നടിയെ അക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം അനുവദിച്ചത് . തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹരജിയിലായിരുന്നു ഹൈക്കോടതി വിധി.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നു. ഫോണുകളില്‍ നിന്ന് ഡാറ്റ വീണ്ടെടുക്കാനുണ്ടെന്നും ഡിജിറ്റല്‍ രേഖകളും ശബ്ദ ശകലങ്ങളും അടക്കം ആയിരക്കണക്കിന് ചിത്രങ്ങളും ദൃശ്യങ്ങളും ഉണ്ടന്നും ഇത് പരിശോധിക്കേണ്ടതുണ്ടെന്നും കുടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജി അറിയിച്ചു.
നേരത്തെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നല്കിയ ഹരജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
മുമ്പ് താന്‍ തീരുമാനമെടുത്ത കേസില്‍നിന്ന് പിന്മാറാന് ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നടിയുടെ ആവശ്യം തള്ളിയത്. അതേസമയം, വിചാരണ വൈകിപ്പിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."