HOME
DETAILS
MAL
വ്യാജവാർത്തകളിൽ വഞ്ചിതരാകാതിരിക്കാം
backup
April 14 2023 | 18:04 PM
അൻവർ സ്വാദിഖ് ഫൈസി
ജിദ്ദയുടെയും റാബിഗിന്റെയും ഇടയിലുള്ള ചെങ്കടൽ തീരത്താണ് ഖുസാഅ ഗോത്രക്കാർ വസിക്കുന്നത്. അവരുടെ നേതാവ് ഹാരിസ് ബിൻ ള്വിറാർ ആണ്. അദ്ദേഹം പ്രവാചക സദസ്സിലെത്തി ഇസ് ലാം സ്വീകരിച്ചു. തന്റെ ഗോത്രത്തിൽ ഇസ്‌ലാം പ്രചരിപ്പിക്കാമെന്നും ഇസ് ലാമിക നിയമങ്ങൾ കൊണ്ടുവരാമെന്നും പ്രവാചകന് വാക്കു കൊടുത്തു.
നിസ്‌കാരം കഴിഞ്ഞാൽ ഇസ് ലാമിലെ അടുത്ത ബാധ്യത സകാത്താണ്. പ്രവാചകനുണ്ടാകുമ്പോൾ വിശ്വാസികളിൽ നിന്ന് സകാത്ത് പിരിച്ചെടുക്കേണ്ട ബാധ്യത പ്രവാചകനാണ്. മദീനയിൽ നിന്ന് ദൂരെയുള്ള ഖുസാഅ:ക്കാരുടെ സകാത്ത് താൻ പിരിച്ചെടുത്ത് ദൂതൻ മുഖേന പ്രവാചകന് എത്തിക്കാമെന്ന് ഹാരിസ് ബിൻ ള്വിറാർ പ്രവാചകനു വാക്കു കൊടുത്തു. പറഞ്ഞ പ്രകാരം അദ്ദേഹം സകാത്ത് പിരിച്ചെടുത്തു. പ്രവാചകന്റെ ദൂതൻ വരുന്നതും പ്രതീക്ഷിച്ചു അദ്ദേഹം ഇരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും ദൂതനെ കാണുന്നില്ല! 'എന്തോ പ്രശ്‌നം പറ്റിയിരിക്കുന്നു'. ഹാരിസ് പറഞ്ഞു.
സകാത്ത് എത്തിക്കേണ്ട സമയമായപ്പോൾ മുഹമ്മദ് നബി(സ) ഒരു ദൂതനെ ഖുസാഅക്കാരുടെ അടുത്തേക്ക് പറഞ്ഞയച്ചു. പാതി വഴിയിൽ എത്തിയപ്പോൾ അയാൾക്കൊരു പേടി. ഖുസാഅ:ക്കാർ യഥാർഥത്തിൽ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടാകില്ലെന്നും സകാത്ത് പിരിക്കാൻ പോയാൽ അവർ തന്നെ കൊന്നുകളയുമെന്നും അയാളുടെ ദുർബല മനസ്സ് മന്ത്രിച്ചു. അയാൾ നേരെ പ്രവാചക സദസ്സിലേക്ക് തിരിച്ചു. 'ഞാൻ ഖുസാഅ ഗോത്രക്കാരുടെ അടുത്തു പോയി. അവർ സകാത്ത് നൽകാൻ കൂട്ടാക്കുന്നില്ല. എന്നെ വധിക്കാൻ ശ്രമിക്കുകയാണവർ ചെയ്തത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്...' നബി(സ)യുടെ അടുത്തെത്തി അയാൾ പറഞ്ഞു.
ധിക്കാരപൂർവം പെരുമാറുകയും ദൂതനെ വധിക്കാൻ ശ്രമിച്ചെന്നുമുള്ള വാർത്ത കേട്ടപ്പോൾ പ്രവാചകൻ ഇടപെടാനൊരുങ്ങി. ഖുസാഅക്കാരെ ചോദ്യം ചെയ്യാനും വേണ്ടിവന്നാൽ നേരിടാനും ഖാലിദ് ബിൻ വലീദ്(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘം പോരാളികളെ പറഞ്ഞയച്ചു. അവർ പാതി വഴിയിയിൽ എത്തിയപ്പോഴുണ്ട് ഹാരിസിന്റെ നേതൃത്വത്തിൽ ഖുസാഅക്കാർ മദീനയിലേക്ക് വരുന്നു!
നിങ്ങൾ എങ്ങോട്ടാണെന്ന് ഹാരിസ് തിരക്കി. 'നിങ്ങളെ തേടി തന്നെയാണ് ഞങ്ങൾ ഇറങ്ങിയത്. നിങ്ങൾ സകാത്ത് നൽകാൻ വിസമ്മതിച്ചു. പ്രവാചക ദൂതനെ അപമാനിച്ചു. വധിക്കാൻ ശ്രമിച്ചു... അതിനു പ്രതികാരം ചെയ്യാൻ വന്നതാണ് ഞങ്ങൾ' ഖാലിദ് പറഞ്ഞു. ഉണ്ടായ സംഭവങ്ങളുടെ യാഥാർഥ്യം ഖുസാഅക്കാർ വിവരിച്ചു. പരസ്പര സംശയത്തിലായ ഇരുകൂട്ടരും മദീനയിലേക്ക് തിരിച്ചു.
പ്രവാചക സദസ്സിലെത്തിയ ഹാരിസ് തന്റെ ഭാഗം അവതരിപ്പിച്ചു. നബി(സ) എല്ലാം കേട്ടു. അപ്പോഴേക്ക് അസ്വർ നിസ്‌കാരത്തിനു സമയമായി. ബിലാൽ വാങ്ക് വിളിച്ചു. അന്നേരമുണ്ട്; ദിവ്യസന്ദേശങ്ങളുമായി പ്രവാചകനു മുന്നിൽ മാലാഖയുടെ സാന്നിധ്യം. ഖുർആൻ അവതരിച്ചു; ''സത്യവിശ്വാസികളേ, വല്ല വാർത്തകളും കൊണ്ട് ഒരു അധർമകാരി നിങ്ങളുടെ അടുത്തേക്ക് വന്നാൽ, നിങ്ങൾ അതിനെ പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്ത് വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായി തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി' (ഖുർആൻ 49/6). ഖുസാഅക്കാരുടെ നിരപരാധിത്വം ദൈവിക വെളിപ്പാടിലൂടെ തെളിഞ്ഞു വന്നു.
ഖുർആനിന്റെ ഈ മുന്നറിയിപ്പ് ഇക്കാലത്ത് കൂടുതൽ പ്രസക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."