വിപണിയില്‍ കപ്പ വില കുത്തനെ ഉയരുന്നു
ബാലുശ്ശേരി: കപ്പയുടെ വില ദിനം പ്രതി ഉയരുന്നത് സാധാരണക്കാരനെ വലയ്ക്കുന്നു. ഒരു കിലോ കപ്പയ്ക്ക് 30 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ പത്ത് രൂപയായിരുന്നു വില. ഈ വര്‍ഷം അത് മൂന്നിരട്ടിയാണ് വര്‍ധിച്ചത്. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം വ്യാപകമായ തോതില്‍ കൃഷി ചെയ്ത കപ്പ വാങ്ങാനാളില്ലാത്ത അവസ്ഥയായിരുന്നു. ഇതിനാല്‍ വളരെ തുച്ഛമായ വിലയ്ക്കാണ് കര്‍ഷകര്‍ കപ്പ വിറ്റഴിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ കടക്കെണിയിലാവുകയും ചെയ്തു. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്തിരിഞ്ഞതാണ് കപ്പ വില കുത്തനെ ഉയരുവാന്‍ ഇടയാക്കിയത്. കാറ്റിലും മഴയിലും കൃഷി നശിച്ചതും ഇടനിലക്കാരുടെ കടന്നു കയറ്റവും വില വര്‍ധനവിന് ആക്കം കൂട്ടി. വയനാടന്‍ കപ്പയുടെ വരവ് പാടെ നിലച്ച അവസ്ഥയിലായതോടെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് കപ്പ വരുന്നത്. ഇതും നിലച്ചാല്‍ കപ്പയുടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില വര്‍ധനവ് കാരണം ഹോട്ടലുടമകളും കപ്പ വിഭവങ്ങള്‍ക്ക് വന്‍തോതില്‍ വില കൂട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."