ഒറിജിനൽ ക്യാപ്റ്റനായി സതീശൻ
സ്വന്തം ലേഖകൻ
കൊച്ചി
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേരിട്ട് കളത്തിലിറങ്ങി കളിച്ച തൃക്കാക്കര തെരഞ്ഞെടുപ്പിൻ്റെ ഫലം യു.ഡി.എഫിന് ക്യാംപിന് ഊർജമായപ്പോൾ ഭരണപക്ഷത്തിന് തിരിച്ചടിയായി. നിയമസഭയിലെ അംഗബലം 100 ലെത്തിക്കാൻ മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും എം.എൽ.എമാരും പാർട്ടി സംവിധാനവും മണ്ഡലത്തിലിൽ തമ്പടിച്ച്പയറ്റിയെങ്കിലും നിരാശരായി. സ്ഥാനാർഥി നിർണയം മുതൽ ചർച്ചയായ തൃക്കാക്കരയിൽ സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുക മാത്രമല്ല അനുഭാവികളുടെ വോട്ടിലുണ്ടായ ചോർച്ച ഞെട്ടിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ക്യാപ്റ്റനായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾക്കപ്പുറം ഭൂരിപക്ഷം നേടിയാണ് ഉമ തോമസിന്റെ നിയമസഭാ പ്രവേശം. തൃക്കാക്കരയിൽ സ്വതന്ത്രനെ ഇറക്കുന്ന പതിവ് അവസാനിപ്പിച്ച് പാർട്ടി ചിഹ്നത്തിൽ പ്രഗത്ഭനായ ഡോക്ടറെ അങ്കത്തട്ടിലെത്തിച്ചെങ്കിലും ന്യൂനപക്ഷവോട്ടിൽ കണ്ണുവച്ചുള്ള ആ തന്ത്രവും പാളി. ചുവരെഴുത്ത് നടത്തിയ പേരുകൾ മായിച്ചാണ് ക്രിസ്തീയ സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ഡോക്ടറായ ജോ ജോസഫിനെ സി.പി.എം പരിചയപ്പെടുത്തിയത്. പാർട്ടിക്കുള്ളിൽ പുകഞ്ഞ നീരസം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മുന്നിൽ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും ഫലത്തിൽ അത് പ്രതിഫലിച്ചു. കെ റെയിൽ കടന്നുപോകുന്ന കാക്കനാട് വരുന്ന തൃക്കാക്കര മണ്ഡലത്തിൽ വികസനം ചർച്ച ചെയ്യാൻ വന്ന സി.പി.എം പിന്നീട് വിവാദങ്ങൾക്ക് പിന്നാലെയാണ് പോയത്. പി.സി ജോർജിന്റെ വിദ്വേഷപ്രസംഗവും അറസ്റ്റും എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരായ വ്യാജവീഡിയോയും അറസ്റ്റുമെല്ലാം അനുകൂലമാകുമെന്ന കണക്ക്കൂട്ടലുകൾ തെറ്റി.
സിൽവർ ലൈൻ വികസനം പറഞ്ഞു പ്രചാരണം തുടങ്ങിയ ഭരണപക്ഷം കുറ്റി നാട്ടൽ തൃക്കാക്കര വോട്ടെടുപ്പ് കണ്ടു നിർത്തിവച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ഭരണവിരുദ്ധ പ്രചാരണത്തിനാണ് മേൽക്കെെ ലഭിച്ചത്. ഇത്തവണ സി.പി.എം പരീക്ഷിച്ച മൈക്രോ ഇലക്ഷൻ മാനേജ്‌മെന്റ് തന്ത്രവും പാളി. നാലായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പ്രഖ്യാപിച്ചിരുന്നു. ഈ ആത്മവിശ്വാസമാണ് ഭരണത്തിന്റെ വിലയിരുത്തലാകും തൃക്കാക്കരയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തിലേക്ക് എത്തിച്ചതും ഇതായിരുന്നു. വോട്ടിങ് ശതമാനത്തിൽ എൽ.ഡി.എഫിന് ലഭിച്ച നേരിയ വർധനവ് ചൂണ്ടിക്കാട്ടുമ്പോഴും പ്രവർത്തനം കണക്കിലെടുത്തുള്ള വർധനവ് വന്നില്ലെന്ന് കോടിയേരിക്ക് തുറന്നുപറയേണ്ടിവന്നു. എന്നാൽ കോൺഗ്രസിലെ സീറ്റ് മോഹികളെ വെട്ടിമാറ്റി വി.ഡി സതീശനും കെ.സുധാകരനും ചേർന്ന് പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാർഥിയാക്കിയത് വഴി പി.ടി എന്ന ജനകീയ നേതാവിന്റെ ഓർമകളെ സജീവമാക്കിയതിലൂടെ തരംഗം സൃഷ്ടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. കൊച്ചിൻ കോർപ്പറേഷന്റെയും തൃക്കാക്കര നഗരസഭയിലെയും യു.ഡി.എഫ് മേൽക്കോയ്മ ശക്തിപ്പെടുത്താൻ കക്ഷിനേതാക്കളെയും അണികളെയും ഒറ്റക്കെട്ടായി അണിനിരത്താൻ വി.ഡി സതീശന് കഴിഞ്ഞു. കഴിഞ്ഞതവണ 13,397 വോട്ട് നേടിയ ട്വന്റി 20 യുടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്ത്രപരമായ നീക്കത്തെ മുതലാക്കാനും യു.ഡി.എഫിന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."