കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം പുകയുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഹൈക്കമാന്‍ഡില്‍നിന്ന് ലഭിച്ച ഫണ്ട് സംബന്ധിച്ച വിവാദം കോണ്‍ഗ്രസില്‍ പുകയുന്നു. ഗ്രൂപ്പ് മാനേജര്‍മാരും പ്രധാന നേതാക്കളും ചേര്‍ന്ന് ഫണ്ട് വീതിച്ചെടുത്തെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സ്ഥാനാര്ഥികളായിരുന്നവര്ക്കിടയിലും കോണ്‍ഗ്രസിനുള്ളിലും നടക്കുന്നത്. ഇത് വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കാനാണ് സാധ്യത.ബി.ജെ.പിയിലെപ്പോലെ മണ്ഡലങ്ങളെ എ, ബി, സി എന്നു തിരിച്ചാണ് കോണ്‍ഗ്രസിലും ഫണ്ട് വിതരണം നടത്തിയത്. ഹൈക്കമാന്‍ഡ് ഓരോ മണ്ഡലത്തിനുമായി നല്കിയ പണം കേരളത്തിലെത്തിയപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റും എ, ഐ ഗ്രൂപ്പുകളുമാണ് കൈകാര്യം ചെയ്തത്.
ഫണ്ടില്‍ ഒരു വിഹിതം ഗ്രൂപ്പുകള്‍ വീതംവച്ചെടുത്ത ശേഷം ബാക്കിയാണ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയതെന്ന ആരോപണം ഉയരുന്നുണ്ട്. പിന്നീട് ഗ്രൂപ്പുകള്‍ അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് ഗ്രൂപ്പിന്റെ വിഹിതമെന്ന പേരില്‍ ഇതില്‍നിന്നു പണം നല്കി. ഇതുകാരണം ഗ്രൂപ്പുകളില്പെടാത്ത കോണ്‍ഗ്രസിന്റെ ചില സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് പണത്തിനായി കഷ്ടപ്പെടുന്ന അവസ്ഥപോലുമുണ്ടായി.കെ.സി വേണുഗോപാലിന്റെയും ഹൈക്കമാന്‍ഡിന്റെയും നോമിനികളായി വന്ന പല സ്ഥാനാര്‍ഥികള്‍ക്കും ഈ അവസ്ഥയുണ്ടായി. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയിലും വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം വിവാദമാക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കമാന്‍ഡ് തയാറാകാതിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."