2021ൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു: യു.എസ് ചില നേതാക്കൾ വർഗീയ ആക്രമണത്തെ പിന്തുണയ്ക്കുന്നു
വാഷിങ്ടൺ
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ നടന്നുവരുന്ന ആക്രമണങ്ങളെ നിശിതമായി വിമർശിച്ച് യു.എസ് വിദേശകാര്യവകുപ്പ്. 2021ലെ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോർട്ടിലാണ് കുറ്റപ്പെടുത്തലുള്ളത്. 2021ൽ ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാശനം ചെയ്യവെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉൾപ്പെടെയുള്ള യു.എസ് നേതാക്കൾ ഇന്ത്യയിലെ സംഭവങ്ങൾ എടുത്തുപറഞ്ഞ് വിമർശം ആവർത്തിക്കുകയും ചെയ്തു.
ലോകത്തുടനീളം മതസ്വാതന്ത്ര്യവും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഹനിക്കപ്പെടുന്നുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു. ഉദാഹരണത്തിന്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്- ബ്ലിങ്കൻ പറഞ്ഞു.
ചില ഇന്ത്യൻ നേതാക്കൾ രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ആക്രമണങ്ങളെ പിന്തുണയ്ക്കുകയോ അത്തരം സംഭവങ്ങൾ അവഗണിക്കുകയോ ചെയ്യുന്നുവെന്ന് മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന യു.എസ് സമിതി മേധാവി റഷാദ് ഹുസൈൻ പറഞ്ഞു. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളും ബലപ്രയോഗങ്ങളും കൊലപാതകങ്ങളും കൂടിവരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബീഫിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും റിപ്പോർട്ടിൽ ഒന്നിലധികം സ്ഥലങ്ങളിൽ പരാമർശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."