വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും കല്യാണക്കത്ത് ; പ്രസ് തുറക്കാതെങ്ങനെ കത്തടിക്കുമെന്ന് ജനം
പാലക്കാട്: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ചില മണ്ടത്തരങ്ങളും കയറിവരുന്നതായി പരാതി.
കഴിഞ്ഞ ദിവസം അവശ്യസാധനങ്ങള്‍ക്ക് പുറമെ ഇളവ് അനുവദിച്ച സാധനങ്ങളില്‍ പലതും വാങ്ങണമെങ്കില്‍ കല്യാണക്കത്ത് കാണിക്കണമെന്ന വ്യവസ്ഥയാണ് ഉപഭോക്താക്കളെയും വ്യാപാരികളേയും ഒരുപോലെ വെള്ളം കുടിപ്പിക്കുന്നത്.
കല്യാണക്കത്ത് അച്ചടിക്കാനുള്ള പ്രസുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പുതിയ നിര്‍ദേശം വന്നതിനൊപ്പം പ്രസുകള്‍ കൂടി തുറക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അത് പ്രായോഗികമായേനെ.
തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹ ക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുവാദമുള്ളൂവെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പ്രസുകള്‍ അടച്ചിടുകയും വിവാഹത്തിന് 20 ആളുകളില്‍ കൂടരുതെന്ന കര്‍ശന വ്യവസ്ഥയുള്ളതിനാല്‍ ഇത്രയും കുറച്ചുപേര്‍ക്കായി ആരും കല്യാണക്കത്ത് അടിക്കാറുമില്ല.
മാത്രമല്ല 20 പേരും കുടുംബത്തിനകത്തുനിന്നുള്ളവരുമായിരിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് വിചിത്ര നിര്‍ദേശങ്ങളോടെ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പുറമെ ജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത പ്രിന്റിങ് പ്രസുകളിലെ 35,000 ഓളം തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.
പ്രസുകളും ജനങ്ങളും നേരിട്ട് സമ്പര്‍ക്കുണ്ടാകുന്നില്ലെന്നും ഓര്‍ഡര്‍ എടുക്കുന്നവര്‍ ഇ മെയില്‍ വഴിയാണ് പ്രസുകളിലേക്ക് പ്രിന്റ് ഓര്‍ഡറും ഡിസൈന്‍ വര്‍ക്കും അയക്കുന്നതെന്നും പ്രസ്സുടമകള്‍ പറയുന്നു. എന്നിട്ടും പ്രസ്സുകളെ തുറക്കാന്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. വിചിത്ര നിര്‍ദേശത്തില്‍ വ്യാപാരികള്‍ക്കും കടുത്ത പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."