സൈനിക വിമാനം കാണാതായിട്ട് ഒരുമാസം; കുടുംബങ്ങള്‍ സങ്കടക്കടലില്‍ തന്നെ
ബാലുശ്ശേരി: സൈനിക വിമാനം കാണാതായിട്ട് ഒരുമാസം പിന്നിടുമ്പോഴും ജില്ലയിലെ രണ്ട് കുടുംബങ്ങള്‍ സങ്കട കടലില്‍ തന്നെ. കഴിഞ്ഞ മാസം 22 നാണ് ചെന്നൈയിലെ താംബരം വ്യോമ താവളത്തില്‍ നിന്നും വിവിധ സൈനിക വിഭാഗങ്ങളിലെ 29 പേരുമായി എ.എന്‍-32 വിമാനം പോര്‍ട്ട്ബ്ലെയര്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്നത്.
ജൂനിയര്‍ എന്‍ജിനീയര്‍ കക്കോടി എ.പി വിമലും കാക്കൂര്‍ നെല്ലികുന്നുമ്മല്‍ അപ്പു നിവാസില്‍ സജീവ്കുമാറും കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ മുകള്‍ ഭാഗത്ത് വച്ചാണ് വിമാനം അപ്രത്യക്ഷമായത്. സംയുക്ത സൈനികര്‍ കടലിന്റെ ആഴങ്ങളില്‍ തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കാണാതായ വിമാനത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഒരു മാസമായിട്ടും ലഭിക്കുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ കഴിയുകയാണ് കുടുംബാംഗങ്ങള്‍.
അന്‍ഡമാന്‍ നിക്കോബാറില്‍ നാവിക ഉദ്യോഗസ്ഥനായ സജീവ്കുമാര്‍ വൃക്കയിലെ കല്ലിനുള്ള ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്നു.
നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്റെയും വിമാനങ്ങളും കപ്പലുകളും ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കടലിന്റെ 3500 മീറ്റര്‍ താഴ്ചയില്‍ നിന്നും ലോഹഭാഗങ്ങള്‍ കണ്ടെടുത്തതായും ഇത് കാണാതായ വിമാനത്തിന്റേതാണെന്ന് സംശയിക്കുന്നതായുമാണ് ഏറ്റവും അവസാനമായി ലഭിക്കുന്ന വിവരം. ആന്‍ഡമാനിലെ സൈനിക ഓഫിസില്‍നിന്നും എല്ലാ ദിവസവുമുള്ള ഫോണ്‍ കോളുകളാണ് ഏക ആശ്വാസമെന്നും സജീവ്കുമാറിന്റെ പിതാവ് രാജന് പറഞ്ഞു.
കോഴിക്കോട്ടെ സൈനിക ബാരക്കില്‍ നിന്നും തെരച്ചിലിന്റെ പുരോഗതിയെ സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഇതുവരെ ഉണ്ടായില്ലെന്നും രാജന് പറഞ്ഞു.
ആശ്വസിപ്പിക്കാനെത്തുന്നവരുടെ തിരക്ക് കുറഞ്ഞതോടെ തികച്ചും മൂകരായിരിക്കുകയാണ് രാജനും ഭാര്യ ചന്ദ്രമതിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."