ജില്ലയിലെ എക്‌സൈസ് ജീവനക്കാര്‍ ഓടിത്തളരുന്നു
നീലേശ്വരം: അന്‍പത് വര്‍ഷം മുമ്പുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും എക്‌സൈസ് വകുപ്പില്‍. ജനസംഖ്യ വര്‍ധിച്ചതോ, കുറ്റകൃത്യങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നതോ ഒന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല. വലിയ പരിധിക്കുള്ളില്‍ ഓടിത്തളരുകയാണ് പലയിടങ്ങളിലും ജീവനക്കാര്‍.
നീലേശ്വരം എക്‌സൈസ് റെയിഞ്ച് ഓഫിസിന്റെ പരിധികൂടി കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും. പതിനൊന്ന് പഞ്ചായത്തുകളും നീലേശ്വരം മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് റെയിഞ്ച് ഓഫീസിന്റെ പരിധി. ഏഴിമല മുതല്‍ കൊന്നക്കാട് കോട്ടഞ്ചേരി വരെയുള്ള സ്ഥലങ്ങളാണ് ഈ റെയിഞ്ചിന്റെ പരിധിയില്‍ വരുന്നത്.
ഇവിടെയെല്ലാം ഓടിയെത്താന്‍ ആകെയുള്ളത് ഒരു ജീപ്പും. അഞ്ച് പൊലിസ് സ്‌റ്റേഷനുകളും, രണ്ടു സര്‍ക്കിള്‍ ഓഫിസുകളും ഉള്ള പരിധിയിലാണ് എക്‌സൈസിന്റെ ഈ ഏക ഓഫിസ്.
ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നാല് പ്രിവന്റീവ് ഓഫീസര്‍, 15 സിവില്‍ എക്‌സൈസ് ഓഫീസര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 21പേര്‍ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇത്രയേറെ ദൂര പരിധിയുള്ള റെയിഞ്ച് ഓഫീസില്‍ 21 ഉദ്യോഗസ്ഥര്‍ എന്ത് ചെയ്യും എന്നുള്ളതും വലിയ ചോദ്യമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് വ്യാജവാറ്റിനെതിരേ കഴിയാവുന്നിടത്തോളം നടപടികള്‍ ഇവര്‍ സ്വീകരിക്കുന്നുണ്ട്.
മലയോര മേഖലകളിലെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റുകേന്ദ്രങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വെള്ളരിക്കുണ്ട് ആസ്ഥാനമായി എക്‌സൈസ് റെയിഞ്ച് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് നടപ്പിലായാല്‍ തന്നെ വ്യാജമദ്യ നിര്‍മാണവും വില്‍പനയും ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."