌ലിം കച്ചവടക്കാര്‍ ഏറെയുള്ള കൊയിലാണ്ടിയില്‍ നോമ്പുകാലത്ത് ദാനധര്‍മങ്ങള്‍ക്ക് ഒരു കുറവുമില്ല. പണ്ടത്തെ പ്രതാപികളായ തറവാട്ടുകാര്‍ റമദാനിലെ ഒരു നിശ്ചിതദിവസം സകാത്ത് നല്‍കുന്നതും അന്നേദിവസം പുലര്‍ച്ചെ മുതല്‍ ആളുകള്‍ ആ വീട്ടിനു മുന്നില്‍ വരിനില്‍ക്കുന്നതും സാധാരണമായിരുന്നു. തറവാട്ടുകാരണവര്‍ ഇരിക്കുന്ന ചാരുകസേരക്കു കീഴെവച്ച കൊട്ടക്കോരിയില്‍ ( ഇരുമ്പുബക്കറ്റ്) നിറച്ചുവച്ച നാണയങ്ങള്‍ വരുന്നവര്‍ക്കൊക്കെ വാരിക്കൊടുക്കുന്ന ഓര്‍മ പഴമക്കാരില്‍ ഇപ്പോഴുമുണ്ട്. ഇന്നും ഈ നാട്ടിലെ പാലിയേറ്റീവ് സ്ഥാപനങ്ങള്‍ മുതല്‍ എത്രയോ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു റമദാന്‍ മാസത്തിലെ സകാത്തും സ്വദഖയും വലിയ ആശ്വാസമാണ്. ലോകത്തിന്റെ ഏതു ഭാഗത്തായാലും നാടിന്റെയോ മഹല്ലിന്റെയോ പേരില്‍ കൂട്ടായ്മകള്‍ ഉണ്ടാക്കുകയും നാട്ടിലുള്ള അശരണര്‍ക്കു താങ്ങും തണലുമായി മാറുകയും ചെയ്യുന്നതില്‍ ഈ നാട്ടുകാര്‍ എന്നും മുന്നിലാവുന്നതും ഈ മതബോധം ഉള്ളിലുള്ളതു കൊണ്ടാണ്. ഏറെയും അടുപ്പിച്ചടുപ്പിച്ചുള്ള മുസ്‌ലിം വീടുകളും കൂടുതല്‍ അകലങ്ങളില്‍ അല്ലാതെ എമ്പാടും പള്ളികളും ഉള്ളതുകൊണ്ട് തന്നെ റമദാനിന്റെ പ്രത്യേക ഉത്സാഹം എവിടെയും നിറഞ്ഞുനില്‍ക്കുന്നുണ്ടാവും.
തങ്ങന്മാരുടെ പള്ളി എന്നറിയപ്പെടുന്ന വലിയകത്തു പള്ളിയില്‍ പഴയ കാലത്ത് ഇവിടെനിന്ന് ദൂരദേശങ്ങളിലേക്ക് താമസം മാറിപ്പോയ തങ്ങന്മാര്‍ പോലും ബറാഅത്ത് രാവില്‍ എത്തി ഒന്നിച്ചു കൂടുമായിരുന്നു. റമദാന്‍ മാസം കണ്ടാല്‍ ഇനാംദാറെ ആനയിച്ചു കൊണ്ടുപോവുക എന്നൊരു ചടങ്ങുണ്ടായിരുന്നു മുന്‍കാലത്ത്. ടിപ്പു സുല്‍ത്താന്‍ നല്‍കിയ പദവിയാണ് ഇനാംദാര്‍. മാസം കണ്ടാലുടനെ വലിയകത്തു പള്ളിയിലെ പ്രധാന മഖാമിലേക്കും ഹൈദ്രോസ് പള്ളി മഖാമിലേക്കും ഇനാംദാറെ ആദരിച്ചാനയിക്കും. അവിടെവച്ച് ഫാതിഹ ഓതി ദുആയിരന്ന് ഗഹ്‌വ കുടിച്ച് എല്ലാവരും പിരിയും.
റമദാനില്‍ പണ്ടുമുതലേ തറാവീഹിന് ഖുര്‍ആന്‍ ഖത്തം ഓതിത്തീര്‍ക്കുക വലിയകത്തു പള്ളിയിലെ പ്രത്യേകതയാണ്. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ രണ്ടു മക്കളെയും പെങ്ങളുടെ മകനെയും മക്കയില്‍ അയച്ച് ഖുര്‍ആന്‍ പഠിപ്പിച്ചു ഹാഫിളുകളായി തിരിച്ചു വരികയും ആ മൂന്നുപേരും ഊഴമിട്ട് തറാവീഹിന് നേതൃത്വം കൊടുത്തതും ഖുര്‍ആന്‍ ഖത്തം തീര്‍ക്കുന്നതും പഴമക്കാരുടെ ഓര്‍മയിലുണ്ട്. പകല്‍സമയങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫിരുന്നു കൊണ്ട് ഈ ഹാഫിളുകള്‍ ഖുര്‍ആന്‍ ഈണത്തില്‍ ഓതിപ്പരിശീലിക്കുമ്പോള്‍ അന്ധനായ മുഹമ്മദ് മുസ്‌ലിയാര്‍ എന്ന പണ്ഡിതനായിരുന്നു ഇവര്‍ക്കൊപ്പം ഇരുന്നുകൊണ്ട് പിഴവുകള്‍ വന്നുപോയാല്‍ തിരുത്തി കൊടുത്തിരുന്നത്. ഇതില്‍ ഹുസൈന്‍ ബാഫഖി തങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പ്രായത്തിന്റെ അവശതയുണ്ടെങ്കിലും രണ്ടുവര്‍ഷം മുമ്പ് വരെ തറാവീഹിന്റെ ആദ്യ റക്അതുകളില്‍ ഇമാമായി അദ്ദേഹം നില്‍ക്കുമായിരുന്നു.
'നകാര'ത്തില്‍ അത്താഴം മുട്ടി അറിയിക്കുന്ന പതിവും പണ്ടുണ്ടായിരുന്നു. ഇപ്പോഴും അത്താഴസമയത്ത് വിളിച്ചറിയിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടമുണ്ട്. സുബ്ഹി ബാങ്കിന് അല്‍പം മുമ്പായി 'തര്‍ഹീം' ചൊല്ലുക എന്ന പതിവുമുണ്ടായിരുന്നു. ഖാതിബ് അഹ്‌മദ്ക്ക എന്നയാളായിരുന്നു ഈണത്തില്‍ തര്‍ഹീം ചൊല്ലിയിരുന്നത്.
റമദാനിന്റെ പകലുകളില്‍ പള്ളികളിലിരുന്ന് ഖുര്‍ആന്‍ ഓതുന്നവരുടെ തിരക്കാണ്. വൈകുന്നേരമാവുമ്പോള്‍ അന്തരീക്ഷത്തില്‍ വിവിധയിനം പലഹാരങ്ങളുടെ ഗന്ധമുയരും. വീട്ടിലേക്ക് മാത്രമല്ല, പള്ളികളിലേക്കുകൂടി നോമ്പുതുറക്കായി പലഹാരങ്ങള്‍ കൊടുത്തയക്കുന്ന വീട്ടുകാരുമുണ്ട്. മുന്‍കാലങ്ങളില്‍ നോമ്പുതുറ സമയമായി എന്നറിയിക്കാന്‍ കതിന പൊട്ടിക്കുന്ന സമ്പ്രദായവും വ്യാപകമായിരുന്നു. ബന്ധുവീടുകളില്‍ നോമ്പുതുറ നടത്തി എല്ലാവരെയും വിളിക്കുന്നതും പുതിയ സംബന്ധക്കാര്‍ നോമ്പുതുറക്കാന്‍ വരുമ്പോള്‍ (സലാം കൊണ്ടുപോവുക എന്നാണ് ഈ ചടങ്ങിന് പറയുക) പശുവിന്‍ നെയ്യടക്കം നോമ്പുതുറയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതും പതിവുകാഴ്ചയായിരുന്നു.
നോമ്പുതുറ കഴിഞ്ഞാല്‍ ഇശാ നിസ്‌കാരത്തിനും തറാവീഹിനുമായി കുട്ടികളും മുതിര്‍ന്നവരും പള്ളികളിലേക്കു നീങ്ങും. കുട്ടികള്‍ കൂട്ടുകാരുടെ വീടുകളിലൊക്കെ കയറിയിറങ്ങി അവിടെനിന്നും പലഹാരങ്ങളൊക്കെ കഴിച്ചാണ് പള്ളികളിലെത്തുക. റമദാനില്‍ സ്‌പെഷലായി 'ചക്കരപ്പുകയില' എന്ന പേരുള്ള സുഗന്ധമുള്ള ഒരിനം ബീഡി കൊയിലാണ്ടിയില്‍ ഉണ്ടായിരുന്നു. സ്ത്രീകളടക്കം നോമ്പുതുറന്നു കഴിഞ്ഞാല്‍ ഈ ബീഡി വലിക്കും. കുട്ടികള്‍ ചക്കരപ്പുകയില വലിക്കുന്നതു കണ്ടാലും മുതിര്‍ന്നവര്‍ ശാസിക്കുന്നത് കുറവായിരുന്നു. സമീപപ്രദേശങ്ങളായ കോഴിക്കോട് കുറ്റിച്ചിറയിലെ പോലെയോ വടകര താഴങ്ങാടി പോലെയോ രാത്രിയെ പകലാക്കുന്ന കച്ചവടപ്പൊലിമയും തിരക്കും കൊയിലാണ്ടിയില്‍ ഇല്ല. തറാവീഹ് കഴിഞ്ഞും ഉണര്‍ന്നിരിക്കുന്ന നോമ്പുകാല കടകള്‍ ഉണ്ടെങ്കിലും മേല്‍പറഞ്ഞ പ്രദേശങ്ങളെ പോലെയില്ല. മുമ്പൊക്കെ ഈ രാത്രികാല കടകള്‍ കുട്ടികള്‍ തന്നെയാണ് നടത്തിയിരുന്നത്.
ഈ നാട്ടിലെ മഖാമുകള്‍ക്കു സമീപം കച്ചവടങ്ങള്‍ കുറവാണ് എന്നത് പ്രത്യേക ശ്രദ്ധേ അര്‍ഹിക്കുന്നുണ്ട്. ഭക്തിയുടെയും ശാന്തിയുടെയും നിശബ്ദമായ അന്തരീക്ഷമാണ് അവിടങ്ങളില്‍. റമദാന്‍ രാത്രികളില്‍ കൊയിലാണ്ടിയുടെ ഭാവവും ഇതുപോലെയാണ്. എല്ലാ പള്ളികളിലും റമദാനിലെ ഒറ്റയായ ദിവസങ്ങളിലാണ് ഓത്ത്. ഇരുപത്തിയൊമ്പതാം രാവിലാണ് വലിയകത്തു പള്ളിയിലെ ഓത്ത്. ഓത്തുദിവസം പിരിഞ്ഞുകിട്ടുന്ന പണം പള്ളി ഇമാമിനും മുക്രിക്കുമായി വീതംവയ്ക്കും. പാറപ്പള്ളിയിലെ ഓത്താണ് സമീപദേശങ്ങളില്‍കൂടി പേരുകേട്ടതും കൂടുതല്‍ ആളുകള്‍ എത്തുന്നതും. റമദാന്‍ ഇരുപത്തിയഞ്ചിനാണ് പാറപ്പള്ളിക്കലെ ഓത്ത്. സമീപത്തുള്ള എട്ടോളം മഹല്ലുകളില്‍ നിന്ന് മയ്യിത്തുകള്‍ മറമാടാന്‍ എത്തുന്നത് പാറപ്പള്ളി ഖബര്‍സ്ഥാനിലാണ്. അതുകൊണ്ടുതന്നെ അന്നേ ദിവസം ഈ മഹല്ലുകളിലുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറിനരികില്‍ യാസീന്‍ ഓതാനും പ്രാര്‍ഥിക്കാനുമെത്തും. 'അരീര'വും ഇളനീരുമായാണ് ഏറെപ്പേരും വരിക. അരീരം അരിയും മധുരവും ചേര്‍ത്തുണ്ടാക്കുന്ന ഗോട്ടി പോലിരിക്കുന്ന പലഹാരമാണ്. പാറപ്പള്ളിക്കലേക്ക് അരീരം നേര്‍ന്നാല്‍ മുഖക്കുരു വരില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.
പാറപ്പള്ളിയിലെ ഓത്തിന് വരുന്നവര്‍ക്ക് നോമ്പുതുറ പള്ളിയുടെ സമീപവീടുകളില്‍ ഒരുക്കിയിട്ടുണ്ടാവും. പണ്ടുകാലത്ത് ചക്ക വെരകിയതും കഞ്ഞിയുമായിരുന്നു വിഭവങ്ങളെങ്കില്‍ പില്‍ക്കാലത്ത് അതു മാറി. റമദാനില്‍ മദീനാപള്ളിയില്‍ എത്തുന്നവരെ നോമ്പുതുറപ്പിക്കാന്‍ മത്സരിക്കുന്ന മദീനാ നിവാസികളെ ഓര്‍മിപ്പിക്കുന്നതാണ് പാറപ്പള്ളിയുടെ സമീപമുള്ള വീട്ടുകാരുടെ ഈ നോമ്പുതുറയൊരുക്കല്‍.
കേരളത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായ പന്തലായനി കൊല്ലത്തെ ആദ്യത്തെ പള്ളി മക്കത്തെ പള്ളിയുടെ രൂപത്തില്‍ ആയിരുന്നുവെന്നും കടല്‍തീരത്തുള്ള ആ പള്ളിയുടെ ചെമ്പോട് മേഞ്ഞ മേല്‍ക്കൂര കടലില്‍നിന്ന് കാണുമ്പോള്‍ എല്ലാ അറബിക്കപ്പലുകളും ആചാരപൂര്‍വമായ ബഹുമാനത്തിന് വിധേയമായിരുന്നുവെന്നും ചരിത്രകാരനായ ശ്രീധരമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നാട്ടിലെ പള്ളികളെ കുറിച്ചും ഇവിടുത്തെ മുസ്‌ലിംകളെ കുറിച്ചും സഞ്ചാരിയായ ഇബ്‌നു ബത്തൂത്തയും വിശദമായി എഴുതിയിട്ടുണ്ട്. മാലിക് ദീനാറിലൂടെ ഇസ്‌ലാം ദീന്‍ വന്നുചേര്‍ന്ന ഈ മണ്ണില്‍ മതപ്രചാരകരായി എത്തിയ വിവിധ സയ്യിദ് വംശജരിലൂടെ ഏറ്റവും നല്ലരീതിയില്‍ വ്യാപിച്ചു.
മതപരമായ കാര്യങ്ങളില്‍ ഏറ്റവും ഭക്തിയും നിഷ്ഠയും പുലര്‍ത്തുന്ന ഈ ദേശത്തെ മുസ്‌ലിംകളില്‍ റമദാന്‍ മാസക്കാലം ശരിക്കും ആത്മീയമായ ആഘോഷക്കാലമാണ്. റമദാനിന്റെ സൂക്ഷ്മതയും ചൈതന്യവും നിലനിര്‍ത്തുന്ന പകലുകളും തറാവീഹും ഖിയാമുല്ലൈലുമായി ഭക്തിസാന്ദ്രമായ രാത്രികളും തന്നെയാണ് ഈ നാട്ടിലെ റമദാനിന്റെ തിളക്കം. പുതുതലമുറയും ആ ഉത്സാഹവും ചൈതന്യവും നിലനിര്‍ത്തുന്നതില്‍ പിറകിലല്ല. യാത്രക്കാര്‍ക്കായി പള്ളികളില്‍ മാത്രമല്ല, കൊയിലാണ്ടി വഴികടന്നു പോകുന്ന ബസ് യാത്രക്കാര്‍ക്കു നോമ്പുതുറ വിഭവങ്ങളുമായി ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്ന ചെറുപ്പക്കാരെ ഇവിടെ കാണാം. കേരളത്തിലെ മുസ്‌ലിം ചരിത്രത്തില്‍ ഏറെ പ്രമുഖമായ ദേശമാണ് കൊയിലാണ്ടി. പഴയ കാലത്തിന്റെ ചിട്ടകളും രീതികളും തന്നെയാണ് ഇന്നും ഇവിടുത്തെ റമദാന്‍ കാലങ്ങളില്‍. ഭക്തിയുടെ നിറവിനോടൊപ്പം സ്‌നേഹവും സൗഹാര്‍ദവും ഒന്നുകൂടി അടുപ്പിച്ചുറപ്പിക്കുന്ന കാലം കൂടിയാണ് ഈ പ്രദേശത്തെ റമദാന്‍ കാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."