ആരോഗ്യക്കൂട്ടൊരുക്കി ഔഷധക്കഞ്ഞി
ഇബ്‌നു ബഷീര്‍
തിരുവനന്തപുരം ജില്ലയിലെ നോമ്പിന് വലിയൊരു ചരിത്രമുണ്ട്. തെക്കന്‍ കേരളത്തിന്റെ പഴയ പട്ടിണിക്കാലത്തെ ഓര്‍മിപ്പിക്കുന്നതാണത്. കപ്പയും കരുവാടും മാത്രം കഴിച്ച് ജീവിച്ചിരുന്ന സാധാരണ ജനവിഭാഗങ്ങളുടെ ആഘോഷ ദിവസം കൂടിയായിരുന്നു അന്നത്തെ നോമ്പുകാലം. പകല്‍ സമയത്ത് നോമ്പനുഷ്ഠിച്ചുള്ള അധ്വാനത്തിനുശേഷം ഔഷധക്കഞ്ഞി കുടിച്ചായിരുന്നു അന്ന് നോമ്പ് മുറിച്ചിരുന്നത്. വൈകിട്ടോടെ വലിയ ചെമ്പില്‍ പള്ളികളില്‍ വെച്ചു വിളമ്പുന്ന കഞ്ഞിയും വാങ്ങി കുടുംബത്തോടൊപ്പം ഈ കഞ്ഞിയും കുടിച്ചാണ് ഓരോ അംഗവും നോമ്പ് മുറിച്ചിരുന്നത്. കഞ്ഞിയില്‍ ബാക്കിവന്നത് അത്താഴത്തിനും കഴിക്കും.
ഭരണ സിരാകേന്ദ്രമായതുകൊണ്ട് മലബാറില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ത ആളുകളുടെ സംഗമ കേന്ദ്രമായതിനാല്‍ ഇന്ന് പല നോമ്പ് വിഭവങ്ങളും തിരുവനന്തപുരത്ത് ലഭ്യമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഔഷധക്കഞ്ഞിയുടെ സ്ഥാനം. പഴയ പട്ടാളപ്പള്ളി ഇപ്പോഴത്തെ പാളയം പള്ളിയിലായിരുന്നു വൈകിട്ടോടെ കഞ്ഞി വിതരണം ചെയ്തത്. അതിനായി പ്രത്യേക സംവിധാനവും പള്ളിയില്‍ ഒരുക്കിയിരുന്നു. അത് ഇന്നും തുടര്‍ന്നു പോരുന്നുണ്ട്.
യാത്രക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോ ഗസ്ഥര്‍ക്കുമടക്കം നോമ്പുതുറക്ക് ഇവിടം സൗകര്യപ്രദമായതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടാറ്. നിരവധി കറിക്കൂട്ടുകളുടെയും ഔഷധങ്ങളുടെയും സമന്വയമാണ് പാളയത്തെ സ്‌പെഷല്‍ നോമ്പ് കഞ്ഞി. നോമ്പിന്റ ക്ഷീണമകറ്റുന്ന ഔഷധഗുണമാണ് കഞ്ഞിയെ വ്യത്യസ്തമാക്കുന്നത്.
30ഓളം ചേരുവകള്‍ കൊണ്ടാണ് തയാറാക്കുന്നത്. അരിയും മഞ്ഞള്‍പ്പൊടിയും തേങ്ങയുംകൊണ്ട് തയാറാക്കുന്ന നോമ്പുകഞ്ഞിയാണ് മുമ്പത്തെ രീതിയെങ്കില്‍ ഇഞ്ചി, പച്ചമുളക്, തക്കാളി, മല്ലിയില, പുതിനയില, കറിവേപ്പില, മഞ്ഞള്‍പ്പൊടി, ചുക്ക്, ജീരകം, ഉലുവ, കടുക്, വറ്റല്‍മുളക്, ഏലക്ക, പട്ട, ഗ്രാമ്പ്, തേങ്ങ, അണ്ടിപ്പരിപ്പ്, നെയ്യ് തുടങ്ങി ഉപ്പ് വരെയുള്ള നിരവധി ചേരുവകളാല്‍ ഇന്ന് സമ്പുഷ്ടമാണ്. കഞ്ഞിക്കൊപ്പം കപ്പയോ പയറോ മറ്റ് വിഭവങ്ങളോ ഉണ്ടാകും. റമദാനിലെ എല്ലാ ദിവസവും കഞ്ഞി വിതരണം ഉണ്ടാകും. പുണ്യമാസത്തില്‍ കഞ്ഞി കുടിച്ച് നോമ്പ് മുറിക്കാന്‍ ദിവസും അമുസ്‌ലിംകള്‍ അടക്കം 900 മുതല്‍ 1200 ഒാളം ആളുകൾ പള്ളിയില്‍ എത്തും. മണക്കാട്, തമ്പാനൂര്‍, ചാല, അട്ടക്കുളങ്ങര, വഴുതക്കാട്, കരമന, കേശവദാസപുരം, വള്ളക്കടവ്, പൂന്തുറ തുടങ്ങിയ ജുമാമസ്ജിദുകളിലും ഇത്തരത്തില്‍ നോമ്പ് കഞ്ഞി വിതരണം മറ്റ് പള്ളികള്‍ക്കൊപ്പം മുടക്കം കൂടാതെ നടക്കുന്നുണ്ട്.
27ാം രാവില്‍ തറാവീഹ് നിസ്‌കാരത്തിന് ശേഷം തിരുവനന്തപുരത്തെ പള്ളികളില്‍ ഇറച്ചിയും നെയ്‌ച്ചോറും വിതരണം ചെയ്യും. ഭക്ഷണം കഴിച്ച ശേഷം ഖിയാമുല്ലൈല്‍. പ്രാര്‍ഥനകളും തഹ്‌ലീലും കൊണ്ട് പള്ളികളില്‍ ആത്മാര്‍പ്പണത്തിലായിരിക്കും വിശ്വാസികൾ. മിക്ക പള്ളികളിലും അന്നേ ദിവസം ഔഷധക്കഞ്ഞിയില്‍ മട്ടനോ ചിക്കനോ കൂടി ചേര്‍ത്തായിരിക്കും വിതരണം ചെയ്യുക. സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന പാളയം പള്ളിയിലും റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന തമ്പാനൂര്‍ പള്ളിയിലും മെഡി. കോളജിനും ആര്‍.സി.സിക്കും സമീപങ്ങളിലെ പള്ളികളിലും വിഭവ സമൃദ്ധമായ അത്താഴവും ഒരുക്കിയിട്ടുണ്ട്.
മിക്കയിടങ്ങളിലും തറാവീഹ് നിസ്‌കാരത്തിന് ശേഷം വീടണയുന്നതാണ് തലസ്ഥാനത്തെ പതിവ്. തീര മേഖലകളായ വള്ളക്കടവ്, പൂന്തുറ, വിഴിഞ്ഞം, വര്‍ക്കല ഭാഗങ്ങളില്‍ രാത്രികളില്‍ മത്സ്യ വിഭവങ്ങള്‍ സുലഭമായ തട്ടുകടകള്‍ സജീവമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."