HOME
DETAILS
MAL
എന്റമ്മോ എന്തൊരു ചൂട്… വീടകങ്ങള്‍ ഒന്ന് തണുപ്പിച്ചാലോ
backup
April 14 2023 | 05:04 AM
ഹോ എന്തൊരു ചൂട്..ദിവസം ഒന്നും രണ്ടും തവണ ആയിരിക്കില്ല നമ്മള്‍ ഈ ആത്മഗതം നടത്തുന്നുണ്ടാവുക. അരെക്കണ്ടാലും ചൂടിന്റെ കഥയേ പറയാനുണ്ടാവൂ. കോണ്‍ക്രീറ്റ് വീടുകള്‍ ചെങ്കല്‍ചൂളകളായി മാറുന്ന കാലമാണ് വേനല്‍. വീട്ടിനകത്തും പുറത്തും ചുട്ടുപൊള്ളുന്ന അവസ്ഥ. ഈ അവസ്ഥക്ക് ഒന്ന് ശമനം വരുത്തിയാലോ.
നിര്‍മാണത്തില്‍ തുടങ്ങാം ചൂടിനെ ചെറുക്കാന്‍
ചൂടിനെ പഴിക്കുന്നതിന് മുന്‍പായി നമ്മുടെ വീട് എന്തൊകൊണ്ട് ഇത്തരത്തില്‍ ചൂടാകുന്നു എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. വീട് നിര്‍മിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്താല്‍ ചൂടിനെ പരമാവധി തടയാവുന്നതേ ഉള്ളൂ.
-
- സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ ക്രമീകരിക്കണം.
-
- വെയില്‍ അധികം പതിക്കാത്ത വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വയ്ക്കാം, ഇതിലൂടെ പരമാവധി ശുദ്ധവായു വീടിനകത്തേക്ക് കയറും.
-
- കോണ്‍ക്രീറ്റിനകത്ത് ഓട് വച്ച് വാര്‍ക്കുന്ന രീതിയും പരീക്ഷിച്ചുനോക്കാം. ചൂടുകുറയ്ക്കാം എന്ന് മാത്രമല്ല കോണ്‍ക്രീറ്റിന്റെ ചെലവിനത്തില്‍ നല്ലൊരു തുക ലാഭിക്കാനും ഇതുവഴി സാധിക്കും.
-
- ചുമരിന് പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ വരാന്തകള്‍ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.
-
- പരന്ന മേല്‍ക്കൂരകളേക്കാള്‍ ചെരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്ക് മേല്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും.
-
- തറയില്‍ ടൈലുകള്‍ പതിക്കുന്നത് മുറിയില്‍ ചൂട് നിറയ്ക്കും. അതുകൊണ്ട് തന്നെ ഫ്‌ളോറിങ്ങില്‍ പ്രകൃതിദത്തമായ രീതി പരീക്ഷിക്കുന്നതും ഗുണകരമാണ്.
-
- വീട്ടുമുറ്റത്ത് മനോഹരവര്‍ണങ്ങളില്‍ ഇന്റര്‍ലോക്കുകള്‍ പതിക്കുന്നവരാണ് ഇന്ന് മിക്കവരും. വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് പാകുന്നതോടെ മഴവെള്ളത്തിന് ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാതിരിക്കുകയും വേനല്‍ക്കാലമാകുന്നതോടെ വീടിന് ചൂട് കൂടാന്‍ കാരണമാകുകയും ചെയ്യും.
-
- വീടിനുചുറ്റും പരമാവധി തണുപ്പ് നിലനിര്‍ത്താനായി നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കുയെന്നതാണ് ഒരുകാര്യം. ചെറിയ തരത്തിലുള്ള ചെടികള്‍ മുറിയ്ക്കകത്ത് വെക്കുന്നതും മുറിയിലെ ചൂട് കുറക്കാന്‍ സാധിക്കും.
-
- പുതിയ വീട് വയ്ക്കുമ്പോള്‍ തന്നെ കിഴക്ക് പടിഞ്ഞാറു ദിശയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക. ഇത് സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്കു പ്രവേശിക്കുന്നത് തടയും.
-
- വീട് ഡിസൈന്‍ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ അനാവശ്യ ചുവരുകള്‍ മാറ്റി ഓപ്പണ്‍ ശൈലിയിലേക്ക് മാറ്റിയെടുക്കുക. ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കുക. ഇതിലൂടെ കൂടുതല്‍ വിശാലതയ്‌ക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കും.
-
- പെയിന്റിങ് സമയത്ത് അകത്തളങ്ങളില്‍ ഇളം നിറങ്ങള്‍ നല്‍കുന്നത് ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.
ചെറിയ ചില പൊടിക്കൈകളിതാ…
-
- ഒരു പാത്രത്തില്‍ കുറച്ച് ഐസ് ക്യൂബുകള്‍ നിറച്ച് ഫാനിനു അടിയില്‍ വയ്ക്കുക. ഐസ് ഉരുകുന്നതിനു അനുസരിച്ച് വീടിനകത്തെ ചൂടുവായു തണുത്ത നീരാവി ആഗിരണം ചെയ്തു ഉള്ളിലെ ചൂട് കുറയ്ക്കും.
-
- ടെറസില്‍ വൈറ്റ്‌സിമന്റ് അടിക്കാം. ചൂടിനെ പുറംതള്ളാന്‍ കഴിയുന്ന നിറമാണ് വെള്ള. വെള്ള നിറത്തില്‍ തട്ടുന്ന പ്രകാശത്തെ ആഗിരണം ചെയ്യുന്നതിന് പകരം അത് പുറംതള്ളുകയാണ് ചെയ്യുക. ടെറസ്സ് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം െൈവറ്റ് സിമന്റ് പല ഭാഗങ്ങളിലും ഒഴിച്ച് ചൂലുകൊണ്ട് അടിച്ച് പരത്തിയാല്‍ മതിയാകും.
-
- ശേഷം ടെറസ്സില്‍ കടലാസ് പെട്ടി കീറിയെടുത്ത് പരത്തിയിടുന്നത് നല്ലതാണ്. പറ്റുമെങ്കില്‍ അതിന് മുകളില്‍ ഗ്രീന്‍ നെറ്റ് വലിച്ചു കെട്ടുകയും ചെയ്യാം.
-
- ടെറസിന് മുകളിലായി ഒരു എയര്‍ ഗ്യാപ്പ് സൃഷ്ടിക്കുന്നത് ചൂടകറ്റാന്‍ സഹായകമാകും. ഇത് പലരീതിയില്‍ ചെയ്യാം. മണ്ണിന്റെ ഹോളോബ്രിക്‌സ് പാകുകയോ ചിരട്ടകള്‍ കമിഴ്ത്തി അടുക്കിവെക്കുകയോ ചെയ്യാവുന്നതാണ്. ഇത് മുകളില്‍ തട്ടുന്ന ചൂടിനെ താഴെ എത്താതെ സഹായിക്കും.
-
- ടെറസില്‍ വെള്ളം നിറയ്ക്കുന്നത് ചൂട് കുറക്കും. എന്നാല്‍ ടെറസില്‍ നേരിട്ട് വെള്ളം നിറച്ചാല്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ടെറസില്‍ കൃത്യമായി ടാര്‍പായ വലിച്ചുകെട്ടിയ ശേഷം വേണം വെള്ളം നിറക്കാന്‍.
-
- നനഞ്ഞ കയര്‍ ചാക്കുകളും തുണികളും ടെറസില്‍ വിരിക്കുന്നതും ഗുണം ചെയ്യും. തെങ്ങിന്റെ ഓല ടെറസില്‍ വിരിച്ച ശേഷം വെള്ളം ഒഴിക്കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്.
-
- ടെറസില്‍ അല്‍പം മണ്ണോ പുല്ലോ നിരത്തി അതിനു മുകളില്‍ വെള്ളം ഒഴിച്ചിടുന്നത് വീടിനുള്ളിലേക്ക് വമിക്കുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതെല്ലാം ചെയ്യുമ്പോള്‍ ലീക്ക് വരാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ബന്ധമാണ്.
-
- വീടിനു മുകളില്‍ പാഷന്‍ ഫ്രൂട്ട് പോലുള്ള വള്ളിച്ചെടികള്‍ പടര്‍ത്തുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
-
- വീട്ടിലെ ജനാലകള്‍ രാവിലെയും വൈകുന്നേരവും തുറന്നിടുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ജനാലയില്‍ നനഞ്ഞ തുണി വിരിച്ചിടുന്നതും ഉള്ളിലേക്ക് വീശുന്ന കാറ്റിന്റെ ഊഷ്മാവ് കുറയ്ക്കാന്‍ സഹായിക്കും.
-
- മുറിയുടെ സീലിംഗിന്റെ ഉള്‍വശത്ത് തെര്‍മോകോള്‍ ഒട്ടിക്കുന്നത് ചൂടിനെ പ്രതിരോധിക്കും. ഡബിള്‍ടാപ്പ് ഉപയോഗിച്ച് മുറിയുടെ സീലിംഗില്‍ മുഴുവനായും തെര്‍മോകോള്‍ പതിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."