കല്‍പ്പറ്റ ഇരുട്ടിലായിട്ട് മാസങ്ങള്‍; അനക്കമില്ലാതെ അധികൃതര്‍
കല്‍പ്പറ്റ: ടൗണിലും പരിസരങ്ങളിലുമുള്ള തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായിട്ടും കല്‍പ്പറ്റ മുനിസിപ്പാലിറ്റിക്ക് നിസംഗതയെന്ന് ആക്ഷേപമുയരുന്നു. തെരുവുവിളക്കുകള്‍ കത്താത്തത് സംബന്ധിച്ച് വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടും മുനിസിപ്പല്‍ അധികൃതര്‍ കണ്ടമട്ട് നടിച്ചിട്ടില്ല. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ ടൗണില്‍ രാത്രികാലത്ത് ഏക ആശ്രയം കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ്.
വ്യാപാരികള്‍ കട പൂട്ടിപ്പോയാല്‍ പിന്നെ ടൗണ്‍ ഇരുട്ടിലാകും. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ രാത്രികാലങ്ങളില്‍ ബസ് കാത്തു നില്‍ക്കുന്ന കല്‍പ്പറ്റ അനന്തവീര തിയറ്ററിനു സമീപമുള്ള ബസ് സ്റ്റോപ്പിലും വെളിച്ചമില്ല. വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ മദ്യപാനികളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നുണ്ട്.
അന്യ സംസ്ഥാന ബസുകള്‍ കല്‍പ്പറ്റ വഴിയാണ് കടന്നുപോകുന്നു എന്നതിനാല്‍ ഒട്ടേറെ അന്യസംസ്ഥാന യാത്രക്കാരും ഇവിടെയാണ് ബസ് കാത്തുനില്‍ക്കുന്നത്. പ്രധാന ബസ് സ്‌റ്റോപ്പില്‍ പോലും വെളിച്ച സൗകര്യമേര്‍പ്പെടുത്താത്ത അധികൃതരുടെ നടപടിയെ ഇവരും കുറ്റപ്പെടുത്തുന്നുണ്ട്. രാപകല്‍ ഭേദമെന്യേ ഈ ബസ് സ്‌റ്റോപ്പില്‍ യാത്രക്കാരുണ്ടാവും.
കൈനാട്ടി, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, പള്ളിത്താഴെ റോഡ്, പിണങ്ങോട് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള തെരുവുവിളക്കുകള്‍ ഭൂരിഭാഗവും കത്തുന്നില്ല. പല സ്ഥലങ്ങളിലെയും ഹൈമാസ്റ്റ് ലൈറ്റുകളും തെളിയുന്നില്ല. ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് കൊട്ടിഘോഷിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിന്റെ കമ്മിഷന്‍ അടിച്ചു മാറ്റുന്നതിലല്ലാതെ ഗുണനിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രമിക്കാത്തതുകൊണ്ടാണ് കല്‍പ്പറ്റ ടൗണ്‍ ഇരുട്ടിലായതെന്ന് ആക്ഷേപമുയരുന്നുണ്ട്.
പ്രവര്‍ത്തനക്ഷമമല്ലാത്ത തെരുവുവിളക്കുകളുടെ ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാലാണ് അനാസ്ഥയുള്ളത്. തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് വ്യവസ്ഥ ചെയ്യാറുണ്ട്. നിശ്ചിത സമയത്തിനള്ളില്‍ ബള്‍ബുകള്‍ കേടായാല്‍ കരാറുകാരന്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ചട്ടം.
ഇത് കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. തെരുവുവിളക്കുകള്‍ കത്തിക്കാന്‍ മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധ സൂചകമായി വ്യാപാരികളും നാട്ടുകാരും തെരുവുവിളക്കുകള്‍ക്ക് മുന്‍പില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചതൊന്നും അധികൃതര്‍ ഗൗനിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."