വാക്‌സിന്‍ സൗജന്യമായി നല്‍കണം, കേന്ദ്ര നിലപാടിനെതിരേ നിയമസഭ പ്രമേയം പാസാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിയമസഭ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു.
എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാകണമെങ്കില്‍ വാക്‌സിന്‍ സൗജന്യവും സാര്‍വത്രികവുമായി നല്‍കാന്‍ കഴിയണം. അതിലൂടെ വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നതാണ് നമുക്കു മുന്നിലുള്ള അടിയന്തരമായ കടമയെന്നും ഇന്നലെ നിയമസഭ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ചട്ടം 118 പ്രകാരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ച പ്രമേയം ഒറ്റക്കെട്ടായാണ് സഭ അംഗീകരിച്ചത്.വാക്‌സിന്‍ ഉത്പാദനത്തിലെ കുറവും വാക്‌സിന് ലോകത്താകെയുള്ള ആവശ്യക്കാരുടെ എണ്ണവും മുതലെടുത്ത് പരമാവധി സാമ്പത്തിക ചൂഷണം നടത്താനാണ് വാക്‌സിന്‍ ഉത്പാദന കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണം.മുന്‍കാലങ്ങളില്‍ മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ സൗജന്യമായി നല്‍കുക എന്നത് ഒരു നയമായി രാജ്യം സ്വീകരിച്ചിരുന്നു. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായ നടപടികളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനു പകരം സംസ്ഥാനങ്ങളോട് കമ്പോളങ്ങളില്‍ മത്സരിക്കാനാണ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ വാക്‌സിന്‍ ആവശ്യക്കാര്‍ക്ക് ഫലപ്രദമായ രീതിയില്‍ നല്‍കാനുള്ള കാര്യക്ഷമമായ സംവിധാനം നിലവിലുണ്ട്. വാക്‌സിന്‍ ലഭ്യമായാല്‍ കൊവിഡിനെ പ്രതിരോധിക്കാനാവുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."