പുതിയ വ്യവസ്ഥ വരുന്നു; ഖത്തറിൽ പ്രവർത്തിക്കാൻ ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ ബുദ്ധിമുട്ടും, കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ പട്ടികയിൽ ഇല്ല
ദോഹ: വിദേശ സർവകലാശാലകൾ ഖത്തറിൽ ക്യാംപസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരട് നിയമം ഉടൻ പുറത്തിറങ്ങും. പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും കരട് നിയമം വരുന്നത്. വ്യവസ്ഥ പ്രകാരം ആദ്യ മുന്നൂറ് റാങ്കിങ്ങിൽ ഉൾപ്പെടുന്ന സർവകലാശാലക്ക് മാത്രമാണ് ഖത്തറിൽ ക്യാംപസ് തുടങ്ങാനാകുക. കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാലയും ഈ പദവിയിൽ ഇല്ല. ഇന്ത്യയിൽ നിന്ന് ഏതാനും ഐ.ഐ.ടികൾ മാത്രമാണ് ഇടം പിടിച്ചത്.
രാജ്യാന്തര പ്രശസ്തമായ 3 സർവകലാശാലാ റാങ്കിങ് പട്ടികകളിൽ നിന്നാണ് ആദ്യ മുന്നൂറിൽ ഇടം നേടേണ്ടത്. ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി, ദി ക്യൂഎസ് ക്ലാസിഫിക്കേഷൻ, ദി ഷാങ്ഹായ് ജിയാവോ ടോങ് ക്ലാസിഫിക്കേഷൻ എന്നിവയിൽ ഏതെങ്കിലുമൊരു സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ മുന്നൂറിൽ ഇടം നേടിയിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ.
നിലവിൽ ഇന്ത്യയുടെ പുണെ സാവിത്രിഭായ് സർവകലാശാലയുടെ ക്യാംപസ് മാത്രമാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. ടൈംസ് ഹയർ എജ്യൂക്കേഷൻ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മാത്രമാണ് ഇടം നേടിയിരിക്കുന്നത്. പട്ടികയിൽ 251 ആണ് സർവകലാശാലയുടെ സ്ഥാനം.
ഐഐടികൾക്ക് പുതിയ വ്യവസ്ഥകൾ കൂടുതൽ പ്രതീക്ഷ നൽകുന്നു. ക്യൂഎസ് ക്ലാസിഫിക്കേഷൻ പട്ടികയിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 155-ാമതും മുംബൈ ഐഐടി ബി 172-ാമതും ന്യൂഡൽഹി ഐഐടി 174-ാം സ്ഥാനത്തുമാണ്. ഷാങ്ഹായ് ജിയാവോ ടോങ് ക്ലാസിഫിക്കേഷൻ പട്ടികയിൽ ബംഗളൂരു ഐഐഎസ് 300-ാം സ്ഥാനത്താണ്.
കേരളത്തിൽ നിന്നുള്ള എംജി സർവകലാശാല 401-ാം സ്ഥാനത്താണുള്ളത്. എംജി സർവകലാശാല പുതിയ ക്യാംപസ് തുടങ്ങാനുള്ള ശ്രമങ്ങൾ ഫിഫ ലോകകപ്പിന് മുൻപേ തുടങ്ങിയിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ എംജിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."