പടച്ചോന്‍ റഹ്മത്ത് നിറക്കണ മാസം
റസീന ഹൈദര്‍
ളെ , ഞാന്‍ പോട്ടെട്ടോ'
'ഇത്രപെട്ടെന്ന് ഡോക്ടറെ കണ്ടുകഴിഞ്ഞോ!'
'ഡാക്കിട്ടര്‍ പലേ കതേം പറയും, അതു ചെവികൊള്ളാന്‍ മ്മളെ കൊണ്ടാവൂല...'
'സര്‍, വേദന കൂടാന്‍ നില്‍ക്കണ്ട കേട്ടോ...'
'അന്നോടു പറഞ്ഞില്ലേ, വാപ്പാന്നോ വല്യാപ്പാന്നോ വിളിക്കിന്‍...'
'ഓ, വിളിച്ചോളാം'
വല്ലാതെ കൂനികൂടിയ ആ മനുഷ്യനെ, കൂടെനിന്നു സഹായിച്ചതു കൊണ്ടാണോ എന്നറിയില്ല, അദ്ദേഹം ചിരപരിചിതരെ പോലെ പെരുമാറി.
'ഉപ്പാ, ഇങ്ങളൊന്നുകൂടെ ആലോചിക്കൂ, മരുന്നെടുത്തെ പറ്റുള്ളൂ...'
'ഇജ്ജ് ന്നെ മക്കാറാക്കല്ലേ കുട്ട്യേ, ഞാന്‍ ഇനിയും ഒരു അഞ്ചുപത്തുകൊല്ലം കൂടെ ഓടും'.
'ഇന്‍ഷാ അല്ലാഹ് അങ്ങനെ തന്നെയാകട്ടെ, സലാം'
വല്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ടു നിറയെ ചൈതന്യമുള്ളൊരു ചിരിപാകി കൈയിലെ തസ്ബീഹ് മണികളോട് സ്വകാര്യം പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നകന്നു.
പ്രായമേറെയുണ്ടെങ്കിലും കൂനികൂടിയാണ് നടപ്പെങ്കിലും അദ്ദേഹത്തിന്റെ ചിരിക്ക് വല്ലാത്തൊരു പ്രകാശമുണ്ടായിരുന്നു.
റമദാന്റെ അവസാന പത്തുകളിലെപ്പോഴോ വീണ്ടും അദ്ദേഹം എന്റെ മുന്നിലെത്തി. എന്തോ, നന്നേ ക്ഷീണിതനായും വൃത്തിഹീനനായും കാണപ്പെട്ടു.
'പിന്നേം വയ്യാതായോ?'
'ആ വയ്യാ, എനിക്ക് കുറച്ചു പറയാനുണ്ടേയ്‌ന്'
'ഉപ്പാ വരൂ...'
താഴത്തെ ലോഞ്ചിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ലിഫ്റ്റിലേക്ക് വേച്ചുവേച്ചാണ് കാലെടുത്തുവച്ചത്.
'ഞാന്‍ പിടിക്കണോ?'
'ഹേയ് വേണ്ടാ'
വല്ലാതെ മുഷിഞ്ഞ ജുബ്ബയും ഒരു കൈയില്‍ തസ്ബീഹ് മാലയും മറുകൈയില്‍ പ്ലാസ്റ്റിക് കവറും തലയില്‍ ഏറെ പഴകിയ തൊപ്പിയും.
ലോഞ്ചിലെത്തും മുമ്പേ അദ്ദേഹം വീണുപോയാലോ എന്ന പേടിയില്‍ അദ്ദേഹത്തോടു ചേര്‍ന്നുനിന്നു.
'ഇരിക്കു , അന്ന് വാ തോരാതെ സംസാരിച്ച ആളാണല്ലോ ,ഇന്നെന്തു പറ്റി '
'ഈ വേദന ഇടെങ്ങേറാക്കുന്നു ബേജാറും കൂടിക്കാണും'
'അന്നേ ഡോക്ടര്‍ പറഞ്ഞതല്ലേ ടെസ്റ്റ് ചെയ്യാന്‍, കൂട്ടാക്കാതെ പോയതല്ലേ...'
'അന്നിത്ര കൊയപ്പം ഇല്ലേനി'
'വെള്ളം വേണോ !'
'വേണ്ടാ, നോമ്പുണ്ട് '
'വയ്യാത്തപ്പോള്‍ നോമ്പെടുക്കണോ, പടച്ചോന് മനസ്സിലാകാതിരിക്കില്ലല്ലോ...'
'ഉം.. മോളെ ആ ടെസ്റ്റിന് എതൃപ്പ്യ ആകും?'
'ഉപ്പാ നിങ്ങളാ ടെസ്റ്റ് ചെയ്യൂ'
'ഇജ്ജ് പൈസ പറയി'
'അന്ന് പറഞ്ഞതു തന്നെ, എന്നാല്‍ പിന്നെ ഇതന്നേ ചെയ്യായിരുന്നില്ലേ ?'
'അന്ന് പൈസ വേണ്ടേ'
'ഇപ്പൊ കിട്ടിയോ'
'ആ, മുറി വിട്ടു, ഇപ്പൊ പള്ളിക്കലാ കിടക്കല്, ഒരു ഉസ്താദ് ഇച്ചിരി സ്ഥലം തന്നു, ഓലെ കൂടെയാണ്, പിന്നെ നോമ്പല്ലേ, കുറേ തിന്നേം മാണ്ട, പള്ളിക്കന്നു നോമ്പുറക്കുള്ളേം അത്തായവും കിട്ടും, പണിയെടുത്ത പൈസ കയ്യിലുണ്ട്...'
'നാട്ടില്‍ പൊക്കൂടെ ഉപ്പാ'
'അബിടെ ആരുണ്ടായ്ട്ടാ!, ജ്ജ് ടെസ്റ്റ് ചെയ്തു മരുന്ന് തരീ, ഗുളിക കുടിച്ചാ മാറും..'
'വാ, നമുക്കെന്നാ ബാക്കി കാര്യങ്ങള്‍ നോക്കാം'
എല്ലാം കഴിഞ്ഞു മരുന്നും വാങ്ങി പോകുമ്പോള്‍ അദ്ദേഹം ഒരിക്കല്‍ക്കൂടെ അടുത്തേക്കുവന്നു.
'റമദാന്‍ ഒരു പുണ്യമാസമാണ്, പടച്ചോന്‍ റഹ്‌മത്തു നിറക്കണ മാസം, പടച്ചോനല്ലെങ്കിലും ഏതേലും വയീക്കൂടെ എല്ലാരേം കാക്കും, ഈ മാസം ആയോണ്ടാണ് നിക്കിപ്പോ ഇതു ചെയ്യാന്‍ പറ്റിയത്. ആ മുറീല് വാടകേം കൊടുത്തു മൂന്നുനേരം തിന്നും കുടിച്ചും കിടന്നാല് നിക്കിപ്പോ ന്റെ വയ്യായ്ക മാറ്റാന്‍ കയ്യോ?
പടച്ചോന്‍ അന്നേം ന്നേം മ്മളെ എല്ലാരേം കാക്കട്ടെ...'
'ആ.. മരുന്ന് മുടക്കേണ്ട....'
വേദനയൊന്നു ശമിച്ചതിനാല്‍ പഴയ ആ നിറചിരി സമ്മാനിച്ചു അദ്ദേഹം മടങ്ങി. മരുന്ന് മുടങ്ങാതെ അദ്ദേഹം കഴിച്ചാല്‍ മതിയായിരുന്നു എന്നൊരു പ്രാര്‍ഥന തൊണ്ടയിലും കുടുങ്ങി.
പ്രവാസികള്‍ക്കു റമദാന്‍ പുണ്യമാസം മാത്രമല്ല, ആ ഉപ്പയെ പോലെ. എന്തൊക്കെയോ അനുഗ്രഹങ്ങളായി പല രീതിയില്‍ അതോരോ മനുഷ്യനെയും തൊട്ടുതലോടി കടന്നുപോകുന്നുണ്ട്.
കൊടുംചൂടിലെ പന്ത്രണ്ടോ പതിനെട്ടോ മണിക്കൂര്‍ നീണ്ട ജോലി ആറോ എട്ടോ മണിക്കൂറില്‍ അവസാനിക്കുന്നതായും സംഘടനകളും പള്ളികളും നല്‍കുന്ന ഭക്ഷണപ്പൊതികളായും മരുന്നായും സക്കാത്തായും അങ്ങനെയങ്ങനെ....
മതവിശ്വാസത്തിന്റെ ഭാഗമായല്ലാതെ നോമ്പനുഷ്ഠിക്കുന്ന അമുസ്‌ലിംകളെ എല്ലാ റമദാനിലും കാണാന്‍ സാധിക്കും. കൂടാതെ മൂന്നുനേരത്തെ ഭക്ഷണം ഒഴിവാക്കി പള്ളിയിലെ ഒരു നേരത്തെ ഭക്ഷണത്തിലേക്കൊതുങ്ങി ചെലവു ചുരുക്കുന്ന ചില മനുഷ്യരെയും കാണാം.
'ഈ മാസം തന്നെ അസുഖം വരണമായിരുന്നോ'എന്ന് രോഗബാധിതരായി ആശുപത്രിയില്‍ കിടക്കയിലെത്തുന്നവര്‍ വേദന പങ്കിടാറുണ്ട്.
ഒത്തുകൂടലിന്റെ മറ്റൊരു പേരുകൂടിയാണ് റമദാന്‍. സമൂഹ നോമ്പുതുറകളുടെ ശ്രേണിതന്നെയുണ്ട്.
ഒരിക്കല്‍ കണ്ടവരെ പിന്നെ കാണുന്നത് അടുത്ത നോമ്പുകാലത്തായിരിക്കും.
വിശപ്പ് പുസ്തകത്താളിലോ പ്രസംഗങ്ങളിലോ മാത്രമുള്ള അറിവാക്കാതെ അനുഭവിച്ചറിയാനാണ് നോമ്പ് ആഹ്വാനം ചെയ്യുന്നത്. ആ തിരിച്ചറിവിന്റെ ആഴം, നന്മ ഒട്ടും ചെറുതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."