കേരളത്തിന് രണ്ട് വന്ദേഭാരത്; എത്ര കോച്ചുകള്‍, സൗകര്യങ്ങള്‍ എന്തെല്ലാം, എവിടെയെല്ലാം സ്‌റ്റോപ്പുകള്‍ എല്ലാം അറിയാം
തിരുവനന്തപുരം: കേരളത്തിന്റെ പാളങ്ങളിലൂടെ കുതിച്ചുപായാന്‍ വന്ദേ ഭാരത് എത്തുമ്പോള്‍ സവിശേഷതകള്‍ അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടാകും. സൗകര്യങ്ങളെക്കുറിച്ച് കേള്‍ക്കാനും. യാത്ര ആസ്വദിക്കാനാവും അതിലേറെ താത്പര്യം. എന്തായാലും ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കുകയാണ്. രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് സര്‍വിസ് നടത്തുക.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്‌സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളും ഏവര്‍ക്കും പ്രിയപ്പെട്ടതാക്കും. സംശയമില്ല. ഇനി യാത്രാ നിരക്കുകൂടി അറിയാനുണ്ട്. അതു പോക്കറ്റു കീറുമോ എന്നാണിനി അറിയേണ്ടത്.
സീറ്റുകളെല്ലാം റിക്ലൈനര്‍ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചില്‍ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുണ്ട്. ട്രെയിന്‍ പോകുന്ന ദിക്കിലേക്ക് സീറ്റിന്റെ ദിശ തിരിക്കാനാകും. സീറ്റുകള്‍ക്ക് മുന്നില്‍ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇന്‍ഫോടെയിന്‍മെന്റിന് അവസരമുണ്ട്. സജ്ജീകരിച്ചിരിക്കുന്നത് ഭിന്നശേഷി സൗഹൃദമായ ടോയ്‌ലറ്റുകളാണ്. ഒപ്പം സീറ്റുകളില്‍ ബ്രെയ്‌ലി ലിപിയില്‍ സീറ്റ് നമ്പറും നല്‍കിയിട്ടുണ്ട്. ബാഗേജിന് വേണ്ടി കോച്ചുകളില്‍ കൂടുതല്‍ സ്ഥലവും നീക്കിവച്ചിട്ടുണ്ട്.
ഓട്ടോമാറ്റിക് ഡോര്‍, ഫയര്‍ സെന്‍സര്‍, വൈഫൈ, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, ജി.പി.എസ്, സി.സി.ടി.വി ക്യാമറകളുമുണ്ട്. വിശാലമായ ജനാലകളിലൂടെ പുറം കാഴ്ചകളും ആസ്വദിക്കാം.
ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയായ കവാച്ച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനമാണൊരുക്കിയിട്ടുള്ളത്. ഓരോ എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുള്ളതിനാല്‍ ട്രെയിനിന്റെ ദിശ മാറ്റാന്‍ സമയനഷ്ടമില്ല.
അഡ്വാന്‍സ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ഇത് 30ശതമാനം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ ലോക്കോ പൈലറ്റിനും ട്രെയിന്‍ ഗാര്‍ഡിനും യാത്രക്കാരുമായി സംവദിക്കാനാകും.
കേരളത്തില്‍ ഏഴര മണിക്കൂര്‍ കൊണ്ട് 501 കിലോമീറ്റര്‍ പിന്നിടുമെന്നാണ് റിപ്പോര്‍ട്ട്. 52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."