ട്രാഫിക് മെച്ചപ്പെടുത്താനായി 3 ബില്യൺ ദിർഹത്തിന്റെ പദ്ധതികളുമായി അബുദബി
അബുദബി:അബുദബിയിലെ ട്രാഫിക് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് അബുദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) 3 ബില്യൺ ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചു.2024 മാർച്ച് 18-നാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അബുദബിയുടെ ഭാവി അഭിലാഷങ്ങളും, തന്ത്രപ്രധാനമായ ഗതാഗത പരിഷ്കാരങ്ങളും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ട്രാഫിക് സുരക്ഷ ഉറപ്പ് വരുത്തുക, എമിറേറ്റിലെ വിവിധ പ്രദേശങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വാണിജ്യ മേഖലകളുമായി ബന്ധിപ്പിക്കുക, ഗതാഗതം കൂടുതൽ സുഗമമാക്കുക, ഗതാഗതകുരുക്കുകൾ ഒഴിവാക്കുക, കൂടുതൽ നൂതനമായ യാത്രാ കാര്യങ്ങൾ ഒരുക്കുക തുടങ്ങിയവ ഈ പദ്ധതികളുടെ ലക്ഷ്യങ്ങളാണ്.
25 കിലോമീറ്റർ ദൈർഘ്യമുള്ള മിഡ്-ഐലൻഡ് പാർക്ക് വേ പദ്ധതിയാണ് ഇതിൽ ഏറ്റവും വലിയതും, സങ്കീർണ്ണമായതുമായ പദ്ധതി. അബുദബി ഐലൻഡിനെ മിഡ്-ഐലൻഡുകളിലൂടെ മെയിൻലാൻഡുമായി ബന്ധിപ്പിക്കുന്ന നാലോ, അഞ്ചോ വരികൾ ഉള്ള ഒരു റോഡാണ് മിഡ്-ഐലൻഡ് പാർക്ക് വേ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്.
ഈ റോഡിൽ നിന്ന് അൽ സമ്മലിയ്യഹ്, ഉം യിഫീനാഹ്, അൽ സാദിയത്, അൽ റീം മുതലായ ദ്വീപുകളിലേക്കുള്ള എൻട്രി-എക്‌സിറ്റുകൾ ഉണ്ടായിരിക്കും. ഓരോ വശത്തേക്കും മണിക്കൂറിൽ എണ്ണായിരം മുതൽ പതിനായിരം വരെ വാഹനങ്ങളെ ഉൾക്കൊള്ളാനാകുന്ന രീതിയിലായിരിക്കും ഈ റോഡ് നിർമ്മിക്കുന്നത്.
മിഡ്-ഐലൻഡ് പാർക്ക് വേ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അൽ സാദിയത് ഐലണ്ടിനെയും, ഉം യിഫീനാഹ് സ്ട്രീറ്റിനെയും ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റുമായും, റീം ഐലൻഡുമായും ബന്ധിപ്പിക്കുന്നതാണ്. രണ്ടാം ഘട്ടത്തിൽ ഉം യിഫീനാഹ് ഐലണ്ടിനെ അൽ റാഹ ബീച്ചുമായും, E10 റോഡ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് E20, മദിനത് സായിദ് എന്നിവയുമായും ബന്ധിപ്പിക്കുന്നതാണ്.
മുസഫ റോഡ് ട്രാഫിക് ഇമ്പ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി മുസഫ റോഡിൽ (E30) വിവിധ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. ഈ റോഡിൽ ഇരുവശത്തേക്കും ട്രാഫിക് ജംക്ഷനുകൾ ഒഴിവാക്കുക, ഇന്റർസെക്ഷനുകളിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക, മുഹമ്മദ് ബിൻ സായിദ് സിറ്റി, മുസഫ എന്നിവയുമായി കൂടുതൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി രണ്ട് പുതിയ പാലങ്ങൾ നിർമ്മിക്കുക തുടങ്ങിയവ പ്രവർത്തികൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്.
ഇതിന് പുറമെ അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് (E20) നവീകരണം, അബുദബി – അൽ ഐൻ പാതയിൽ പുതിയ പാലങ്ങളുടെ നിർമ്മാണം തുടങ്ങിയവയും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."