രക്തത്തിലെ പഞ്ചസാര ഉപയോഗിച്ച് വൈദ്യുതിയോ?…സാധ്യമെന്ന് പഠനം
നമ്മുടെ രക്തത്തിലെ പഞ്ചസാര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കാനാവുമോ? അതും സാധ്യമാണെന്നാണ് ഇടിഎച്ച് സൂറിച്ചിലെ ഗവേഷകര്‍ പറയുകയും പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയും ചെയ്യുന്നത്. ഇതിനര്‍ഥം നമ്മുടെ വീട്ടിലെ ആവശ്യത്തിന് വേണ്ടത്രയും അളവ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ രക്തത്തിലെ പഞ്ചസാര വഴി സാധിക്കുമെന്നല്ല. മറിച്ച് ശരീരത്തില്‍ ഘടിപ്പിക്കുന്ന ഇന്‍സുലിന്‍ പമ്പുകളും പേസ് മേക്കറുകളും പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഊര്‍ജം ഇതുവഴി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ്. അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സിലാണ് ശാസ്ത്രജ്ഞരുടെ ഈ പഠനം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നമ്മുടെ ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഇന്ന് നമ്മളില്‍ ഭൂരിഭാഗവും കഴിക്കാറുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി നിര്‍മിക്കാനും ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മാര്‍ട്ടിന്‍ ഫുസെനെഗര്‍ വിവരിക്കുന്നു. ചെമ്പ് അടിസ്ഥാനമാക്കിയുള്ള നാനോപാര്‍ട്ടിക്കിള്‍സ് ഉപയോഗിച്ചാണ് ഫ്യുവല്‍ സെല്‍ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചത്. ആല്‍ഗെയില്‍ നിന്നും നിര്‍മിച്ച ആല്‍ഗിനേറ്റ് ഉപയോഗിച്ച് ആവരണം ചെയ്ത പ്രത്യേകതരം തുണിയാണ് ഇലക്ട്രോഡായി ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഫ്യുവല്‍ സെല്ലുകള്‍ നമ്മുടെ ചര്‍മ്മത്തിന് കീഴില്‍ സ്ഥാപിക്കാനാവും. ഇതുവഴി കടന്നുപോവുന്ന ശരീര സ്രവങ്ങളില്‍ നിന്നും ലഭിക്കുന്ന ഗ്ലൂക്കോസ് ഉപയോഗിച്ചാണ് ഈ സെല്ലുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്.
ശരീരത്തിലെ ഇന്‍സുലിന്റെ അളവ് പുറമേനിന്നും യാതൊരു സഹായവുമില്ലാതെ നിയന്ത്രിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ വഴി സാധിക്കുമെന്ന് ഫുസെനെഗര്‍ പറയുന്നു. ഇത് ഭാവിയില്‍ പ്രമേഹ രോഗ നിയന്ത്രണം വളരെയെളുപ്പമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."