ദേശീയ പൗരത്വം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് സമസ്ത
ചേളാരി: പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍നിന്ന് വര്‍ഷങ്ങളായി ഇന്ത്യയില്‍ കുടിയേറിയവരില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കു മാത്രം പൗരത്വം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് 2021 മെയ് 28നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും ആവശ്യപ്പെട്ടു.
മെയ് 28ലെ എസ്.ഒ 2069(ഇ) ഉത്തരവ് പ്രകാരം ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലുള്ള ഹിന്ദു, ക്രൈസ്തവ, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് സമുദായത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരമുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. 2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമസ്ത ഉള്‍പ്പെടെയുള്ളവര്‍ ഫയല്‍ ചെയ്ത ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രസ്തുത ഹരജി പരിഗണിക്കവെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ നിയമം നടപ്പാക്കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ വാക്കാല്‍ ബോധിപ്പിച്ചിരുന്നു.
മതം തിരിച്ച് പൗരതത്വത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പിന്റെ ലംഘനമാണ്. 2021 മെയ് 28ന് ഇറക്കിയ പുതിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍ ഇന്നു ഹരജി സമര്‍പ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."