ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ നേതാവ്
രാജു ശ്രീധർ
തിരുവനന്തപുരം
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെതിരേ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ.
അതുകൊണ്ടുതന്നെ കാലാവധി പൂർത്തിയാകും മുമ്പേ അദ്ദേഹത്തെ ഒന്നാം പിണറായി സർക്കാർ തൽസ്ഥാനത്തുനിന്നു നീക്കി.
ആചാര സംരക്ഷണത്തിനായി വിശ്വാസികൾക്കൊപ്പമായിരുന്നു പ്രയാർ എന്നും. അതായിരുന്നു പുറത്താകലിന് കാരണമായതും. എൻ.എസ്.എസിന്റെ പിന്തുണയും പ്രയാറിനുണ്ടായിരുന്നു.
കൊല്ലം ചടയമംഗലം സീറ്റിനായി രംഗത്തിറങ്ങിയ പ്രയാർ നിയമസഭാ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനമെങ്കിലും തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന താൻ മൂലമാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റ് ലഭിച്ചതെന്ന് അദ്ദേഹം അവകാശവാദം ഉയർത്തിയിരുന്നു.
2001- 06 കാലയളവിൽ എം.എൽ.എ ആയിരുന്ന പ്രയാർ ചടയമംഗലം സീറ്റ് മുസ്‌ലിം ലീഗിന് നൽകാനുള്ള നീക്കത്തിനെതിരേ പരസ്യമായി രംഗത്തെത്തി.
പുനലൂരും ചടയമംഗലവും ലീഗും കോൺഗ്രസും വച്ചു മാറാൻ ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ കോൺഗ്രസ് തന്നെ മൽസരിക്കുകയായിരുന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീറായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ഇടതുമുന്നി സ്ഥാനാർഥിയായിരുന്ന സി.പി.ഐ നേതാവും മന്ത്രിയുമായ ജെ ചിഞ്ചുറാണി ആയിരുന്നു വിജയിച്ചത്.' ചടയമംഗലത്ത് മത്സരിക്കാൻ യോഗ്യതയുണ്ടെങ്കിൽ തനിക്ക് സീറ്റ് തരണം. ഇല്ലെങ്കിൽ വേണ്ട. പലരും ഇവിടെ ആഗ്രഹിച്ചിട്ടുണ്ട്.
അവർക്ക് സീറ്റ് കൊടുക്കുന്നതിനൊന്നും ഞാൻ എതിരല്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19 എം.പിമാർ ഉണ്ടായതിന്റെ സാഹചര്യം ശബരിമലയാണ്. ഞാൻ എടുത്ത ശക്തമായ നിലപാടാണ് വിജയത്തിനുകാരണം.
കേസ് പിൻവലിക്കണമെന്ന ശക്തമായ നിർദേശംവച്ചത് ഞാൻ തന്നെയാണ്. എനിക്ക് സീറ്റ് തരണം. യു.ഡി.എഫ് അധികാരത്തിൽ എത്തണം.
കാരണം എനിക്ക് വീണ്ടും ദേവസ്വം ബോർഡ് പ്രസിഡന്റാവണം- മാധ്യമ പ്രവർത്തകരോട് പ്രയാർ പറഞ്ഞു. എ ഗ്രൂപ്പുകാരനായിരുന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ കോൺഗ്രസിനുള്ളിൽ വിമർശനത്തിനും കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."