അനുപാതം 60:40 ആക്കണമെന്ന ശുപാര്‍ശയെ കുറിച്ച് അറിയില്ലെന്ന് എം. വീരാന്‍കുട്ടി
കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം 60:40 ആക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് 2013ല്‍ ന്യൂനപക്ഷ കമ്മിഷന്‍ സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശയെ കുറിച്ച് അറിയില്ലെന്ന് അന്ന് ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. എം. വീരാന്‍കുട്ടിയും അംഗമായിരുന്ന ലീഗ് നേതാവ് അഡ്വ. കെ.പി മറിയുമ്മയും സുപ്രഭാതത്തോട് പറഞ്ഞു. 2013ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വ. എം. വീരാന്‍കുട്ടി ചെയര്‍മാനും കെ.പി മറിയുമ്മയും അഡ്വ. വി.വി ജോഷിയും അംഗങ്ങളുമായുള്ള കമ്മിഷന്‍ സമര്‍പ്പിച്ച ശുപാര്‍ശയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവരിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള 49 നിര്‍ദേശങ്ങളാണ് ഈ ശുപാര്‍ശയിലുള്ളത്. സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം 60:40 ആക്കണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. നിലവിലെ നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കുമുള്ള 80:20 എന്ന അനുപാതം മാറ്റി 60:40 എന്ന ജനസംഖ്യാനുപാതം നടപ്പാക്കണമെന്ന് 43ാം നിര്‍ദേശത്തില്‍ പറയുന്നു.
45ാം നിര്‍ദേശമായി പരിശീലന കേന്ദ്രങ്ങളുടെ ബോര്‍ഡുകള്‍ മുസ്‌ലിം എന്നുള്ളത് മാറ്റി എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും എന്നാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ട്രെയിനിങ് സബ് സെന്ററുകള്‍ ക്രൈസ്തവര്‍ക്ക് പ്രത്യേകമായി അനുവദിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.ന്യൂനപക്ഷ പദ്ധതികളിലെ വിവാദമായ 80:20 അനുപാതം നടപ്പാക്കിയതു സംബന്ധിച്ച് ഇരുമുന്നണികളും തമ്മില്‍ പരസ്പരം പഴിചാരുന്നതിനിടെയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ചുവെന്ന് ആരോപിക്കുന്ന ശുപാര്‍ശ പുറത്തുവന്നത്.
എന്നാല്‍, താന്‍ ചെയര്‍മാനായ ന്യൂനപക്ഷ കമ്മിഷനില്‍ ഇത്തരത്തില്‍ ഒരു വിഷയം ചര്‍ച്ചയ്ക്കു വന്നിട്ടില്ലെന്നും ഔദ്യോഗികമായി അങ്ങനെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നുമാണ് അഡ്വ. എം. വീരാന്‍കുട്ടി സുപ്രഭാതത്തോട് പറഞ്ഞത്. ഇത്തരമൊരു നിര്‍ദേശത്തില്‍ താനോ ചെയര്‍മാനോ ഒപ്പിട്ടിട്ടില്ലെന്ന് അഡ്വ. കെ.പി മറിയുമ്മയും അറിയിച്ചു. കമ്മിറ്റിലെ മൂന്നാമത്തെ അംഗം അത്തരത്തിലൊരു നിര്‍ദേശം നല്‍കിയോ എന്നറിയില്ല. പുറത്തുവന്ന രേഖകള്‍ വ്യാജമാകാനാണ് സാധ്യത. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. ഇത്തരത്തിലൊരു വിഷയം കമ്മിറ്റി യോഗത്തിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഇത്രയും പ്രധാനപ്പെട്ട ഒരു ശുപാര്‍ശ സമര്‍പ്പിക്കപ്പെട്ടത് കമ്മിറ്റി ചെയര്‍മാന്‍ അടക്കം അറിഞ്ഞില്ലെന്നു പറയുന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."