വിധിയെഴുതിയത് തൃക്കാക്കര, പ്രതിഫലിച്ചത് കേരളീയ മനസ്, പിണറായിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്, നെഞ്ചുയര്‍ത്താം സതീശനും സുധാകരനും
തൃക്കാക്കര: തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനു ഇതിനേക്കാള്‍ വലിയൊരു മിഷന്‍ പ്രവര്‍ത്തിക്കാനില്ല. മുഖ്യമന്ത്രി, മന്ത്രിമാര്‍, പാര്‍ട്ടി സംവിധാനങ്ങളെല്ലാം ഇളക്കിമറിയാച്ചായിരുന്നു പ്രചാരണം. ഭരണം കയ്യിലുണ്ട്. വാഗ്ദാനങ്ങള്‍ പള്ളനിറച്ചു കൊടുത്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയെ കണക്കിനു കളിയാക്കിയിട്ടുണ്ട്.
സഭയുടെ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കി. സഭയുടെ കീഴിലുള്ള ആശുപത്രിയില്‍വെച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിരിക്കാനുള്ള എം.എല്‍.എ വേണോ ഭരണപക്ഷത്തേക്കുള്ള എം.എല്‍.എ വേണോ എന്നുമാത്രമായിരുന്നു ജനത്തിനു തിരഞ്ഞെടുക്കാനുണ്ടായിരുന്നത്. എന്നിട്ടും അവര്‍ ഒരേ മനസോടെ പ്രതിപക്ഷത്തിരിക്കുന്ന എം.എല്‍.എ മതി എന്നുതന്നെ വിധിയെഴുതിയിരിക്കുന്നു. ഭൂരിപക്ഷം പതിനേഴായിരം കടന്നിരിക്കുന്നു.
എണ്ണയിട്ട യന്ത്രം പോലെ യു.ഡി.എഫ് മിഷനറി പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരിക്കല്‍ പറഞ്ഞു. പരാജയപ്പെട്ടാല്‍ എല്ലാ ഉത്തരവാദിത്വവും തനിക്കാണെന്ന്. വിജയിച്ചാല്‍ യു.ഡി.എഫിന്റെ മൊത്തം പ്രവര്‍ത്തനമികവെന്നും. അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ടുതന്നെയാണ് അദ്ദേഹമങ്ങനെ പറഞ്ഞത്. ആ ആത്മവിശ്വാസം അതുപോലെ പുലര്‍ന്നിരിക്കുന്നു.
വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉമ തോമസിനുള്ള ലീഡ് ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല ആരും. ബി.ജെ.പി സാരഥി പോലും പറഞ്ഞത് ആരു വിജയിച്ചാലും ഭൂരിപക്ഷം കുറയുമെന്നാണ്. പക്ഷേ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നു ജനവിധി. സെഞ്ച്വറി തികക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഈ തോല്‍വി നല്‍കുന്നത് പുനര്‍വിചിന്തനത്തിനുള്ള വലിയ അവസരമാണ്. ആള്‍ക്കൂട്ടം കാണുമ്പോള്‍ കയ്യടികിട്ടുമെന്നു കരുതി എന്തും പറയുന്നവര്‍ക്കുള്ള താക്കീതുകൂടിയാണിത്. ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ മുയലുകിട്ടിയെന്നുകരുതി എപ്പോഴും മുയലിനെ പ്രതീക്ഷിച്ചവര്‍ക്കും വലിയ സന്ദേശമുണ്ട് ഈ ജനവിധിയില്‍.
കേരളത്തിലെ ജനങ്ങളെ ഇപ്പോഴും പാര്‍ട്ടികള്‍ക്ക് മനസിലായിട്ടില്ലെന്നു വേണം പറയാന്‍. ബഹുഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടുമ്പോള്‍ പല പാര്‍ട്ടികളും കരുതാറ് അവരുടെ മികവുകൊണ്ടാണെന്നു മാത്രമാണ്. പലപ്പോഴും ജനം മടുത്തിട്ടാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. കേരളത്തില്‍ നിക്ഷ്പക്ഷരായ വലിയ ജനവിഭാഗമുണ്ട്. അവര്‍ പാരമ്പര്യമായി വോട്ടു കുത്തുന്നുമുണ്ട്. ഒരിക്കലും സ്ഥിരമായി ഒരു മുന്നണിക്കോ ചിഹ്നത്തിലോ അല്ല അവര്‍ വോട്ടു ചെയ്യുന്നത്. നിലപാടുകള്‍ നോക്കിയാണ്. എന്നാല്‍ ഉറച്ച നിലപാടുകളുള്ള അവര്‍ അഞ്ചു വര്‍ഷം തികയുമ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിനെ മാറ്റണമെന്നു തീരുമാനിക്കും. അതാണ് കേരളത്തില്‍ നടപ്പാകുന്നത്. കഴിഞ്ഞ തവണ മാത്രം അതിനൊരപവാദമുണ്ടായി. പക്ഷേ, അതെന്നുമുണ്ടാകുമെന്ന് പ്രതീക്ഷച്ചവര്‍ക്കാണിപ്പോള്‍ കാലിടറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."