മൂര്‍ച്ചയുള്ള രാഷ്ട്രീയം പറഞ്ഞും ആഭ്യന്തരവകുപ്പിനെ കടന്നാക്രമിച്ചും രമ
തിരുവനന്തപുരം: തനിക്കു പറയാനുള്ള രാഷ്ട്രീയം കുറഞ്ഞ വാക്കില്‍ മൂര്‍ച്ചയോടെ പറഞ്ഞും കഴിഞ്ഞ ഭരണകാലത്തെ ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ചും കെ.കെ രമ. നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ ഏഴുമിനിറ്റാണ് അവര്‍ സംസാരിച്ചത്.
ലക്ഷദ്വീപ് വിഷയത്തിലെ പ്രമേയത്തില്‍ ഏറെ സന്തോഷമുണ്ട്. എന്നാല്‍ കേരളത്തിലും വ്യത്യസ്താഭിപ്രായങ്ങള്‍ നിര്‍ഭയവും സ്വതന്ത്രവുമായി പറയാന്‍ അവസരമുണ്ടാകണമെന്നും അത് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ടെന്നും രമ പറഞ്ഞപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ ഡസ്‌കിലടിച്ചു.
കഴിഞ്ഞ സര്‍ക്കാരിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ പൊതുസമൂഹവും പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു. അക്കാര്യങ്ങളില്‍ പുതിയ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കസ്റ്റഡി കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളുമുണ്ടായി. പിഞ്ചുകുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെട്ട കേസുകള്‍ അട്ടിമറിക്കപ്പെട്ടു. യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചു. ഈ സര്‍ക്കാരും അതേ പൊലിസ് നയമാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ വികസന നയം. നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് സര്‍ക്കാര്‍ ലജ്ജയില്ലാതെ പറയുകയാണ്. ഇരുപതിനായിരത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കെ റെയില്‍ പദ്ധതി ആര്‍ക്കുവേണ്ടിയാണ്? കിഫ്ബി കേരളത്തെ വന്‍ കടക്കെണിയിലേക്ക് തള്ളുന്നതാണ്. കേരളത്തിലെ കൊവിഡ് മരണസംഖ്യയിലെ അവ്യക്തത പരിശോധിക്കപ്പെടണം. സര്‍ക്കാരിന്റെ മദ്യനയം പരിഹാസ്യമാണെന്നും സാധാരണ ജനത്തിന്റെ ദുരിതങ്ങള്‍ക്ക് മുഖം കൊടുക്കാത്ത സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാവില്ലെന്നും രമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."