ഡയറമൊഹല്ലയിലെ ആഘോഷപ്പൊലിവ്
എ.എഫ് ഷാഹിന
മേരാ സാത് റോസാ ഇഫ്തികാരി കേലിയേ ആയി... മഗ്‌രിബ് ബാങ്ക് വിളിയോടൊപ്പം മിര്‍സ പള്ളിയിലേക്ക് ക്ഷണിച്ചപ്പോള്‍ ആദ്യമൊന്ന് പരിഭ്രമിച്ചു. ചെന്നെത്തിയത് ഉത്തരേന്ത്യയിലെ ഗല്ലിയിലാണോയെന്ന് സംശയം. ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നതായിരുന്നു പിന്നീടുണ്ടായ കാഴ്ചയും കേള്‍വിയും. മിണ്ടിത്തുടങ്ങുന്ന പൈതല്‍ മുതല്‍ വാര്‍ധക്യത്തിന്റെ അവശതകളുള്ളവര്‍വരെ സംസാരിക്കുന്നത് ഉറുദുവില്‍. പള്ളി ഖത്തീബിന്റെ നിര്‍ദേശങ്ങളും പ്രഭാഷണങ്ങളും ഉറുദുവില്‍. പള്ളിയില്‍ നോമ്പുതുറ സമയത്ത് വച്ചുനീട്ടിയ ജീരകകഞ്ഞിക്കും ഒരു ഉത്തരേന്ത്യന്‍ ചുവ... ഇത് ഡയറ മൊഹല്ല. അഥവാ ഡയറ സ്ട്രീറ്റ്. കാര്‍ഷികവിളകളുടെയും സാംസ്‌കാരിക പൈതൃകങ്ങളുടേയും നെല്ലറയായ പാലക്കാട് നഗരത്തിന്റെ ഹൃദയത്തുടിപ്പായ തെരുവ്. മുസ്‌ലിം സംസ്‌ക്കാരത്തിന്റെ വേറിട്ട കാഴ്ചയാണ് പാലക്കാട്ടെ ഡയറ സ്ട്രീറ്റില്‍ കാണാനാവുക. കൗതുകത്തോടൊപ്പം അവക്ക് ചരിത്ര പശ്ചാത്തലം കൂടിയുണ്ട്.
ഉത്തരേന്ത്യയില്‍നിന്ന് ശ്രീരംഗപട്ടണം, മൈസൂര്‍ ഭാഗങ്ങളില്‍ കുടിയേറിയ മൈസൂര്‍ രാജാവ് ഹൈദരാലിയുടെ ഭടന്‍മാരും സേവകരുമായിരുന്നു ഡയറ സ്ട്രീറ്റിലുള്ളവരുടെ പൂര്‍വികര്‍. പിന്നീട് ടിപ്പു സുല്‍ത്താന്റെ കാലഘട്ടത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത്. മലബാറില്‍ പാലക്കാട് ഭാഗത്തായിരുന്നു ഇവര്‍ കൂട്ടമായെത്തിയത്. തങ്ങള്‍ക്ക് കൂട്ടമായി താമസിക്കാനും മരണപ്പെട്ടാല്‍ ഖബറടക്കാന്‍ ഒരു ശ്മശാനത്തിനുള്ള സ്ഥലവും നല്‍കണമെന്ന ശുപാര്‍ശ അന്നത്തെ ഭരണാധികാരിയായിരുന്ന അകത്തേത്തറ മഹാരാജാവിന് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഡയറ സ്ട്രീറ്റില്‍ താമസിക്കാനുള്ള ഇടവും നരിക്കുത്തിഭാഗത്ത്(ഇന്നത്തെ ആര്‍.ഡി.ഒ ഓഫിസിന് പിറക് വശം) ഇവര്‍ക്കുള്ള ശ്മശാനത്തിനുള്ള സ്ഥലവും മഹാരാജാവ് നല്‍കി.
ഡയറ സ്ട്രീറ്റില്‍ ചെറിയ കുടിലുകള്‍കെട്ടി ഇവര്‍ താമസം തുടങ്ങി. ക്രമേണ മലയാളികളുമായി പൊരുത്തപ്പെട്ടു തുടങ്ങി. ഇതോടൊപ്പം ഒരു പള്ളിയും നിര്‍മ്മിച്ചു. എന്നാല്‍ പൂര്‍വികരുടെ മാതൃഭാഷയായ ഉറുദു മലയാളികളായി മാറിയിട്ടും ഇവര്‍ ഇക്കാലമത്രയായിട്ടും കൈവിട്ടില്ല. വീട്ടിലും സ്ട്രീറ്റിലും പള്ളിയിലും വിവാഹ സല്‍ക്കാരങ്ങളിലുമെല്ലാം ഉറുദുവില്‍ സംസാരിച്ചു. പുറമെനിന്ന് ആരെങ്കിലും വന്നാല്‍ അവരോട് മലയാളം പറയും. എന്നാല്‍ അവര്‍ക്കിടയില്‍ നിന്ന് ആരെങ്കിലും വന്നാല്‍ അവര്‍ പരസ്പരം ഉറുദുവിലാകും സംസാരിക്കുക. ഉറുദു കൈവിടാത്തതുകൊണ്ടാണ് ഒരു നൂറ്റാണ്ട് മുമ്പേ ഇവര്‍ പണിത പള്ളിയിലും ഉറുദു പ്രഭാഷണം ശീലമാക്കിയത്. വെള്ളിയാഴ്ചകളില്‍ പ്രഭാഷണം ഉറുദുവായതിനാല്‍ ഉറുദു ജുമാമസ്ജിദ് എന്ന പേരിലാണ് പള്ളി അറിയപ്പെടുന്നത്. കേരളത്തില്‍ ഉറുദു ഭാഷയില്‍ പ്രഭാഷണം നടത്തുന്ന ഏക മുസ്‌ലം പള്ളി കൂടിയാണിത്. മുന്‍കാലത്ത് ഒരു ഉറുദു സ്‌കൂള്‍ ഇവിടെ തുടങ്ങിയെങ്കിലും ഇത് ജനറല്‍ സ്‌കൂളാക്കി മാറ്റി. വിദ്യാര്‍ഥികളെല്ലാം പഠിക്കുന്നത് മലയാളത്തിലാണെങ്കിലും ഇവര്‍ വീട്ടിലും സിറ്റിയിലുമെത്തിയാല്‍ ഭാഷ ഉറുദുവാകും.
വിവാഹവേളയിലും മറ്റ് മുസ്‌ലിം ആചാരങ്ങളില്‍നിന്ന് ഇവര്‍ക്ക് വ്യത്യാസമേറെയുണ്ട്. ആദ്യകാലങ്ങളില്‍ ഉറുദു സംസാരിക്കുന്ന തങ്ങള്‍ക്കിടയിലുള്ളവര്‍ക്ക് മാത്രമേ ഇവര്‍ പെണ്‍മക്കളെ വിവാഹം ചെയ്തു നല്‍കുകയുള്ളു. വരനെ ലഭിച്ചില്ലെങ്കില്‍ മൈസൂര്‍ അടക്കമുള്ള ഭാഗങ്ങളില്‍ അന്വേഷണം നടത്തും. ഇന്ന് ഈ കര്‍ക്കശ നിലപാടില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. ഏഴുദിവസം നീണ്ടുനിന്നിരുന്ന വിവാഹച്ചടങ്ങുകള്‍ രണ്ട് ദിവസമാക്കി. മൈലാഞ്ചിക്കല്യാണവും നിക്കാഹുമാണ് കൂടുതല്‍ പേര്‍ നടത്തുന്നത്. സാമ്പത്തിക പരാധീനതകളാണ് ആഴ്ച കല്യാണം ഒഴിവാക്കാന്‍ കാരണം. മുല്ലപ്പൂക്കള്‍ കൊണ്ട് മുഖം മറച്ചാണ് വരന്‍ നിക്കാഹിനെത്തുക. മുഖം നിക്കാഹ് വേളയില്‍ മാത്രമാണ് കാണാനാവുക. ഉത്തരേന്ത്യന്‍ രീതി തന്നെയാണ് ഈചടങ്ങിലും ഇവര്‍ പിന്തുടരുന്നത്.
റമദാനില്‍ പള്ളിയില്‍ നിന്ന് വിതരണം ചെയ്യുന്ന മസാലക്കഞ്ഞിക്ക് വേറിട്ട ചേരുവകളും രുചിയുമാണ്. കേരളത്തിലെ മറ്റു മുസ്‌ലിം പള്ളികളില്‍ വിതരണം ചെയ്യുന്ന കഞ്ഞിയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് ഈ കഞ്ഞിക്ക്. നെയ്യ്, ബിരിയാണിയരി, ജീരകം തുടങ്ങിയവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് മസാലക്കഞ്ഞി തയാറാക്കുന്നത്. പള്ളിയിലെത്തുന്നവര്‍ക്കും സമീപത്തെ വീടുകളിലേക്കും കടകളിലേക്കും ഇത് എത്തിച്ചുനല്‍കും. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രക്രിയയാണിത്. നോമ്പിന്റെ വിശുദ്ധിയോടൊപ്പം ശരീരത്തിന് ആരോഗ്യവും ഓജസ്സും മസാലലക്കഞ്ഞി കഴിച്ചാല്‍ ഉണ്ടാകുമെന്ന് ഇവര്‍ പറയുന്നു. കൂടുതല്‍ പേര്‍ക്കും നോമ്പ് കാലത്ത് മസാലക്കഞ്ഞി തന്നെയാണ് സ്ഥരം ഭക്ഷണം. വീടുകളില്‍ കഞ്ഞിയോടൊപ്പം ചെറിയ വിഭവങ്ങള്‍ മാത്രമാണുണ്ടാക്കുക. അത്താഴത്തിന് ചോറും ചപ്പാത്തിയുമാണ് ഒരുക്കുന്നത്.
മുസ്‌ലിം വിഭാഗങ്ങളിലെ അമിത ആര്‍ഭാടങ്ങളോ ആചാരങ്ങളോ വെച്ചു പുലര്‍ത്താത്ത ഇവര്‍ പൂര്‍വികര്‍ കൈമാറിയ സ്വത്വം കാത്തുസൂക്ഷിച്ചാണ് മലയാളക്കരയില്‍ ജീവിക്കുന്നത്. കാസർകോട്ടെ ഉപ്പള, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെല്ലാം ഇവരുടെ താവഴി തുടരുന്നവരുണ്ട്. ഹനഫി മദ്ഹബ് ആണ് ഇവര്‍ വച്ചു പുലര്‍ത്തുന്നത്. മലയാള മണ്ണില്‍ വേരൂന്നിയ ഡയറി മെഹല്ല എന്ന ഉത്തരേന്ത്യന്‍ ഗലിയില്‍ നിന്ന് ഉറുദുവിന്റെയും മസാലക്കഞ്ഞിയുടെയും രുചിപ്പെരുമായാണ് റമദാന്‍ കാലത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."