വാലാജാ പള്ളിയിലെ മിച്ചറിട്ട കഞ്ഞിയും വല്ലാത്തൊരു ഫീലും
പി.കെ മുഹമ്മദ് ഹാത്തിഫ്
ചെന്നൈയിലെ പ്രസിദ്ധമായ മദ്രാസ് സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന്റെ ഭാഗമായി സെമിനാറില്‍ പേപ്പര്‍ പ്രസന്റേഷനെത്തിയത് ഒരു നോമ്പുകാലത്തായിരുന്നു. സര്‍വകലാശാലയില്‍നിന്ന് പത്തുമിനുട്ടു മാത്രം അകലെയുള്ള ട്രിപ്പിക്കേനിലാണ് റൂമെടുത്തത്. കഠിനചൂടില്‍ വൈകിട്ട് ദോശയും ചമ്മന്തിയും കഴിച്ച് നോമ്പു തുറക്കാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വാലാജാ ബിഗ് മോസ്‌ക് റൂമിനു തൊട്ടടുത്താണെന്നു മനസിലായത്.
ചെന്നൈ നഗരത്തിന്റെ ഒത്ത നടുവിലായാണ് പ്രസിദ്ധമായ വാലാജാ ബിഗ് മോസ്‌ക് സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ പള്ളി. ഏക്കറോളം വരുന്ന സ്ഥലം. ആര്‍കോട്ടിലെ രാജകുടുംബത്തിനു കീഴിലെ സ്ഥലത്താണ് പള്ളി നില്‍ക്കുന്നതെന്ന് കവാടത്തിലെ മുന്‍ഭാഗത്തെ കറുത്ത ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയൊരു കവാടവും കടന്നുവേണം പള്ളിയുടെ പ്രധാന കോംപൗണ്ടിലേക്ക് പ്രവേശിക്കാന്‍. കടന്നുചെന്നാല്‍ നേരെ കാണുന്നത് വലിയ ഗ്രൗണ്ട്. കുറച്ചുദൂരം നടന്നാല്‍ മൂന്ന് കല്‍പ്പടവുകള്‍ കടന്നാല്‍ വീണ്ടും കല്ലുപാകിയ ചെറിയ സ്ഥലം. അവിടെ വലിയൊരു പന്തലൊരുക്കിയിട്ടുണ്ട്. അതിനുതാഴെ പുല്‍പ്പായകളും വിരിച്ചിട്ടുണ്ട്. അതിനു തൊട്ടപ്പുറത്തായാണ് ഒരേസമയം നൂറിലധികം പേര്‍ക്ക് ഇരുന്ന് വുളൂ (അംഗസ്‌നാനം) ചെയ്യാനുള്ള വലിയ ഹൗളുള്ളത് (അംഗസ്‌നാനം ചെയ്യാനുള്ള സ്ഥലം). കരിങ്കല്ലുകള്‍കൊണ്ട് കൊത്തിയുണ്ടാക്കിയത്. വുളൂ ചെയ്തുവേണം നോമ്പു തുറയ്ക്കായി സമീപത്തൊരുക്കിയ പന്തലിലേക്കു പ്രവേശിക്കാന്‍.
നാലു കീറായി മുറിച്ച ഈത്തപ്പഴവും നാലു പാത്രങ്ങളില്‍ മൂടിവച്ച കഞ്ഞിയും തണുത്ത വെള്ളവും മാത്രം. ഒരിടത്ത് നാലുപേര്‍ ചേര്‍ന്നിരുന്നാണ് കഴിക്കുക. വാങ്കുവിളിക്കാന്‍ ഇനിയും പത്തു മിനുട്ട് ബാക്കിയുണ്ട്. അപ്പോഴേക്കും ഓരോരുത്തരായി വുളൂവെടുത്ത് അടുത്തു വന്നിരിക്കും. എല്ലാവരുടെ കൈയിലും ചെറിയ കവറുകളിലായി പലഹാരവും. അടുത്തിരിക്കുന്നവര്‍ക്കായി അതു വീതിച്ചു നല്‍കും. അങ്ങനെ നാലുപേരും കൊണ്ടുവരുന്ന വ്യത്യസ്ത വിഭവങ്ങള്‍കൊണ്ട് ആദ്യം നോമ്പു മുറിക്കും.
ഉരുളക്കിഴങ്ങും പച്ചപ്പട്ടാണിക്കടലയും ചേര്‍ത്തുണ്ടാക്കിയ ചെറിയ സമൂസ, പരിപ്പുവട, പഴങ്ങള്‍... വിഭവങ്ങളെല്ലാം തൊട്ടപ്പുറത്തിരിക്കുന്നവരിലേക്കും പകര്‍ന്നുനല്‍കും. അങ്ങനെ കുറെ വിഭവങ്ങള്‍ കൊണ്ടുള്ള നോമ്പുതുറ. ശേഷം മൂടിവച്ച കഞ്ഞിയിലേക്കിടാന്‍ നല്ല എരിവുള്ള മിച്ചറിന്റെ പാത്രം ഓരോ സംഘത്തിനടുത്തേക്കും നീങ്ങിയെത്തും. കഞ്ഞിപ്പാത്രം തുറന്ന് അതിനു മുകളിലേക്ക് കടല ചേര്‍ക്കാത്ത മിച്ചര്‍ വിതറിയ ശേഷം സ്റ്റീല്‍പാത്രം വായോട് ചേര്‍ത്ത് വലിച്ചുകുടിക്കും.
ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായ സമയത്ത് നോമ്പുകാലത്ത് പള്ളികളിലെ കഞ്ഞി വിതരണത്തിനായി 6,000 മെട്രിക് ടണ്‍ അരി വിതരണം ചെയ്തുവെന്ന വാര്‍ത്തയാണ് ഇത് കുടിച്ചുതീര്‍ന്നപ്പോള്‍ ഓര്‍മയിലേക്ക് വന്നത്. തിരുവനന്തപുരത്തെ നോമ്പു കഞ്ഞിയേക്കാള്‍ മികച്ച ഫീല്‍. ബിരിയാണി അരി കൊണ്ടുണ്ടാക്കുന്നതു കൊണ്ട് ബിരിയാണിക്കഞ്ഞിയെന്നാണ് തമിഴ്‌നാട്ടുകാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അരി, ഇഞ്ചി, പച്ചമുളക്, തക്കാളി, മല്ലിയില, പുതിനയില, കറിവേപ്പില, മഞ്ഞള്‍പ്പൊടി, ചുക്ക്, കറുവപ്പട്ട, ഗ്രാമ്പു, ഏലം, അണ്ടിപ്പരിപ്പ്, പശുവിന്‍നെയ്യ് നാവില്‍ രുചിയൂറിയ എല്ലാത്തിന്റേയും പേര് ഇവിടെ കോമയിട്ട് ചേര്‍ത്തിട്ടുണ്ട്. മിക്കവാറും ചെന്നൈ നഗരത്തിനു ചുറ്റും സ്ഥിതിചെയ്യുന്ന എല്ലാ പള്ളികളിലെയും ആദ്യ തുറ ഇങ്ങനെ തന്നെയാണ്.
കഠിനമായ ചൂടിനെ അതിജീവിച്ചാണ് ചെന്നൈ നഗരത്തിലെ നോമ്പുകാലം കഴിഞ്ഞു പോവുന്നത്. തമിഴ്‌നാട്ടിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ മിക്കവാറും പുരുഷന്‍മാരെല്ലാം ബിസിനസും കച്ചവടവുമായാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ നോമ്പുകാലത്തും പുരുഷന്‍മാരെല്ലാം നോമ്പും തുറന്ന് തറാവീഹും നിസ്‌കരിച്ചാണ് വീട്ടിലേക്ക് തിരിച്ചെത്തുക. തറാവീഹ് നിസ്‌കാരത്തിനായി പള്ളി ഇമാമിനു പുറമെ ഹാഫിളീങ്ങളാണ് നേതൃത്വം നല്‍കുന്നത്. 20 റക്അത്ത് തറാവീഹ് ചിലപ്പോള്‍ മണിക്കൂറുകളോളം നീളും.
രാത്രി പതിനൊന്നോടെ തറാവീഹും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ പള്ളിയിലെ ഖാദിമിനോട് അത്താഴമുണ്ടാകുമോ എന്ന് ചോദിച്ചു. മൂന്നു മണിയോടെ പള്ളിയിലെത്താന്‍ പറഞ്ഞു. സുഖനിദ്രക്കു ശേഷം പള്ളിയിലേക്ക് നടക്കുന്നതിനിടെയാണ് പെരുമ്പറ മുഴങ്ങുന്നതു കേട്ടത്. ഏകദേശം ഒരു മിനുട്ട് ഇടവിട്ട് അതിന്റെ ശബ്ദം മുഴങ്ങുന്നുണ്ട്. ഓരോരുത്തരായി പള്ളിമുറ്റത്തെ പ്രത്യേക കൗണ്ടറിനു മുന്നില്‍ നില്‍പ്പുറപ്പിച്ചിരുന്നു. ചെറിയ സ്റ്റീല്‍ പ്ലേറ്റിലേക്ക് ബീഫും ചോറും പപ്പടവും പഴവും അടങ്ങുന്ന അത്താഴം. ഭക്ഷണം കഴിച്ച് വുളൂവെടുത്ത് തഹജ്ജുദും നിസ്‌കരിച്ച് പള്ളിയിലിരിക്കുമ്പോള്‍ വീണ്ടും പെരുമ്പറയുടെ മുഴക്കം. ഒരു മിനുട്ടിനു ശേഷം സുബ്ഹി ബാങ്കും... അസ്സ്വലാത്തു ഖൈറും മിനന്നൗം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."