'90രൂപ മുടക്കി ജനറല്‍ കോച്ചില്‍ ഇടിച്ചു കയറുന്ന രോഗികളും അടങ്ങുന്നതാണ് കേരളത്തിലെ തീവണ്ടി യാത്രക്കാര്‍' വന്ദേഭാരത് എന്ന 'മഹാത്ഭുത'ത്തെ തള്ളി മറിക്കുന്നവര്‍ ഇത് മറക്കരുത്; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
വന്ദേഭാരത് വരുന്നൂ എന്ന് കേട്ടപ്പോള്‍ തുടങ്ങിയതാണ് കേരളത്തിലെ മോദി സേവകരുടെ തള്ളി മറിക്കലും പുകിലും. സെമി സ്പീഡ് പ്രിമീയം ട്രെയിന്‍ എന്ന നിലയില്‍ വലിയ മാധ്യമശ്രദ്ധയും ലഭിച്ചു ഈ മാസം 25ന് ഓട്ടം തുടങ്ങുന്ന ഈ തീവണ്ടിക്ക്.എന്നാല്‍, ജനശതാബ്ദിയും രാജധാനിയുമടക്കം നിലവിലുള്ള തീവണ്ടികളില്‍ പോകുന്നതിനേക്കാള്‍ എടുത്തുപറയത്തക്ക സമയ ലാഭമൊന്നും ഈ ട്രെയിനിനില്ല. ടിക്കറ്റ് നിരക്കാണെങ്കില്‍ ജനശതാബ്ദിയേക്കാള്‍ 1000 രൂപയോളം അധികം നല്‍കുകയും വേണം.
കോയമ്പത്തൂര്‍ -ചെന്നൈ വന്ദേ ഭാരത് ട്രെയിനിലെ അനുഭവം മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഷാജി എഴുതിയ കുറിപ്പ് വായിക്കാം
കുറിപ്പ്
കോയമ്പത്തൂരില്‍ നിന്നും രാവിലെ 6.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് ചെന്നൈയിലെത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ എ സി ചെയര്‍ക്കാറില്‍ ടിക്കറ്റൊന്നിന് 685 രൂപ മാത്രമാണ്.
എ സി വേണ്ടെങ്കില്‍ റിസര്‍വേഷന്‍ കോച്ചില്‍ 190 രൂപയ്ക്ക് യാത്ര ചെയ്യാം. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന പൊതു യാത്രാ സംവിധാനം.
ആ ട്രയിന്‍ പുറപ്പെടുന്നതിന് ഇരുപത് മിനിറ്റ് മുമ്പ് കാലത്ത് ആറ് മണിക്ക് കോയമ്പത്തൂര്‍ വിടുന്ന വന്ദേ ഭാരത് ട്രയിന്‍ ചെന്നൈയില്‍ 11.50 ന് എത്തും.
ചെയര്‍ കാറില്‍ 1215 രൂപ. എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2310 രൂപ. ഇന്റര്‍സിറ്റിയുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭിക്കാനാകുന്നത് പരമാവധി രണ്ട് മണിക്കൂര്‍.
പക്ഷെ അതിന്നായി ചെലവിടുന്ന തുകയിലെ അന്തരം വളരെ വലുത്. പണ്ട് ചെന്നൈയില്‍ താമസിക്കുമ്പോള്‍ പെട്ടെന്ന് വയനാട്ടിലെത്തണമെന്നുണ്ടെങ്കില്‍ മൈസൂര്‍ക്കുള്ള ശതാബ്ദിയില്‍ കയറും. ട്രയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പും ടിക്കറ്റ് കിട്ടും.
വലിയ ചാര്‍ജായതിനാല്‍ ജനങ്ങള്‍ കയറാറില്ല. ബാംഗ്ലൂര്‍ വരെ കഷ്ടി ആളുണ്ടാകും.
പിന്നെ മൈസൂര്‍ വരെ ഏകാന്തതയോട് സല്ലപിക്കാം. ഒരു കോച്ച് ഒറ്റയ്ക്ക് വാടകയ്ക്കെടുത്തതായി സങ്കല്‍പിച്ച് യാത്ര ചെയ്യാം.
ബാംഗ്ലൂര്‍ കോയമ്പത്തൂര്‍ ഡബിള്‍ ഡക്കറിലും ചെന്നൈ കോയമ്പത്തൂര്‍ ശതാബ്ദിയിലും ഇതൊക്കെയാണവസ്ഥ. ദിവസവും ആളില്ലാതെ ഓടുന്നു.
അഫോര്‍ഡബിള്‍ ആയവര്‍ക്ക് ആയിരം രൂപ അധികം മുടക്കിയാല്‍ വിമാനത്തില്‍ പോകാം.
ദരിദ്ര ജന സാമാന്യത്തിനുള്ള പൊതു ഉപയുക്തതാ ഗതാഗത സംവിധാനമല്ല വന്ദേ ഭാരത്.
ആര്‍ സി സിയില്‍ ഡോക്ടറെ കണ്ട് തൊണ്ണൂറ് രൂപയുടെ ടിക്കറ്റെടുത്ത് അണ്‍ റിസര്‍വ്ഡ് കോച്ചില്‍ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഇടിച്ചു കയറുന്ന ക്യാന്‍സര്‍ രോഗികളടങ്ങുന്നതാണ് കേരളത്തിലെ തീവണ്ടികളുടെ ഉപയോക്താക്കള്‍.
രാജധാനി കാലിയായാണ് ഇവിടെ ഓടുന്നത്.
വന്ദേ ഭാരതിലെ നാല് കോച്ച് എങ്കിലും വരുമാനത്തില്‍ താഴെയുള്ളവര്‍ക്ക് സംവരണം ചെയ്യുന്ന സാമൂഹികോത്തരവാദിത്വമൊന്നും ചോദിക്കരുത്. അത് ചെയ്താല്‍ സാധാരണ മനുഷ്യര്‍ കയറും.
വന്ദേ ഭാരതിന് കേരളത്തിലെ ടിക്കറ്റ് നിരക്ക് ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. മോഡിജി വന്ന് ഉദ്ഘാടനം ചെയ്യുന്ന മഹാത്ഭുതത്തെപ്പറ്റിയുള്ള അനേകായിരം തള്ളുകള്‍ക്കിടയില്‍ ഇത്രയെങ്കിലും പറയേണ്ടതുണ്ട് എന്ന് തോന്നി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."