പട്ടേല്‍ എത്തിയതോടെ ആശുപത്രി നിര്‍മാണം നിലച്ചു; ബംഗ്ലാവ് നവീകരണത്തിന് വേഗംകൂടി
കവരത്തി: ലക്ഷദ്വീപിന്റെ ആരോഗ്യമേഖലയുടെ വികസനത്തെക്കുറിച്ച് വാചാലരാകുന്ന ഭരണകൂടത്തിന് മുന്നില്‍ ചോദ്യം ചിഹ്നമായി തലസ്ഥാനമായ കവരത്തിയിലെ ഏക ആശുപത്രിയായ ഇന്ദിരാഗാന്ധി ആശുപത്രി. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ കോഡ പട്ടേല്‍ അധികാരത്തിലെത്തിയതോടെ ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.
പുതിയതായി നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം പട്ടേല്‍ വന്ന ഉടന്‍ തന്നെ നിര്‍ത്തിവയ്പ്പിച്ചു. ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിട നിര്‍മാണത്തിന്റെ ചുമതല. പട്ടേലിനൊപ്പം ദാമന്‍ ദ്യൂ വില്‍ നിന്ന് എത്തിയ ഒരു സംഘം ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് നിര്‍മാണം നിര്‍ത്തിവച്ചത്. എന്ത് കാരണങ്ങളാലാണ് നിര്‍ത്തിവപ്പിച്ചതെന്നതില്‍ ദ്വീപിലെ ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല. ദിനേശ്വര്‍ ശര്‍മ്മ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ശേഷമാണ് ആശുപത്രി വികസനത്തിനായി 150 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചത്. നാല് ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 20 കോടി രൂപയാണ് നീക്കിവച്ചത്. 2020 ജനുവരിയില്‍ രാഷ്ട്രപതി രാം നാഥ് ഗോവിന്ദിന്റെ ദ്വീപ് സന്ദര്‍ശനത്തിലാണ് ആശുപത്രി നവീകരണത്തിന്റെ ശിലാസ്ഥാപനം നടന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിലും അഡ്മിനിസ്‌ട്രേറ്ററുടെ ബംഗ്ലാവിന്റെ നവീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ നിര്‍മാണം പൂര്‍ത്തീകരിച്ച ബംഗ്ലാവ് പട്ടേലിനൊപ്പം എത്തിയ എന്‍ജിനിയര്‍മാരുടെ നിര്‍ദേശപ്രകാരം പൊളിച്ചു പണിയുകയാണ്. കോടികള്‍ മുടക്കിയാണ് നവീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."