ഖുബാ മസ്ജിദ് പത്തിരട്ടി വലിപ്പത്തിലേക്ക് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
മദീന
ചരിത്ര പ്രാധ്യാന്യമുള്ള ഖുബാ മസ്ജിദ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിലാണ് മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പദ്ധതി നടപ്പാക്കുന്നത്. മദീനയിലെ പ്രവാചക മസ്ജിദിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറിയാണ് എ.ഡി 622 ൽ നിർമിച്ച ഖുബാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
പള്ളിയുടെ മൊത്തം വിസ്തീർണം 50,000 ചതുരശ്ര മീറ്ററായാണ് ഉയർത്തുന്നത്. നിലവിലെ വിസ്തീർണത്തിന്റെ 10 മടങ്ങ് വർധിപ്പിച്ച് നിർമാണം പൂർത്തിയാകുന്നതോടെ 66,000 വിശ്വാസികളെ ഉൾക്കൊള്ളാൻ ഖുബാ മസ്ജിദിന് കഴിയും.
സീസണുകളിലും മറ്റും ഏറ്റവുമധികം വിശ്വാസികളെ ഉൾക്കൊള്ളാനും മതപരമായ പ്രാധാന്യം ഉയർത്തിക്കാട്ടാനും ഖുബാ സെന്ററിന്റെ ചരിത്രപരമായ സവിശേഷതകൾ രേഖപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നതായി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു. പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതും ഇതിന്റെ ഭാഗമാണ്.
നേരത്തെ സഊദി സർക്കാരിന്റെ ദേശീയ പുനരുജ്ജീവന പരിപാടിക്ക് കീഴിൽ രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള 130 പള്ളികൾ പുനരുദ്ധരിക്കാൻ കിരീടാവകാശി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."