നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് ജൂലൈ15 വരെ സമയം അനുവദിച്ചു
കൊച്ചി
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വീണ്ടും സമയം നീട്ടി നൽകി. മൂന്നു മാസം കൂടി വേണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ജൂലൈ 15 വരെ സമയം അനുവദിച്ച് വിധി പറഞ്ഞത്.
തുടരന്വേഷണത്തിന് കഴിഞ്ഞ ഏപ്രിലിൽ ഒന്നര മാസം സമയം നേരത്തെ നീട്ടി നൽകിയിരുന്നു. ഇതിന്റെ കാലാവധി മെയ് 30 ന് അവസാനിച്ചതോടെയാണ് സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്നും കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് നൽകേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയിൽ സമയം തേടിയത്. അതേ സമയം മെമ്മറി കാർഡിന്റെ പരിശോധന അനിവാര്യമാണെന്നും പരിശോധനാഫലം വരുന്നതുവരെ തുടരന്വേഷണ റിപ്പോർട്ട് നൽകാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് അതിജീവിതയും ഹരജിയിൽ കക്ഷി ചേർന്നിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അന്വേഷണ സംഘം സമയം നീട്ടി ചോദിക്കുന്നതെന്നും രണ്ടു ദിവസം പോലും സമയം നീട്ടി നൽകരുതെന്നും ദിലീപിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിരുന്നു. ഹരജിയിൽ ഫൊറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ടുൾപ്പെടെ പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് സമയം നീട്ടി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."