ലക്ഷദ്വീപിലെ രോഗികളെ വിമാനമാര്‍ഗം കൊണ്ടുവരല്‍; 10 ദിവസത്തിനകം മാര്‍ഗരേഖ തയാറാക്കണം: ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് അടിയന്തര ചികിത്സയ്ക്കായി വിമാനമാര്‍ഗം രോഗികളെ കൊണ്ടുവരുന്നതു സംബന്ധിച്ചു 10 ദിവസത്തിനുള്ളില്‍ മാര്‍ഗരേഖ തയാറാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നിലവിലെ ചട്ടങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തു ലക്ഷദ്വീപ് സ്വദേശിയായ അഡ്വ. പി.എം മുഹമ്മദ് സ്വാലിഹ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
ദ്വീപില്‍ രണ്ടു ആശുപത്രികളും മൂന്നു കമ്മ്യുണിറ്റി ആരോഗ്യ കേന്ദ്രങ്ങളും നാലു െ്രെപമറി ആരോഗ്യ കേന്ദ്രങ്ങളും മാത്രമേയുള്ളുവെന്നും, ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ കൊച്ചി പോലെയുള്ള സ്ഥലങ്ങളിലേക്കു എത്തിക്കുന്നതിനു നിലവിലുള്ള ഭേദഗതി നിയമം അപ്രായോഗികമായതുകൊണ്ടു റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ ഓഫിസര്‍മാരുടെ നിര്‍ദേശ പ്രകാരമായിരുന്നു എയര്‍ ആംബുലന്‍സ് രോഗികള്‍ക്കു ലഭ്യമായിരുന്നത്. ഇതിനു പകരമായി അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശ പ്രകാരം നാലംഗ സമിതി കൂടി തീരുമാനമെടുത്താല്‍ മാത്രമേ എയര്‍ ആംബുലന്‍സ് സംവിധാനം ലഭിക്കുകയുള്ളുവെന്നും ഇതു നിരവധി രോഗികളുടെ മരണത്തിനു കാരണമാകുമെന്നും ഹരജിയില്‍ പറയുന്നു.
കമ്മിറ്റി കൂടി തീരുമാനമെടുക്കുന്നതിനുള്ള താമസം ഒഴിവാക്കുന്നതിനു പ്രത്യേക നിര്‍ദേശങ്ങളൊന്നും തന്നെ പുതിയതായി കൊണ്ടുവന്ന നിയമത്തിലില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമം വസ്തുതകളും സാഹചര്യങ്ങളും മനസിലാക്കാതെയും പഠന വിധേയമാക്കാതെയുമാണെന്നു ഹരജിക്കാരന്‍ വ്യക്തമാക്കി. ലക്ഷദ്വീപ് ഹെല്‍ത്ത് സര്‍വിസ് ഡയരക്ടര്‍ക്കാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു നിര്‍ദേശം നല്‍കിയത്. മറ്റുദ്വീപുകളില്‍നിന്ന് കവരത്തിയിലേക്ക് രോഗികളെ എത്തിക്കുന്നതിനും മാര്‍ഗരേഖ വേണമെന്നു കോടതിയാവശ്യപ്പെട്ടു. ഹരജി 10 ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."