മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഈമാസം 21നു വൈകിട്ട് അഞ്ച് വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
കേരള എന്‍ട്രന്‍സ് അടിസ്ഥാനത്തില്‍ പ്രവേശനം എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്കു മാത്രമാണ്. മെഡിക്കല്‍, അഗ്രിക്കള്‍ചറല്‍ എന്നീ കോഴ്‌സുകളിലേക്ക് സെലക്ഷന്‍ നീറ്റ് 2021 റാങ്കിങിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ബി.ആര്‍ക്കിന് പ്രവേശന പരീക്ഷയില്ല.
എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനുള്ള പരീക്ഷ ജൂലൈ 24ന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടക്കും.
സംസ്ഥാനത്ത് മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നീറ്റ് പരീക്ഷക്കായി അപേക്ഷിക്കുന്നതിനൊപ്പം പ്രവേശന പരീക്ഷ കമ്മിഷണര്‍ക്കും അപേക്ഷ സമര്‍പ്പിക്കണം. ആര്‍ക്കിടെക്ചര്‍ കോഴ്‌സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാറ്റ 2021 യോഗ്യത ഓഗസ്റ്റ് 15ന് മുന്‍പ് നേടിയിരിക്കണം.
കോഴ്‌സുകള്‍
മെഡിക്കല്‍: എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ് (ഹോമിയോ), ബി.എ.എം.എസ് (ആയുര്‍വേദ), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് (യുനാനി).
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍: ബി.എസ്‌സി (ഓണേഴ്‌സ്), അഗ്രിക്കള്‍ച്ചര്‍, ബി.എസ്‌സി (ഓണേഴ്‌സ്), ഫോറസ്ട്രി, ബി.എസ്‌സി (ഓണേഴ്‌സ്), കോ-ഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്, ബി.എസ്‌സി (ഓണേഴ്‌സ്), ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, ബി.ടെക് ബയോടെക്‌നോളജി, വെറ്ററിനറി (ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്.സി)
എന്‍ജിനീയറിങ് കോഴ്‌സുകള്‍: ബി.ടെക് ബിരുദ കോഴ്‌സുകള്‍ (കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി കോഴ്‌സുകള്‍, വെറ്ററിനറി സര്‍വകലാശാലക്ക് കീഴിലുള്ള ബി.ടെക് ഡയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി കോഴ്‌സുകള്‍, ഫിഷറീസ് സര്‍വകലാശാലക്ക് കീഴിലുള്ള ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സ് ഉള്‍പ്പെടെ)
ഫാര്‍മസി
കോഴ്‌സ്: ബി.ഫാം
ആര്‍ക്കിടെക്ചര്‍
കോഴ്‌സ്: ബി.ആര്‍ക്ക്
പുതിയ കോഴ്‌സുകള്‍
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബി.ടെക് ബയോടെക്‌നോളജി, ബി.എസ്‌സി (ഓണേഴ്‌സ്), കോ-ഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ് എന്നിവ ഈ വര്‍ഷത്തെ പുതിയ കോഴ്‌സുകളാണ്.
യോഗ്യത
എന്‍ജിനീയറിങ്: പ്ലസ് ടുവില്‍ മാത്‌സ്, ഫിസിക്‌സ് എന്നിവയ്ക്കു പുറമേ കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക് ബയോളജി ഇവ ചേര്‍ത്ത് 45 ശതമാനം മാര്‍ക്കും വേണം.
മെഡിക്കല്‍ അഗ്രിക്കള്‍ചറല്‍: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനു പ്ലസ് ടുവിന് ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയ്ക്കു മൊത്തം 50 ശതമാനം മാര്‍ക്കുവേണം. ബയോളജിയില്ലെങ്കില്‍ ബയോടെക്‌നോളജി മതി. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യൂനാനി, അഗ്രിക്കള്‍ചര്‍, ഫോറസ്ട്രി, ഫിഷറീസ്, കോ-ഓപറേഷന്‍, ബയോടെക് (കാര്‍ഷിക സര്‍വകലാശാല മാത്രം), ക്ലൈമറ്റ് ചേഞ്ച് എന്നിവയ്ക്ക് പ്ലസ് ടുവില്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളില്‍ മൊത്തം 50 ശതമാനം എങ്കിലും മാര്‍ക്കുവേണം. സിദ്ധയ്ക്ക് 10ലോ 12ലോ തമിഴ് പഠിച്ചിരിക്കണം. ഇല്ലെങ്കില്‍ ആദ്യവര്‍ഷ ക്ലാസില്‍ തമിഴ് കോഴ്‌സ് ജയിക്കണം. യൂനാനിക്ക് പത്താം ക്ലാസില്‍ ഉറുദു, അറബി, പേര്‍ഷ്യന്‍ അഥവാ നിര്‍ദിഷ്ട അധികയോഗ്യത വേണം. വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയ്ക്കു മൊത്തം 50 ശതമാനം മാര്‍ക്ക്. ക്ലൈമറ്റ് ചെയ്ഞ്ചിന് 12ല്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയ്ക്കു മൊത്തം 50 ശതമാനം മാര്‍ക്കിനു പുറമേ, 12ല്‍ മാത്‌സും വേണം.
ബിഫാം: 12ല്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ മാത്‌സ്, ബയോളജി ഇവ പഠിച്ചു ജയിച്ചിരിക്കണം.
ബിആര്‍ക്: മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ ഐച്ഛികമായി പ്ലസ്ടു ജയിച്ചിരിക്കണം. മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയും പരിഗണിക്കും. ഇത്തവണ മിനിമം മാര്‍ക്ക് നിബന്ധനയില്ല. പക്ഷേ നാറ്റ 2021 ദേശീയ അഭിരുചി പരീക്ഷയില്‍ ഓഗസ്റ്റ് 15നു മുന്‍പ് യോഗ്യത നേടണം. വെള്ളായണി കാര്‍ഷിക കോളജിലെ ബിടെക് ബയോടെക്‌നോളജി പ്രവേശനത്തിന് 12ല്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50 ശതമാനം മാര്‍ക്കു മതി. പക്ഷേ എന്‍ജിനീയറിങ് കോളജുകളിലെ ബിടെക് ബയോടെക്‌നോളജിക്ക് മാത്‌സടക്കം മറ്റു ബിടെക്കിനുള്ള യോഗ്യതതന്നെ വേണം.
അപേക്ഷിക്കേണ്ടവിധം
ഏതു കോഴ്‌സുകള്‍ക്കു ശ്രമിക്കുന്നവരായാലും ഒറ്റ അപേക്ഷ മതി. അപേക്ഷാ ഫീസ് എന്‍ജിനീയറിങ്ങും ബിഫാമും ചേര്‍ത്തോ ഒറ്റയായോ 700 രൂപയും ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അലൈഡ് എന്നിവ ചേര്‍ത്തോ ഒറ്റയായോ 500 രൂപയും എല്ലാ കോഴ്‌സുകളും ചേര്‍ത്ത് 900 രൂപയുമാണ്. പട്ടികവിഭാഗത്തിന് യഥാക്രമം 300,200,400 രൂപ എന്നിങ്ങനെയാണ്. പട്ടികവര്‍ഗക്കാര്‍ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട. ദുബൈയില്‍ പരീക്ഷ എഴുതുന്നവരുടെ അധികഫീസ് 12,000 രൂപ ഓണ്‍ലൈനായി അടയ്ക്കാം.ഫോട്ടോ, ഒപ്പ്, ജനനത്തീയതിയും സ്വദേശവും സംബന്ധിച്ച രേഖകള്‍ എന്നിവ 21നുള്ളില്‍ അപ്‌ലോഡ് ചെയ്യണം, അര്‍ഹത തെളിയിക്കുന്ന മറ്റു രേഖകള്‍ 30ന് അഞ്ച് മണിക്കകവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."