എല്ലാവര്‍ക്കും വിജയമുണ്ടായാലെന്താണു കുഴപ്പം?
എനിക്കാണു കൂടുതല്‍ വില എന്ന ന്യായം പറഞ്ഞാണ് അഞ്ച് നാലിനെ ആക്രമിച്ചത്. അതേ ന്യായം നിരത്തി നാല് മൂന്നിനെയും ആക്രമിച്ചു. മൂന്നും വെറുതെയിരുന്നില്ല. മൂന്ന് രണ്ടിനെയും രണ്ട് ഒന്നിനെയും കീഴടക്കി. ഇനി ഒന്നാണുള്ളത്. ഒന്നിന് തന്റെ താഴെ ആരെയും കാണാന്‍ കഴിഞ്ഞില്ല. ആകെയുള്ളത് വിലയില്ലാത്ത ഒരു പൂജ്യം മാത്രം. ഒന്ന് ചെയ്തതെന്തെന്നോ? മനസില്‍നിന്ന് വികലചിന്തകളൊഴിവാക്കി പൂജ്യത്തെ ചേര്‍ത്തുപിടിച്ചു. അപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവ രണ്ടിനും പുതിയ വിലയും മൂല്യവും കൈവന്നു-പത്ത്. വിലയില്ലാത്ത പൂജ്യവും വില കുറഞ്ഞ ഒന്നും അങ്ങനെ അഞ്ചിനേക്കാള്‍ ഇരട്ടി മൂല്യമുള്ളതായി മാറി.
ചവിട്ടിമാറ്റി നേടിയെടുക്കുന്ന വിജയത്തിനല്ല, ചേര്‍ത്തുപിടിച്ച് നേടുന്ന വിജയത്തിനാണ് ഇരട്ടിമധുരം. വിജയകിരീടം ഞാന്‍ മാത്രം ചൂടിയാല്‍ മതിയെന്ന ശാഠ്യത്തില്‍ മറ്റുള്ളവരെല്ലാം പരാജയപ്പെടണമെന്ന ധ്വനിയുണ്ട്. കൂടെയുള്ളവരാരും തോല്‍ക്കരുതെന്ന ആഗ്രഹത്തില്‍ വിജയമധുരം തനിക്കു മാത്രം നുണയേണ്ടതില്ലെന്ന മഹാമനസ്‌കതയുമുണ്ട്. മറ്റുള്ളവരുടെ തോല്‍വിയാണു തനിക്കുണ്ടായ വിജയത്തിനു വെള്ളവും വളവുമായതെങ്കില്‍ ആ വിജയത്തിനു തിളക്കം കുറവായിരിക്കും. എനിക്ക് അദ്ദേഹത്തെക്കാള്‍ മുന്നേറണമെന്ന മത്സരബുദ്ധിക്കല്ല, അദ്ദേഹം ജയിക്കരുതെന്ന വാശിക്കാണു കുഴപ്പം. വേറൊരാളെ തോല്‍പിച്ചിട്ടു വേണ്ടല്ലോ ജയിക്കാന്‍.
തെരഞ്ഞെടുപ്പില്‍ എതിര്‍വിഭാഗത്തിന്റെ കുറ്റങ്ങളും കുറവുകളും ഉയര്‍ത്തിക്കാട്ടി വിജയം നേടുന്നവരുണ്ട്. സ്വന്തം ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിജയിക്കുന്നവരുമുണ്ട്. ഇതില്‍ ഏതു വിജയത്തിനാണു മാര്‍ക്കു കൊടുക്കുക? തീര്‍ച്ചയായും രണ്ടാമത്തേതിനു തന്നെ. കാരണം, ജനങ്ങള്‍ക്കു വേണ്ടതും അറിയേണ്ടതും കോട്ടങ്ങളല്ല, നേട്ടങ്ങളാണ്. എന്തൊക്കെ ചെയ്തില്ലെന്നല്ല, എന്തൊക്കെ ചെയ്തുവെന്നും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നുമാണ്.
സംവാദങ്ങളില്‍ എതിരാളിയെ എങ്ങനെ ഉത്തരം മുട്ടിക്കാമെന്ന ആലോചനയ്ക്കാണു പ്രാമുഖ്യമെങ്കില്‍ ശ്രോതാക്കള്‍ക്കു സത്യം ബോധ്യപ്പെടണമെന്നില്ല. പരമാവധി പോയാല്‍ എതിരാളിക്കു ഉത്തരംമുട്ടിയെന്നേ മനസിലാവുകയുള്ളൂ. സത്യം വെളിപ്പെടണമെന്ന ചിന്തയ്ക്കാണു പ്രാധാന്യമെങ്കില്‍ ആ സംവാദം നിര്‍മാണാത്മകമായിരിക്കും. സംവാദം സംഘര്‍ഷത്തിനോ സംഘട്ടനത്തിനോ വഴിമരുന്നാവുകയുമില്ല.
അഞ്ച് നാലിനെ പരാജയപ്പെടുത്തുമ്പോള്‍ നാലു മാത്രമല്ല, അഞ്ചും പരാജയപ്പെടുന്നുണ്ട്. കാരണം, നാലു പോയാല്‍ അഞ്ച് അഞ്ചല്ല; ഒന്ന് മാത്രമാണ്. തന്റെ ഭാഗമായി കാണുന്നതിനു പകരം തന്നില്‍നിന്ന് അന്യമായി നില്‍ക്കുന്ന വേറൊന്നായി കാണുമ്പോള്‍ പരുക്ക് തനിക്കു കൂടിയാണു ഭവിക്കുന്നതെന്നറിയണം. ഒരാളുടെ പരാജയം വേറൊരാളുടെ വിടവിനെ നികത്തുകയല്ല, വിടവിനെ വികസിപ്പിക്കുകയോ വിടവാക്കി നിലനിര്‍ത്തുകയോ ആണു ചെയ്യുന്നത്. ആരെയും വളരാന്‍ അനുവദിക്കാത്തവന്‍ വളര്‍ച്ചപ്രാപിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിനിടയില്‍ ജീവിക്കേണ്ട ഗതികേട് ഏറ്റുവാങ്ങേണ്ടി വരും. മറ്റുള്ളവരെ വളര്‍ത്താനും ഉയര്‍ത്താനും ശ്രമിക്കുന്നവന്‍ സ്വയം വളരുകയും ഉയരുകയും ചെയ്യും. ഉദ്ബുദ്ധരും വിജയികളുമായ ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള മഹാസൗഭാഗ്യം ലഭിക്കുകയും ചെയ്യും.
സാമ്പത്തികശേഷിയില്‍ തന്നെക്കാള്‍ മേലെ ആരുമുണ്ടാകരുതെന്നു വാശിപിടിച്ച ഒരാളുടെ കഥ പറയാം. നാട്ടില്‍ ഏറ്റവും വലിയ പണക്കാരനാരാണെന്നു ചോദിച്ചാല്‍ ആളുകള്‍ തന്നെ മാത്രം ചൂണ്ടിക്കാണിക്കണമെന്നായിരുന്നു അയാളുടെ നിര്‍ബന്ധം. ഒരിക്കല്‍ നാട്ടുകാര്‍ അദ്ദേഹത്തെ പള്ളിയുടെ പ്രധാന ഭാരവാഹിയായി നിയമിച്ചു. അതേറ്റെടുക്കുന്നതില്‍ അദ്ദേഹത്തിനു സന്തോഷമേയുണ്ടായിരുന്നുള്ളൂ. അദ്ദേഹം അതു വലിയ അംഗീകാരമായി കണ്ടു. പള്ളിപരിപാലനം ഭീമമായ സാമ്പത്തികച്ചെലവ് ആവശ്യമുള്ള ഒന്നായിരുന്നു. പുറമെ, വര്‍ഷങ്ങള്‍ പഴക്കമുള്ള കടങ്ങളും. പരിഹരിക്കാന്‍ നാട്ടുകാര്‍ അശക്തരാണ്. അവര്‍ നല്‍കുന്ന തുച്ഛമായ സംഖ്യ എവിടെയും എത്തുമായിരുന്നില്ല. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന അവസ്ഥയിലായി അയാള്‍. ഭാരവാഹിത്വം രാജിവയ്ക്കാന്‍ തോന്നിയില്ല. എന്നാല്‍ ചുമതലകളുടെ ഭാരമോര്‍ത്തു വല്ലാത്ത ആശങ്കയും. ഇപ്പോള്‍ അദ്ദേഹം പറയുന്നു: ''നമ്മുടെ നാട്ടില്‍ സാമ്പത്തികശേഷിയുള്ള കുറച്ചാളുകളെങ്കിലും വേണ്ടിയിരുന്നു.''
ഒരാളെ വീഴ്ത്തുകയോ വാഴാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്തിട്ട് ഒന്നും നേടാനില്ല. നേടാമായിരുന്ന പല നേട്ടങ്ങളെയും അതു നഷ്ടപ്പെടുത്തുകയേ ഉള്ളൂ. അതേസമയം, ഒരാളെ വാഴിക്കുകയോ ഉയര്‍ത്തുകയോ ചെയ്താല്‍ ഒന്നും നഷ്ടപ്പെടാനില്ല. ഉയര്‍ത്തിയതിന്റെ നേട്ടങ്ങള്‍ കണക്കിലേറെ ലഭിക്കുകയും ചെയ്യും.
ഒന്ന് ചെറിയ സംഖ്യയാണ്. എന്നാല്‍ പൂജ്യത്തെ ചേര്‍ത്തുപിടിക്കുമ്പോള്‍ അതു വലിയൊരു സംഖ്യയായി മാറുന്നു. കഴിവു കുറഞ്ഞവരായിരിക്കാം നാം. എന്നാല്‍ ഉള്ള കഴിവുവച്ച് മറ്റുള്ളവരെ ചേര്‍ത്തുനിര്‍ത്തുകയോ ഉയര്‍ത്തിക്കൊണ്ടുവരുകയോ ചെയ്താല്‍ അതു നമ്മുടെകൂടി വിജയമാണ്. വിജയിക്കാന്‍ സഹായിക്കുന്നവന്‍ പരാജയപ്പെടില്ല. സന്തോഷം പ്രസരിപ്പിക്കാന്‍ പരിശ്രമിക്കുന്നവന്‍ ദുഃഖിക്കേണ്ടി വരില്ല. ഉയരുമ്പോള്‍ ഒരാളേ ഉയരൂ. ഉയര്‍ത്തുമ്പോള്‍ ഒന്നിലേറെ പേര്‍ ഉയരും. അതിനാല്‍ താനൊറ്റയില്‍ ബ്രഹ്‌മപദം കൊതിക്കുന്നതിനു പകരം പാഴ്‌ചേറിലമര്‍ന്നിരിക്കുന്നവരെ കൂടി പരിഗണിക്കുക. ഉള്ളൂര്‍ പാടി:
തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്‌ചേറിലമര്‍ന്നിരിക്കെ
താനൊറ്റയില്‍ ബ്രഹ്‌മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ഥ്യം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."