കേന്ദ്ര ഭവനനിര്‍മാണ പദ്ധതി ; സംസ്ഥാനം വീഴ്ച വരുത്തിയെന്ന് സി.എ.ജി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ജനറല്‍, സോഷ്യല്‍ സെക്ടറുകളെക്കുറിച്ച് 2019 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍പോലും ഗ്രാമപഞ്ചായത്തുകള്‍ക്ക് വീഴ്ചയുണ്ടായതായി കുറ്റപ്പെടുത്തുന്നത്.
2016- 17 മുതല്‍ 2018-19 വരെയുള്ള മൂന്നുവര്‍ഷ കാലയളവില്‍ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 42,431 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതിനായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ 75,709 കുടുംബങ്ങളില്‍ 45,409 കുടുംബങ്ങള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരല്ലായിരുന്നെന്ന് സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല 2016-19 കാലയളവില്‍ 42,431 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടപ്പോള്‍ 16,101 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കാത്തതു കാരണം 5,712 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിക്കു കീഴില്‍ വീട് നിഷേധിക്കപ്പെട്ടു.
അര്‍ഹരായ വനിതകള്‍ കുടുംബത്തിന്റെ ഭാഗമായിരുന്നിട്ടും പദ്ധതി മാര്‍ഗരേഖകള്‍ക്കു വിരുദ്ധമായി പുരുഷ അംഗങ്ങളുടെ പേരില്‍ മാത്രമായി വീടുകള്‍ അനുവദിച്ചു. ഗ്രാമ പഞ്ചായത്തുകളില്‍നിന്ന് കെട്ടിട നിര്‍മാണ പെര്‍മിറ്റും കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍നിന്ന് സമ്മതപത്രവും വാങ്ങാതെ 580ല്‍ അധികം വീടുകള്‍ നിര്‍മിച്ചു. പ്രായാധിക്യം ഉള്ളവര്‍, രോഗബാധിതര്‍, ഭിന്നശേഷിക്കാര്‍ മുതലായ സ്വന്തമായി നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ കഴിവില്ലാത്തവര്‍ക്കുവേണ്ടി ബ്ലോക്ക് പഞ്ചായത്തുകള്‍ വീട് നിര്‍മാണം ഏറ്റെടുക്കണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി അഗതികളും വയോജനങ്ങളും ദുര്‍ബലരുമായ ഗുണഭോക്താക്കള്‍ സ്വന്തമായി വീട് നിര്‍മാണം ഏറ്റെടുക്കുന്നതില്‍ വൈമുഖ്യം കാണിച്ചു എന്ന കാരണത്താല്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തുകള്‍ 393 ഗുണഭോക്താക്കള്‍ക്ക് വീട് അനുവദിച്ചില്ലെന്ന ഗുരുതരമായ വീഴ്ചയും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓഡിറ്റ് പരിശോധന നടത്തിയ 275 വീടുകളില്‍ 119 എണ്ണത്തില്‍ കുടിവെള്ളം, കക്കൂസ്, വൈദ്യുതി ബന്ധം, എല്‍.പി.ജി കണക്ഷന്‍ എന്നീ സൗകര്യങ്ങള്‍ ലഭിച്ചില്ല. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ പദ്ധതിയുടെ മേല്‍നോട്ടം അപര്യാപ്തമായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ഭൗതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതിലെ പരാജയംമൂലം 2016-18 കാലയളവില്‍ സംസ്ഥാനത്തിന് 195.82 കോടി രൂപയുടെ ധനസഹായം നഷ്ടമായെന്നും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."